അന്യായ കംഫർട്ട്, 10 വർഷം വാറണ്ടി, 20 KM മൈലേജ്; ഹോണ്ടയുടെ ഫാമിലി കാറിൻ്റെ കച്ചോടം ഉയരങ്ങളിലേക്ക്
സബ്-4 മീറ്റർ സെഡാൻ സെഗ്മെൻ്റിലെ ഡോണായ മാരുതി സുസുക്കി ഡിസയറിൻ്റെ ഏറ്റവും വലിയ എതിരാളിയായി എക്കാലവും അറിയപ്പെടുന്ന മോഡലാണ് ഹോണ്ട അമേസ്. പണ്ടത്തെ പ്രതാപമില്ലെങ്കിലും അടുത്തിടെ ന്യൂജെൻ ആയി വിപണിയിലെത്തിയ കാറിനെ ആളുകൾ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. പണ്ട് ഡീസൽ എഞ്ചിൻ വരെയുണ്ടായിരുന്ന കാർ ഇപ്പോൾ പെട്രോളിൽ മാത്രമാണ് വാങ്ങാനാവുന്നതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ടെന്നതാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ സന്തോഷം. സിറ്റി പോലുള്ള ഇതിഹാസ മോഡലുകളുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ ഹോണ്ടയുടെ ആശ്വാസമാണ് അമേസ് (Honda Amaze Sedan).
കഴിഞ്ഞ മാസം അതായത് 2025 ഒക്ടോബറിൽ 3,630 യൂണിറ്റുകളുടെ വിൽപ്പനയാണ് അമേസ് ഹോണ്ടയ്ക്കായി നേടിക്കൊടുത്തത്. 2024 ഒക്ടോബറിൽ വിറ്റഴിഞ്ഞ 2,393 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ കോംപാക്‌ട് സെഡാന് 52 ശതമാനത്തിൻ്റെ വർധനവാണ് കൈവരിക്കാനായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ADAS ഫീച്ചറുള്ള കാറിനെ ആളുകൾ അത്രവേഗം കൈയൊഴിയില്ലെന്നതിൻ്റെ തെളിവാണ് ഈ വിൽപ്പന കണക്കുകൾ.

ഉത്സവ സീസണും ജിഎസ്ടിയുമായി ബന്ധപ്പെട്ട വിലക്കുറവുമായിരിക്കാം അമേസിൻ്റെ കച്ചോടം വർധിക്കാൻ കാരണമായിരിക്കുന്നത്. ജിഎസ്‌ടി ഇളവുകൾ ലഭിച്ചതിനോട് അനുബന്ധിച്ച് 1.20 ലക്ഷം വരെ വിലക്കുറവാണ് സെഡാന് ലഭിച്ചത്. V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പുത്തൻ ഹോണ്ട അമേസിന് നിലവിൽ 7.49 ലക്ഷം രൂപ മുതൽ 10.00 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
എലിവേറ്റിലൂടെ പരിചിതമായൊരു മുൻവശമാണ് ന്യൂജെൻ അമേസിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ഒരുങ്ങിയിരിക്കുന്നത്. മുൻവശത്ത് വലിയ ഗ്രില്ലും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് പ്രധാന ഹൈലൈറ്റ്. വശക്കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമായ രൂപഘടന തന്നെയാണുള്ളതെങ്കിലും 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളുമാണ് കോംപാക്‌ട് സെഡാനിൽ ഒരുക്കിവെച്ചിരിക്കുന്നത്.

പിന്നിലെ വിംഗ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ മൊത്തത്തിൽ ഒരു പ്രീമിയം കാർ ഫീൽ നൽകാൻ അമേസിന്റെ എക്സ്റ്റീരിയറിന് സാധിക്കുന്നുണ്ട്. ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ എന്നീ കളർ ഓപ്ഷനുകളിലാണ് ഹോണ്ടയുടെ കുഞ്ഞൻ സെഡാൻ എത്തുന്നത്.
ഇൻ്റീരിയറാണ് ഹോണ്ട അമേസിനെ നല്ലൊരു ഫാമിലി കാറാക്കി മാറ്റുന്നത്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS എന്നിവയാൽ വാഹനം സമ്പന്നമാണ്. പുതിയ അമേസ് 416 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ഒരുക്കിയിരിക്കുന്നതിനാൽ ആവശ്യത്തിന് ലഗേജ് കയറ്റിവെക്കാനും ഇടം ലഭിക്കും.

പരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിൻ്റെ ഹൃദയം. ഇത് 90 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിൽ പുതിയ സബ്-4 മീറ്റർ സെഡാൻ മിടുക്കനാണ്.
പെട്രോൾ മാനുവലിന് 18.65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം സിവിടിയിൽ 19.46 കിലോമീറ്റർ മൈലേജും ലഭിക്കും. അമേസിനൊപ്പം 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജ് തെരഞ്ഞെടുക്കുന്നവർക്ക് 7 വർഷത്തേക്കും അൺലിമിറ്റഡ് കിലോമീറ്ററുകളിലേക്കും വാറണ്ടി ലഭ്യമാണ്. ഇതുകൂടാതെ പുത്തൻ മോഡൽ സ്വന്തമാക്കുന്നവർക്കായി 10 വർഷം വരെ എപ്പോൾ വേണമെങ്കിലും വാറണ്ടിയും റോഡ്സൈഡ് അസിസ്റ്റൻസും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








