വഴിയിൽ കിടക്കില്ലെന്ന് ഫോഴ്‌സിന്റെ ഉറപ്പ്! ട്രാവലർ, അർബാനിയ, ഗൂർഖ മോഡലുകൾ ഇനി കണ്ണുംപൂട്ടി വാങ്ങിക്കാം
ട്രാവലറിൽ (Traveller) യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും അല്ലേ. പാസഞ്ചർ കാറുകൾ മുതൽ കൊമേഴ്‌സ്യൽ വാഹനങ്ങൾ വരെ നിർമിക്കുന്നതിൽ പേരുകേട്ടവരാണ് ഫോഴ്‌സ് മോട്ടോർസ് (Force Motors). ട്രാവലറിന്റെ വ്യത്യസ്‌ത വേരിയന്റുകൾ കൊണ്ടുവന്ന് ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനമാനങ്ങൾ നേടിയ കമ്പനി എസ്‌യുവി രംഗത്തും മികവ് കാട്ടിയിട്ടുണ്ട്. ഹാർഡ്കോർ ഓഫ്-റോഡർമാർക്കിടയിൽ വമ്പൻ ഫാൻബേസുള്ള ഗൂർഖയിലൂടെയാണ് കമ്പനി പാസഞ്ചർ സെഗ്മെന്റിൽ പിടിച്ചുനിൽക്കുന്നത്. പഴയ മോഡലുകളെ അപേക്ഷിച്ച് ഗൂർഖയിപ്പോൾ ഒന്നാന്തരം ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയിട്ടുമുണ്ട്. എങ്കിലും മഹീന്ദ്ര ഥാറിന്റെ നിഴലിലായിപ്പോവാനായിരുന്നു ഗൂർഖയുടെ വിധി.
എങ്കിലും പോരാടാനുറച്ച് മുന്നേറുന്ന ഫോഴ്‌സ് ആളുകളെ കൈയിലെടുക്കാൻ പലവിധത്തിലുള്ള തീരുമാനങ്ങളും കൈക്കൊള്ളുന്നുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ തങ്ങളുടെ വാഹനങ്ങൾ വിശ്വസിച്ച് വാങ്ങുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ട്രാവലർ, ട്രാക്സ്, മോണോബസ്, അർബാനിയ, ഗൂർഖ എന്നീ എല്ലാ വാഹന ശ്രേണികളിലും മൂന്ന് വർഷത്തെ സൗജന്യ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിൽ ഇത്തരത്തിലൊരു സമഗ്ര റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമാതാക്കളാണ് ഫോഴ്‌സ് മോട്ടോർസ് ലിമിറ്റഡ്. ഉടമസ്ഥാവകാശ അനുഭവം മികച്ചതാക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് തടസമില്ലാത്ത മൊബിലിറ്റി ഉറപ്പാക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് എടുത്തുകാണിക്കുന്നത്.
ബ്രേക്ക്ഡൌണുകൾ, അപകടങ്ങൾ അല്ലെങ്കിൽ മറ്റ് റോഡ്സൈഡ് പ്രശ്നങ്ങൾ എന്നിവ ഉണ്ടായാൽ 24 മണിക്കൂറും സഹായം ഉറപ്പുനൽകുന്നതിലൂടെ വ്യക്തികൾക്കും ഫ്ലീറ്റ് ഉടമകൾക്കും മനസമാധാനം നൽകുക എന്നതാണ് പുതുതായി ആരംഭിച്ച RSA പ്രോഗ്രാം ലക്ഷ്യമിടുന്നത്. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും ലഭ്യമായ ഈ സേവനത്തിൽ ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു സമർപ്പിത ടോൾ-ഫ്രീ ഹെൽപ്പ്‌ലൈൻ വഴി ടോവിംഗ്, ഓൺ-സൈറ്റ് മെയിന്റനെൻസ്, ആക്‌സിഡന്റ് അസിസ്റ്റൻസ്, അടിയന്തര ഏകോപനം എന്നിവ ഉൾപ്പെടുന്നു.

ഫോഴ്‌സിന്റെ വാണിജ്യ ഉപഭോക്താക്കൾക്ക് വളരെ പ്രധാനപ്പെട്ടതും പ്രവർത്തനരഹിതമായ സമയവും പ്രവർത്തന നഷ്ടവും കുറയ്ക്കുന്നതിനാണ് RSA കവറേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അടുത്തുള്ള അംഗീകൃത വർക്ക്‌ഷോപ്പിലേക്ക് 100 കിലോമീറ്റർ വരെ സൗജന്യമായി വെഹിക്കിൾ ടോവിംഗ്, ഓൺ-സൈറ്റ് മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ റിപ്പയർ, ആക്സിഡന്റ് റിക്കവറി അസിസ്റ്റൻസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിലൂടെ ലഭിക്കും.
നിയമപരവും വൈദ്യപരവുമായ റഫറലുകൾ, ഹോട്ടൽ അല്ലെങ്കിൽ ടാക്സി കോർഡിനേഷൻ, യാത്രാ കാലതാമസമുണ്ടായാൽ വാഹന കസ്റ്റഡി എന്നിവ പോലുള്ള മൂല്യവർദ്ധിത പിന്തുണയും പ്രോഗ്രാം നൽകുന്നു. വാണിജ്യ വിഭാഗത്തിൽ അപൂർവമായ ഒരു ഉൾപ്പെടുത്തലായി ഇന്ത്യയിലെ മുൻനിര വാൻ നിർമാതാക്കളായ ഫോഴ്‌സ് മോട്ടോർസ് ലിമിറ്റഡിന്റെ സമഗ്ര റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാം മാറുമെന്നതിൽ സംശയമൊന്നും വേണ്ട.

എന്തായാലും ഗൂർഖ വാങ്ങിയാലോയെന്ന് ആലോചിക്കുന്നവർക്കും RSA സംവിധാനം വഴി ബ്രാൻഡിലേക്ക് അടുക്കാനാവും. രാജ്യത്തെ ലൈഫ്-സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായി സാന്നിധ്യം ആണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത മോഡലാണ് ഗൂർഖ. ഏത് കുന്നും മലയും താണ്ടാൻ കഴിവുള്ള ആശാൻ സാക്ഷാൽ മഹീന്ദ്ര ഥാറുമായാണ് മത്സരിക്കുന്നത്.
സെഗ്‌മെന്റ് പുനര്‍നിര്‍വചിക്കാനാവശ്യമായ സാങ്കേതിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗൂർഖ 5 ഡോർ പതിപ്പിലും 3 ഡോര്‍ പതിപ്പിലും വരെ ഇപ്പോൾ വാങ്ങാനാവും. അണ്ടർറേറ്റഡ് ആയിട്ട് വിപണിയിൽ തുടരുന്നതിനാൽ ആരും കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം. 140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗൂർഖയുടെ ഹൃദയം. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തുറ്റ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
എസ്‌യുവിയില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ലഭിക്കുമെന്നതിനാൽ എവിടെയും ധൈര്യമായി കൊണ്ടുപോവാനാവും. സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി ഇത് നിയന്ത്രിക്കാനാകും. എന്നാൽ മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് ഗൂർഖയിൽ നിലവിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതുവരെ ഫോഴ്‌സ് മോട്ടോർസ് വാഹനത്തിലേക്ക് എത്തിച്ചിട്ടില്ല.


Click it and Unblock the Notifications








