ടാറ്റയും എംജിയും ഒരുങ്ങിക്കോ, പുനർജന്മമെടുക്കാൻ ഫിയറ്റ് പുന്തോ... ചെറിയൊരു ട്വിസ്റ്റും ഉണ്ടാവുമെന്ന് മുതലാളി
വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയെങ്കിലും ഇപ്പോഴും വലിയ ആരാധകവൃന്ദമുള്ള വാഹന നിർമാതാക്കളാണ് ഫിയറ്റ്. പുന്തോയും അബാർത്തും ലിനിയയുമൊക്കെ നമ്മുടെ നിരത്തുകൾ ഭരിച്ചിരുന്ന കാലം ആർക്കും അങ്ങനെ പെട്ടെന്ന് മറക്കാനൊക്കില്ലല്ലോ. മറക്കാൻ ശ്രമിച്ചാലും ഒരുകാലത്ത് മാരുതി സ്വിഫ്റ്റ് പോലുള്ള ജനപ്രിയ കാറുകൾക്ക് കൊടുത്തിരുന്ന കുഞ്ഞൻ ഡീസൽ എഞ്ചിൻ മാത്രം മതി ഫിയറ്റിനെ ഓർമിക്കാൻ. ഇന്ത്യയിൽ മാത്രമല്ല കേട്ടോ, ലോക കാർ വിപണിയുടെ ചരിത്രത്തിൽ തന്നെ പ്രത്യേക സ്ഥാനമുള്ളവരാണ് ഫിയറ്റ്. 1964-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് 2019-ലാണ് ഇവിടെ നിന്നും പടിയിറങ്ങുന്നത്.
ഫിയറ്റ് എന്ന് പറയുമ്പോഴേ വാഹനപ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പുന്തോ എന്ന തട്ടുപൊളിപ്പൻ ഹാച്ച്ബാക്കായിരിക്കും. ഫിയറ്റിന്റെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു പുന്തോ. ഡീസൽ എഞ്ചിനും നല്ല നിർമാണ നിലവാരവും പെർഫോമൻസും മൈലേജുമെല്ലാമാണ് കാറിനെ ആളുകളിലേക്ക് അടുപ്പിച്ചത്. ഫോക്‌സ്‌വാഗൺ പോളോയുമായി കട്ടയ്ക്ക് നിൽക്കുന്നവനായിരുന്നു പുന്തോ. 2009-ൽ പുറത്തിറങ്ങിയ പുന്തോ 2018 വരെ നിർമാണത്തിലുണ്ടായിരുന്നു.

സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഒരിടയ്ക്ക് വാഹനത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ മെയിന്റനെൻസ് അൽപം കൂടുതലായിരുന്നുവെന്ന് പലരും പരാതി പറയാൻ തുടങ്ങിയതോടെ അക്കാര്യത്തിനും ഒരു തീരുമാനമായി. എന്നാൽ ഇപ്പോഴിതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഫിയറ്റ് പുന്തോയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തവണ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയായിരിക്കില്ല പുന്തോ പുനർജന്മമെടുക്കുക.
പകരം വൈദ്യുത വാഹനങ്ങളുടെ യുഗത്തിൽ കാലുകുത്തുമ്പോൾ ഇലക്ട്രിക്കായി മാറാനാണ് പുന്തോയുടെ ലക്ഷ്യം. ഫിയറ്റ് സിഇഒ ഒലിവിയർ ഫ്രാങ്കോയിസാണ് പുന്തോയെ ഇവിയായി പുനർജനിപ്പിക്കാനുള്ള ആശയം മുമ്പോട്ടുവെച്ചിരിക്കുന്നത്. എന്നാൽ ശരിയായ വിപണി സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ലോഞ്ച് സാധ്യമാകൂവെന്നും ഒരു അഭിമുഖത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇലക്ട്രിക് ഹാച്ച്ബാക്കുകൾക്ക് ഗണ്യമായ ഡിമാൻഡ് ഉണ്ടെങ്കിൽ മാത്രമേ പുന്തോ ഇലക്ട്രിക് പദ്ധതിക്ക് പ്രായോഗികത ഉണ്ടാകൂവെന്നും വിപണി ആ ദിശയിലേക്ക് നീങ്ങുകയാണെങ്കിൽ ഉചിതമായ ഉൽപ്പന്നങ്ങളുമായി ബ്രാൻഡ് മുമ്പോട്ട് വരുമെന്നും ഫ്രാങ്കോയിസ് പറഞ്ഞു. നിലവിൽ ഇലക്ട്രിക് വിഭാഗത്തെ നയിക്കുന്നത് സെഡാനുകളും എസ്‌യുവികളുമാണ്. 2024-ൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ, ഒരു ഹാച്ച്ബാക്ക് പോലുമില്ലെന്നതാണ് യാഥാർഥ്യം.
എന്നാൽ ഇന്ത്യയിൽ ടിയാഗോ ഇവി, കോമെറ്റ് ഇവി പോലുള്ള കുഞ്ഞൻ ഇലക്ട്രിക് ഹാച്ച്ബാക്കുകൾക്ക് വലിയ ഡിമാന്റുണ്ട് താനും. എന്നിരുന്നാലും ഇന്ത്യക്ക് വേണ്ടി മാത്രം ഫിയറ്റ് പുന്തോ ഇവി പുറത്തിറക്കാൻ തയാറായേക്കില്ല. ഇനി ഭാവിയിൽ ഇലക്ട്രിക് ഹാച്ച്ബാക്കായി പുനർജന്മമെടുത്താൽ STLA സ്മോൾ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാവും വാഹനം നിർമിക്കാൻ സാധ്യത. പ്യൂഷോ 208, ഒപെൽ കോർസ, ലാൻസിയ യ്പ്സിലോൺ തുടങ്ങിയ സബ്‌കോംപാക്റ്റ് ഹാച്ച്ബാക്കുകളിൽ കാണപ്പെടുന്നതുപോലെ ഇത് CMP പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പാണ്.
നിലവിൽ ഇതെല്ലാം ആശയമായി പേപ്പറിൽ തന്നെയിരിക്കുകയാണെങ്കിലും പുന്തോ ഇവി പുറത്തിറക്കാൻ തീരുമാനിച്ചാൽ വാഹന വിപണിക്ക് അതൊരു മുതൽക്കൂട്ടായിരിക്കും. 2017-ലാണ് പുന്തോയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിക്കുന്നത്. 6.31 ലക്ഷം മുതൽ 7.48 ലക്ഷം വരെയായിരുന്നു വിപണിയിൽ നിന്നും പടിയങ്ങിയ കാലത്ത് കാറിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.
93 bhp കരുത്തിൽ പരമാവധി 209 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ, 68 bhp പവറിൽ 96 Nm torque വികസിപ്പിച്ചിരുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഓപ്ഷനുകളായിരുന്നു കാറിന്റെ ഹൃദയം. എന്തായാലും പുന്തോയുടെ രണ്ടാംവരവിന് സാധ്യത ഒരുങ്ങുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഇന്ത്യക്കാരായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








