ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ കാറായി സിട്രൺ എസ്‌യുവി! സംഭവം എന്താണെന്ന് പിടികിട്ടിയവരുണ്ടോ?
ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാലുകുത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചതുപോലെ വർക്കാവാതെ പോയതോടെ നിരാശയായിരുന്നു ഫലം. ആദ്യം കൊണ്ടുവന്ന C5 എയർക്രോസ് ശോഭിക്കാതെ വന്നതോടെ പിന്നീട് പ്രാദേശികമായി നിർമിക്കുന്ന മോഡലുകളിലായിരുന്നു കമ്പനിയുടെ പ്രതീക്ഷ. അതും കാര്യമായി ക്ലച്ചുപിടിച്ചില്ലെന്ന് വേണം പറയാൻ. ആദ്യ മോഡലുകളിൽ ലഭിച്ച നിരാശ മറ്റ് എസ്‌യുവികളുടെ ഭാവിയേയും ബാധിക്കുകയായിരുന്നു. കൊടുക്കുന്ന വിലയ്ക്കുള്ള മുതലാണ് സിട്രണിന്റെ വാഹനങ്ങൾ എന്നതിൽ സംശയമൊന്നും വേണ്ട. നല്ല സസ്പെൻഷനും എഞ്ചിൻ ഓപ്ഷനും റൈഡ് ക്വാളിറ്റിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്.
ഇതൊക്കെ സാധാരണ ജനങ്ങൾക്ക് മനസിലാക്കാൻ സമയമെടുക്കുമെങ്കിലും ഇപ്പോഴിതാ വിമാനത്താവളങ്ങളിലെ ചില ചുമതലകൾക്കായി സിട്രൺ C5 എയർക്രോസിനെ നിയമിച്ചിരിക്കുകയാണ്. അത് എന്തിനാണെന്ന് പറഞ്ഞുതരാം. വിമാനത്താവളങ്ങളിലെ ടാക്സിവേയിലോ റൺവേയിലോ ഒരു മഞ്ഞ എസ്‌യുവി പാഞ്ഞു പോകുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതെന്തിനാവുമെന്ന ചോദ്യവും പലരുടേയും മനസിൽ ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ടാവും അല്ലേ.

ഇതൊരു ഘർഷണ പരിശോധനാ കാറായിരിക്കാം (Friction Test Car). റൺവേകളിൽ സുരക്ഷ ഉറപ്പാക്കാനായാണ് ഇത്തരം വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഈ ചുമതല വഹിക്കാനായാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിയെ ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമായി നിർമിച്ച ഘർഷണ പരിശോധനാ ഉപകരണം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.
ഇന്ത്യൻ വിമാനത്താവളങ്ങൾ ഇതുവരെ പ്രധാനമായും ഇറക്കുമതി ചെയ്ത ഘർഷണ പരിശോധന വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഉദാഹരണത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ ഉപയോഗത്തിനായി വോൾവോ V90 മോഡലാണ് ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളിൽ സാബ് 9-5 വാഗണുകൾ ഈ ആവശ്യത്തിനായി ചുമതലപ്പെടുത്തിയിരുന്നു. വിദേശ നിർമാതാക്കളിൽ നിന്നാണ് വാഹനങ്ങൾ ഇറക്കുമതി ചെയ്‌തിരുന്നതും.

അതിനാൽ ബെംഗളൂരു വിമാനത്താവളത്തിൽ സിട്രൺ C5 എയർക്രോസ് എസ്‌യുവിയുടെ വരവ് വലിയൊരു നാഴികക്കല്ലായി അടയാളപ്പെടുത്താനാവും. ഇത് സാധാരണ ജനങ്ങൾക്ക് വാങ്ങാനാവുന്ന സ്റ്റാൻഡേർഡ് മോഡലിൽ നിന്നും ധാരാളം പരിഷ്ക്കാരങ്ങളോടെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒരുപാട് മാറ്റങ്ങളോടെയാണ് ഫ്രിക്ഷൻ ടെസ്റ്റ് കാറായി സിട്രൺ എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
റൺവേയിൽ ലഭ്യമായ ഗ്രിപ്പിന്റെ അളവ് മനസിലാക്കുന്നതിനായി പ്രത്യേക ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ പറക്കാൻ ഉപയോഗിക്കുന്നതുപോലുള്ള ഒരു ഡിപ്ലോയബിൾ വീൽ C5 എയർക്രോസിൽ കൊടുത്തിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് ട്രാക്ഷൻ ലെവലുകൾ അളക്കുന്നതിനുള്ള ഉപകരണത്തിന്റെ ഭാഗമാണ്. നനഞ്ഞ സാഹചര്യങ്ങളിൽ പരീക്ഷിക്കുന്നതിനായി ഒരു നോസൽ സിസ്റ്റവും കൊടുത്തിട്ടുണ്ട്.

700 ലിറ്റർ ഓൺബോർഡ് വാട്ടർ റിസർവോയർ നൽകുന്ന ടാർമാക്കിന് മുകളിൽ നിയന്ത്രിത 1 മില്ലീമീറ്റർ വെള്ളം സ്പ്രേ ചെയ്യുന്നു. മഴയുള്ള ലാൻഡിംഗ് സാഹചര്യങ്ങൾ അനുകരിക്കാനും മനസിലാക്കാനുമാണ് ഈ ഉപകരണം സഹായിക്കുക. റൺവേ ഹീറ്റ് ലെവലുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ടെംപ്രേച്ചർ സെൻസറിനൊപ്പം, എസ്‌യുവിയിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്‌ക്രീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
C5 എസ്‌യുവിയുടെ വിശാലമായ ഇന്റീരിയർ ഇത്തരം പ്രവർത്തനത്തെ ഒരു തരത്തിലും തടസപ്പെടുത്താതെ എല്ലാ ഉപകരണങ്ങളും ശരിയായ രീതിയിൽ തന്നെ ഉൾക്കൊള്ളാൻ അനുവദിക്കുകയും ചെയ്യും. വിമാനത്താവളങ്ങളിലെ റൺവേ ഫ്രിക്ഷൻ ടെസ്റ്റ് എന്തുകൊണ്ട് പ്രധാനമാണെന്ന് ചോദിച്ചാൽ സുരക്ഷിതമായ വിമാനയാത്ര ഉറപ്പാക്കുന്നതിൽ ഘർഷണ പരിശോധനകൾ നിർണായകമാണെന്നാണ് അതിനുള്ള ഉത്തരം.
പ്രത്യേകിച്ച് മഴക്കാലത്ത് വളരെ വഴുക്കലുള്ള റൺവേ നിയന്ത്രണം നഷ്ടപ്പെടുന്നതിനോ കൂടുതൽ ബ്രേക്കിംഗ് ദൂരത്തിനോ ഇടയാക്കും. മണിക്കൂറിൽ 65 കിലോമീറ്ററും 95 കിലോമീറ്ററും വേഗതയിൽ നടക്കുന്ന ഈ പരിശോധനകൾ റൺവേയിലെ ഗ്രിപ്പിനെക്കുറിച്ചുള്ള ഡാറ്റയാണ് നൽകുന്നത്. ഇവയെ ഗുഡ്, മീഡിയം/ഫെയർ പൂവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications








