ധോണിയല്ലേ ബ്രാൻഡ് അംബാഡിസർ അതിൻ്റെ ഐശ്വര്യം കാണിതിരിക്കില്ലല്ലോ, കാർ വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി സിട്രൺ
വലിയ മോഹങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). എന്നാൽ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വമ്പൻ പരാജയമായപ്പോൾ രാജ്യത്ത് നിന്നും കെട്ടുംകിടക്കയും എടുത്ത് സ്ഥലം കാലിയാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാക്ഷാൽ എംഎസ് ധോണിയെ (MS Dhoni) ബ്രാൻഡ് അംബാസിഡറായി നിയമിച്ച് കമ്പനി പോരാടാൻ ഉറപ്പിച്ചു. ഒപ്പം ബസാൾട്ട് (Basalt) എന്ന കൂപ്പെ എസ്‌യുവിയും പുറത്തിറക്കി ചീത്തപ്പേരുകളെല്ലാം മായിക്കാൻ ശ്രമിച്ചു. കൂടാതെ നിലവിലുണ്ടായിരുന്ന മോഡലുകളിലെ കുറവുകളെല്ലാം നികത്തി പുറത്തിറക്കാനും തുടങ്ങിയതോടെ ആളുകൾ ഷോറൂമിലെത്തി തുടങ്ങി.
ജിഎസ്‌ടി കട്ടും ഉത്സവ കാലവും ഒന്നിച്ചെത്തിയതോടെ സിട്രണിൻ്റെ കഷ്‌ടകാലമെല്ലാം അവസാനിച്ചിരിക്കുകയാണ്. വിൽപ്പനയിൽ വമ്പൻ കുതിപ്പുമായാണ് ഫ്രഞ്ച് ബ്രാൻഡ് ഒക്ടോബർ മാസത്തെ വിൽപ്പന അവസാനിപ്പിച്ചത്. മുഖ്യധാരാ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സിട്രൺ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണെങ്കിലും കഴിഞ്ഞ മാസം നേടിയെടുത്ത ലാഭം കമ്പനിക്ക് മൈലേജാവുമെന്നതിൽ സംശയമൊന്നുമില്ല.

കഴിഞ്ഞ മാസം വിൽപ്പന വാരാൻ സഹായിച്ചത് ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോഡലായ C3 ഹാച്ച്ബാക്കാണ്. നിലവിൽ ഇന്ത്യയിലെ വിൽപ്പന കണക്കുകളിൽ 13-ാം സ്ഥാനത്തുള്ള ഫ്രഞ്ച് പടയ്ക്ക് C3 ഹാച്ച്ബാക്ക്, C3 എയർക്രോസ് എസ്‌യുവി, ബസാൾട്ട് കൂപ്പെ എസ്‌യുവി, C5 എയർക്രോസ്, eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവ ഉൾപ്പെടുന്ന മോഡൽ നിരയാണുള്ളത്. ഇനി 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 1,426 കാറുകളാണ് സിട്രണിന് നിരത്തിലെത്തിക്കാനായത്.
ഇത് 2024 ഒക്ടോബറിൽ വിറ്റഴിച്ച 717 യൂണിറ്റുകളെ അപേക്ഷിച്ച് 99 ശതമാനം വാർഷിക വളർച്ചയാണ് കാണിക്കുന്നത്. 2025 സെപ്റ്റംബറിലെ 734 യൂണിറ്റുകളിൽ നിന്ന് പ്രതിമാസം വിൽപ്പനയും 94 ശതമാനമായി വളർന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടർന്ന് സിട്രണിൻ്റെ വാഹന നിരയിലുടനീളം വില പരിഷ്ക്കരണം നടത്തിയതും ഉത്സവകാല ഡിമാൻഡുമാണ് ഈ വർധനവിന് കാരണമായത്. വരുന്ന മാസങ്ങളിലും ഇതേവേഗം നിലനിർത്താൻ കമ്പനിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇനി മോഡൽ തിരിച്ചുള്ള കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ നോക്കിയാൽ 897 യൂണിറ്റുകളുമായി സിട്രൺ C3 ഹാച്ചാണ് ടോപ്പ് സെല്ലിംഗ് കാറായി മാറിയത്. 2024 ഒക്ടോബറിൽ 300 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ വാഹനത്തിന് 199 ശതമാനം വളർച്ചയും നേടായിട്ടുണ്ട്. അതേസമയം പ്രതിമാസ കണക്കുകളിലേക്ക് വന്നാൽ 2025 സെപ്റ്റംബറിൽ വിറ്റഴിച്ച 448 യൂണിറ്റുകളേക്കാൾ ഇരട്ടിയോളം കച്ചോടവും പിടിക്കുവാനായി.
സിട്രണിൻ്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡൽ എയർക്രോസാണ്. 227 യൂണിറ്റുകളാണ് പോയമാസം ഫ്രഞ്ച് ബ്രാൻഡ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം നിരത്തിലെത്തിച്ച 59 യൂണിറ്റുകളെ അപേക്ഷിച്ച് 285 ശതമാനം വളർച്ചയും എസ്‌യുവിക്ക് നേടിയെടുക്കാനായിട്ടുണ്ട്. 2025 സെപ്റ്റംബറിലെ 59 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ കണക്കുകളിലും 285 ശതമാനം നേട്ടമുണ്ടാക്കാൻ എയർക്രോസിനായി.

ബസാൾട്ട് 217 യൂണിറ്റുകൾ രേഖപ്പെടുത്തി കഴിഞ്ഞ വർഷത്തെ 221 യൂണിറ്റുകളിൽ നിന്ന് 2 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തിയത് ബ്രാൻഡിന് ആശങ്കയുണ്ടായിക്കിയിട്ടുണ്ട്. എന്നാൽ 2025 സെപ്റ്റംബറിലെ 210 യൂണിറ്റുകളെ അപേക്ഷിച്ച് 3 ശതമാനം വളർച്ചയാണ് നേടാനായിരിക്കുന്നത്. eC3 ഇലക്ട്രിക് കാറിൻ്റെ 83 യൂണിറ്റുകളും C5 എയർക്രോസിൻ്റെ 2 എണ്ണവും നിരത്തിലെത്തിക്കാനും മാത്രമാണ് സിട്രണിന് സാധിച്ചത്.
രണ്ട് മോഡലുകളുടെ വിൽപ്പനയിലും വലിയ മെച്ചമൊന്നുമില്ലെങ്കിലും ഇവി മോഡൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയെടുത്തത് ശ്രദ്ധേയമാണ്. എന്തായാലും ധോണി ബ്രാൻഡ് അംബാസിഡറായതോടെ കഷ്‌ടകാലം മാറിയെന്ന് വേണമെങ്കിൽ പറയാം. സിട്രൺ 2.0 എന്ന ബ്രാൻഡിൻ്റെ "ഷിഫ്റ്റ് ഇൻ ടു ദ ന്യൂ" തന്ത്രത്തിന് കീഴിൽ എയർക്രോസ് X, പുതിയ ബസാൾട്ട് X, C3X മോഡലുകൾ പുറത്തിറക്കി ഇമേജ് മെച്ചപ്പെടുത്താനിയിട്ടുണ്ട്.


Click it and Unblock the Notifications








