ആദായ വിൽപ്പന അവസാനിപ്പിച്ച് കമ്പനി, 19.46 കി.മീ. മൈലേജുള്ള കാർ പോർച്ചിലെത്തിക്കുക ഇനി അത്ര എളുപ്പമാവില്ല
ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ കിങായ മാരുതി സുസുക്കി ഡിസയറിന്റെ ഏറ്റവും വലിയ എതിരാളിയാണ് ഹോണ്ട അമേസ്. പെട്രോളിലും ഡീസലിലും എല്ലാം ലഭ്യമായിരുന്നപ്പോൾ ഇന്ത്യക്കാരെ കൈയിലെടുത്തിരുന്ന മോഡലിന് ഇപ്പോൾ പഴയ പ്രതാപമില്ലെങ്കിലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ADAS ഫീച്ചറുള്ള കാറാണ് അമേസ് ഇന്ന്. ഡീസലിനെ ഒഴിവാക്കി പൂർണമായും പെട്രോളിലേക്ക് ഒതുങ്ങിക്കൂടിയ വാഹനം അടുത്തിടെ മുഖംമിനുക്കി വിപണിയിൽ എത്തിയിരുന്നു. V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പുത്തൻ ഹോണ്ട അമേസിന് 8 ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വിലയും നിശ്ചയിച്ചിരുന്നത്.
ഇപ്പോഴിതാ തങ്ങളുടെ കോംപാക്‌ട് സെഡാന്റെ വില വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ജനുവരി 31 വരെ സാധുതയുണ്ടായിരുന്ന പ്രാരംഭ വിലനിർണയം അവസാനിച്ചതോടെയാണ് പുതിയ അമേസിൻ്റെ വില വർധിപ്പിച്ചത്. 2025 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വില പരിഷ്ക്കാരം കാറിന്റെ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 30,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.

അമേസിന്റെ ടോപ്പ് എൻഡ് ZX മാനുവൽ, ZX സിവിടി ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് 30,000 രൂപയോളം ഉയർത്തിയിരിക്കുന്നത്. അതേസമയം ബേസ് മോഡൽ ഉൾപ്പടെയുള്ള മറ്റ് ട്രിമ്മുകൾക്ക് 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലാണ് വില വർധന ലഭിച്ചിരിക്കുന്നത്. ZX മാനുവൽ വേരിയൻ്റിലെ കളർ പ്രീമിയം ഹോണ്ട നീക്കം ചെയ്തു. അങ്ങനെ ഈ മോഡലിന്റെ വില 10 ലക്ഷം രൂപയിൽ താഴെയാണെന്ന് ഉറപ്പാക്കാനും കമ്പനിക്കായിട്ടുണ്ട്.
വില വർധനവ് പ്രകാരം പുത്തൻ ഹോണ്ട അമേസിന് 8.09 ലക്ഷം രൂപ മുതൽ 11.19 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. ഇതൊഴികെ കാറിൽ മറ്റ് നവീകരണങ്ങളോ മാറ്റങ്ങളോ ലഭിക്കുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സബ്-4 മീറ്റർ സെഡാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 90 bhp പവറിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. ഡീസൽ നിർത്തലാക്കിയെങ്കിലും മൈലേജിന്റെ കാര്യത്തിൽ പുതിയ ഹോണ്ട അമേസ് ഇപ്പോഴും കിടിലമാണ് കേട്ടോ. ഡെസാമ്റെ മാനുവൽ ഗിയർബോക്‌സിന് 18.65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം സിവിടിയിൽ 19.46 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഹോണ്ട അമേസിനൊപ്പം 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് ലഭ്യമാവുന്നത്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജ് തെരഞ്ഞെടുക്കുന്നവർക്ക് 7 വർഷത്തേക്കും അൺലിമിറ്റഡ് കിലോമീറ്ററുകളിലേക്കും വാറണ്ടി ലഭ്യമാണ്. ഇതുകൂടാതെ പുത്തൻ മോഡൽ സ്വന്തമാക്കുന്നവർക്കായി 10 വർഷം വരെ എപ്പോൾ വേണമെങ്കിലും വാറണ്ടിയും റോഡ്സൈഡ് അസിസ്റ്റൻസും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയൻ്റ് റെഡ് മെറ്റാലിക് എന്നീ കളർ ഓപ്ഷനുകളാണ് ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയിൽ ലഭ്യമാവുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ അമേസില്‍ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് കാണാനാവുക.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS എന്നിവയാൽ വാഹനം സമ്പന്നമാണ്. പുതിയ അമേസ് 416 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ഒരുക്കിയിരിക്കുന്നതിനാൽ ഇക്കാര്യത്തിലും ആള് മിടുക്കനാണ്.


Click it and Unblock the Notifications








