മാരുതി ഇ വിറ്റാരയെ തകർക്കാൻ ഇന്ത്യയിൽ നിർമിക്കുന്ന ഹോണ്ടയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി
പഴയ പ്രതാപമൊന്നുമില്ലാതെ ഇന്ത്യൻ വിപണിയെ നോക്കി ആകെ നിരാശരായിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. അമേസ്, സിറ്റി, എലിവേറ്റ് എന്നിവരൊന്നും വിൽപ്പനയിൽ അങ്ങ് കത്തിക്കയറാത്തത് കമ്പനിക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എങ്കിലും പോരാട്ടം ഒരിക്കലും അവസാനിപ്പിക്കാൻ ഹോണ്ട തയാറല്ല. ഭാവിയിലേക്ക് കൂടുതൽ മോഡലുകൾ കൊണ്ടുവന്ന് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് ബ്രാൻഡ്. ടാറ്റ മോട്ടോർസ്, എംജി, മഹീന്ദ്ര എന്നീ വമ്പൻമാർ അരങ്ങുവാഴുന്ന വൈദ്യുത വാഹന രംഗത്ത് കൂടി ഭാഗ്യ പരീക്ഷണം നടത്താനാണ് ഹോണ്ട തയാറെടുക്കുന്നത്.
അതിന്റെ ആദ്യപടിയെന്ന പോലെ 2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ ഹോണ്ട ആൽഫ ഇലക്ട്രിക് എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ നെക്സ്റ്റ് ജെൻ ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ചുള്ള ഒരു കാഴ്ച്ചയാണ് ഈ വാഹനം നൽകുന്നത്. ബ്രാൻഡിന്റെ ഇലക്ട്രിക് ഹോണ്ട 0 സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ഇന്ത്യയേയും ഉദ്ദേശിച്ചുള്ള മോഡലാണെന്നതാണ് പ്രത്യേകത.

സിറ്റി ഡ്രൈവിംഗും ഔട്ട്ഡോർ വൈവിധ്യവും സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹോണ്ട ആൽഫ ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതോടൊപ്പം കാര്യക്ഷമവുമായ ഘടന, ഭാരം കുറഞ്ഞ നിർമാണം, അഡ്വാൻസ്‌ഡ് ഇന്റലിജന്റ് സിസ്റ്റങ്ങൾ എന്നിവയ്ക്കും ഇവി പ്രാധാന്യം നൽകുന്നുണ്ട്. 2027 ഓടെ ഈ പ്രൊഡക്ഷൻ പതിപ്പ് ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജപ്പാനും ഇന്ത്യയുമായിരിക്കും പുതിയ ഹോണ്ട കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രാഥമിക വിപണികൾ എന്നാണ് വിവരം. അടുത്ത വർഷം കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വലിയ ഹോണ്ട 0 എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമായി ആൽഫ എസ്‌യുവി ഇന്ത്യയിലാവും നിർമിക്കുക. ഷാർപ്പ് റാക്ക് ചെയ്ത ഫ്രണ്ട്, വെർട്ടിക്കൽ റിയർ വിൻഡ്‌സ്‌ക്രീനുകൾ, കട്ടിയുള്ള C-പില്ലർ, ബൂട്ട് സ്‌പോയിലർ എന്നിവയെല്ലാം മനോഹരമാണ്.

ഹെഡ്‌ലൈറ്റുകൾ, ഇലുമിനേറ്റഡ് ഹോണ്ട എംബ്ലം, ചാർജിംഗ് പോർട്ട് കവർ,പിന്നിൽ, യു ആകൃതിയിലുള്ള ഒരു ലൈറ്റ് ബാർ ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, റിവേഴ്സ് ലൈറ്റുകൾ എന്നിവയും എക്സ്റ്റീരിയറിന്റെ ചന്തമാണ്. ഹോണ്ട ആൽഫ കൺസെപ്റ്റ് ഇലകട്രിക് എസ്‌യുവിയുടെ ഇന്റീരിയർ അല്ലെങ്കിൽ സാങ്കേതിക വിശദാംശങ്ങൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അകത്തളമെല്ലാം മോഡേൺ ആയിരിക്കും.
പ്രൊഡക്ഷൻ-സ്പെക്ക് ആൽഫ എസ്‌യുവിയിൽ ഹോണ്ട രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നും രണ്ടിലും എൽഎഫ്‌പി ബാറ്ററികൾ ഉണ്ടായിരിക്കുമെന്നും ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാണിതെന്നും കമ്പനി പറഞ്ഞു. കൃത്യമായ ബാറ്ററി ശേഷി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവ മത്സരാധിഷ്ഠിതമായിരിക്കുമെന്നും 65kWh-75kWh യൂണിറ്റുകൾ ആയിരിക്കുമെന്നും ബ്രാൻഡ് പരാമർശിച്ചിട്ടുണ്ട്.

തുടക്കത്തിൽ ഹോണ്ട ആൽഫ എസ്‌യുവി ഒരു സിംഗിൾ-മോട്ടോർ, ഫ്രണ്ട്-വീൽ ഡ്രൈവ് ഇവിയായിട്ടായിരിക്കും അവതരിപ്പിക്കുക. മോഡൽ വിപണിയിലെത്തുമ്പോൾ പ്രൊഡക്ഷൻ-സ്പെക്ക് ഹോണ്ട ആൽഫ എസ്‌യുവി ഇന്ത്യയിൽ മാത്രമല്ല, ആഗോള വിപണികളിലും മാരുതി ഇ വിറ്റാരയുമായി നേരിട്ട് മത്സരിക്കും. ഇന്ത്യയിലെ ഹോണ്ട ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് എതിരാളികളിൽ മഹീന്ദ്ര BE 6, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി എന്നിവ ഉൾപ്പെടും. ഹോണ്ട ഇവിയുടെ ഏകദേശ വില 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








