കുറഞ്ഞ വിലയിൽ നല്ല എസ്‌യുവികൾ ഇറക്കിയിട്ടും ഇന്ത്യക്കാർക്ക് മൈൻഡില്ല! ഏപ്രിലിൽ സിട്രൺ വിറ്റത് ആകെ 339 കാറുകൾ
ഇന്ത്യൻ വിപണിയിലേക്ക് ഏറെ പ്രതീക്ഷകളോടെ എത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളായിരുന്നു സിട്രൺ. ആദ്യ മോഡലായി ബ്രാൻഡിന്റെ പ്രീമിയം മോഡലായ C5 എയർക്രോസിനെ തന്നെ കൊണ്ടുവരാനും കമ്പനി തീരുമാനിച്ചു. ഇന്ത്യയിൽ അസംബിൾ ചെയ്‌ത് വിപണനം ചെയ്‌തതിനാൽ എതിരാളികളേക്കാൾ കൂടുതൽ വിലയായിരുന്നു കക്ഷിക്കുണ്ടായിരുന്നത് എന്ന ഒറ്റക്കാരണത്താൽ അധികമാരും മൈൻഡ് ചെയ്യാതെ പോയ മിടുക്കനായിരുന്നു ഈ സ്പോർട് യൂട്ടിലിറ്റി വാഹനം. ഇതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യയിൽ തന്നെ പ്രാദേശികമായി നിർമിച്ച C3 എന്ന എസ്‌യുവി സ്റ്റൈൽ ഹാച്ച്ബാക്കിനെയാണ് സിട്രൺ രണ്ടാമതായി പുറത്തിറക്കിയത്.
നിർമാണ ചെലവും വാഹനത്തിന്റെ വിലയും പിടിച്ചുനിർത്താനായി കമ്പനി എടുത്ത തീരുമാനങ്ങളെല്ലാം സത്യത്തിൽ പാളിപ്പോവുന്ന കാഴ്ച്ചയാണ് കാണാനായത്. ചെലവ് ചുരുക്കിന്റെ ഭാഗമായി കാറിൽ വരുത്തിയ വിട്ടുവീഴ്ച്ചകൾ തിരിച്ചടിയായി. മാരുതിയുടെ ചെറുകാറുകളിൽ പോലുമുള്ള ആവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കിയതോടെ ആ തന്ത്രവും പാളിപ്പോയി. എന്നാൽ ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി C3 മോഡലിലേക്ക് നവീകരണങ്ങൾ കൊണ്ടുവന്ന് അടിപൊളിയാക്കാൻ സിട്രൺ ശ്രമിച്ചിട്ടുണ്ട്.

അങ്ങനെ നിലവിൽ അടിപൊളിയൊരു വാഹനമായി ഇത് മാറിയിട്ടുണ്ട്. പിന്നാലെ എത്തിയ എയർക്രോസും ബസാൾട്ടും കിടിലൻ എസ്‌യുവികളായിരുന്നെങ്കിലും ആളുകൾ ഇരുവരേയും വേണ്ടരീതിയിൽ തിരിച്ചറിഞ്ഞില്ലെന്ന് വേണം പറയാൻ. ആയതിനാൽ വിൽപ്പനയുടെ കാര്യത്തിൽ ആശാൻമാർ അൽപം ക്ഷീണത്തിലാണ്. 2025 ഏപ്രിൽ മാസത്തെ കണക്കുകൾ എടുക്കുമ്പോൾ ഫ്രഞ്ച് ബ്രാൻഡിന് മൊത്തത്തിൽ 339 കാറുകൾ മാത്രമാണ് വിറ്റഴിക്കാനായത്.
ഇതിൽ C3 ഹാച്ചിന്റെ 110 യൂണിറ്റ്, eC3 ഇവിയുടെ 109 യൂണിറ്റ്, ബസാൾട്ട് കൂപ്പെയുടെ 66 യൂണിറ്റ്, C5 എയർക്രോസിന്റെ 54 യൂണിറ്റ് എന്നിവയുടെ വിൽപ്പനകളാണ് ഉൾപ്പെടുന്നത്. എയർക്രോസിന്റെ ഒരു യൂണിറ്റ് പോലും ഏപ്രിൽ മാസത്തിൽ വിറ്റഴിക്കാൻ സിട്രണിന് സാധിച്ചില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിലവിൽ 5 കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് ഇത്രയും കുറവ് വിൽപ്പന ലഭിക്കുന്നത് തീരാനഷ്‌ടമാണെന്നതിൽ സംശയമൊന്നും വേണ്ട.

കമ്പനിക്ക് ഇതുവരെ ഇന്ത്യയിൽ ശക്തമായി നിലയുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് എന്തുകൊണ്ടാണെന്ന് കൃത്യമായ ഉത്തരം നൽകാനും ആർക്കുമായേക്കില്ല. എന്തായാലും തങ്ങളുടെ മിടുക്കൻ കാറുകളെ എന്നെങ്കിലും ഇന്ത്യക്കാർ തിരിച്ചറിയുമെന്ന വിശ്വാസത്തിലാണ് സിട്രൺ മുന്നോട്ടുപോവുന്നത്. കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി ടാറ്റ മോട്ടോർസ് പോലുള്ള കമ്പനികൾ സ്വീകരിച്ച തന്ത്രവും അടുത്തിടെ സിട്രൺ എടുത്തിരുന്നു.
C3 ഹാച്ച്ബാക്ക്, എയർക്രോസ്, ബസാൾട്ട് എസ്‌യുവികളുടെ ബ്ലാക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിച്ചതാണ് സംഗതി. ലിമിറ്റഡ് എഡിഷനായി കൊണ്ടുവന്നിരിക്കുന്ന മോഡലുകൾ അവയുടെ ടോപ്പ്-എൻഡ് വേരിയന്റുകളിൽ മാത്രമാവും തെരഞ്ഞെടുക്കാനാവുക. കറുപ്പിനോട് ഇന്ത്യക്കാർക്ക് പ്രത്യേക താത്പര്യമുള്ളതും വാഹനങ്ങൾക്ക് സ്പോർട്ടി ലുക്ക് ലഭിക്കുന്നതും കച്ചോടം പിടിക്കാൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സിട്രൺ C3 ഡാർക്ക് എഡിഷന് 8,38,300 രൂപയും എയർക്രോസ് ഡാർക്ക് എഡിഷന് 13,13,300 രൂപയും, ബസാൾട്ട് ബ്ലാക്ക് എഡിഷന് 12,80,000 രൂപയുമാണ് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇവയുടെ സ്റ്റാൻഡേർഡ് ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 19,500 രൂപ മുതലാണ് അധികം മുടക്കേണ്ടി വരികയെങ്കിലും മോഡലുകൾക്ക് വല്ലാത്തൊരു ആകർഷണം കറുപ്പ് നിറം സമ്മാനിക്കുന്നുണ്ട്.
മൂന്ന് മോഡലുകളുടെയും എക്സ്റ്റീരിയർ പെർല നേര ബ്ലാക്ക് കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഗ്രില്ലിലെ ഡാർക്ക് ക്രോം ഫിനിഷുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, സിട്രണിന്റെ ഷെവ്‌റോൺ ബാഡ്ജ് എന്നിവ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇതോടൊപ്പം ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും അധിക ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് എസ്‌യുവികൾക്ക് അന്യായ റോഡ് പ്രസൻസുമാണ് സമ്മാനിക്കുന്നത്.

ഇന്റീരിയറിലും ചെറിയ നവീകരണങ്ങളുണ്ട് കേട്ടോ. സിട്രൺ ബ്ലാക്ക് എഡിഷൻ കാറുകളിൽ കാർബൺ ബ്ലാക്ക് ഇന്റീരിയർ കളർ ഓപ്ഷനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. കോൺട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗ്, ലെതറെറ്റ് സീറ്റ് കവറുകൾ പോലുള്ള അധിക അലങ്കാരങ്ങളും സിട്രൺ C3 ഡാർക്ക് എഡിഷൻ, എയർക്രോസ് ഡാർക്ക് എഡിഷൻ, ബസാൾട്ട് ബ്ലാക്ക് എഡിഷന്റെ അകത്തളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മോഡലുകളുടെ പ്രധാന സ്ഥലങ്ങളിലെല്ലാം ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ചിട്ടുണ്ട് കമ്പനി. ലെതറെറ്റ് പൊതിഞ്ഞ ഇൻസ്ട്രുമെന്റ് പാനലും ഹൈലൈറ്റായി എറിച്ചുനിൽക്കുന്നുണ്ട്. കസ്റ്റം സീറ്റ് അപ്ഹോൾസ്റ്ററി, യുണീക് ഡാർക്ക് ക്രോം ട്രിം പീസുകൾ തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും സിട്രണിന്റെ ഡാർക്ക് എഡിഷൻ കാറുകൾ വഹിക്കുന്നുണ്ട്. കൊടുക്കുന്ന വിലയ്ക്കുള്ള മുതലാണ് സിട്രണിന്റെ വാഹനങ്ങൾ എന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








