പഴയതായാലും ഫാൻസുണ്ടായിരുന്നു! ഇനിയീ ഒന്ന് മാത്രമേ വാങ്ങാൻ കിട്ടൂ, അമേസ് നിർത്തലാക്കാൻ തീരുമാനിച്ച് ഹോണ്ട
എസ്‌യുവികളുടെ പ്രതാപത്തിന് മുന്നിൽ പാപ്പരായി പോയ മോഡലുകളാണ് സെഡാനുകൾ. ഒന്നാന്തരം യാത്രാ സുഖവും നല്ല മൈലേജുമുള്ള കോംപാക്‌ട് സെഡാനുകൾക്ക് പോലും കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നതാണ് സത്യം. ഹ്യുണ്ടായി ഓറയും ടാറ്റ ടിഗോറുമെല്ലാം ക്ഷീണിച്ചിരിക്കുമ്പോൾ മാരുതി ഡിസയറും ഹോണ്ട അമേസും (Honda Amaze) മറുവശത്ത് മോശമാക്കാതെ പിടിച്ചുനിൽക്കുന്നുണ്ട്. ആരു കണ്ടാലും വാങ്ങിപ്പോവുന്ന രണ്ട് കാറുകളും ഇന്ത്യക്കാരുടെ മനസിൽ പണ്ടേ കയറിക്കൂടിയ ഇതിഹാസങ്ങളാണ്. അടുത്തിടെ രണ്ട് മോഡലുകളും പുതുതലമുറ ആവർത്തനങ്ങളിലേക്ക് ചേക്കേറി മത്സരം മുറുക്കുകയും ചെയ്‌തു.
ഇപ്പോഴിതാ ഹോണ്ട അമേസ് നിർത്തലാക്കിയ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പക്ഷേ പുതുതലമുറ മോഡലല്ല കേട്ടോ, പകരം ഇതിനൊപ്പം വിപണനം ചെയ്‌തിരുന്ന അമേസിന്റെ രണ്ടാം തലമുറയായ പഴയ പതിപ്പിനെയാണ് കമ്പനി നിർത്തലാക്കിയിരിക്കുന്നത്. 2024 ഡിസംബറിൽ മൂന്നാം തലമുറ അമേസ് പുറത്തിറക്കിയ സമയത്ത് പുതിയ മോഡലിനൊപ്പം സബ് കോംപാക്‌ട് സെഡാന്റെ രണ്ടാം തലമുറ പതിപ്പും വിൽക്കുമെന്ന് കാർ നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് അഞ്ച് മാസക്കാലം വിപണനം തുടർന്നതിന് ശേഷമാണ് പഴയ അമേസിന്റെ കച്ചോടം ഹോണ്ട അവസാനിപ്പിച്ചിരിക്കുന്നത്. പുതുതലമുറയെ അവതരിപ്പിച്ചതിന് ശേഷം മോഡലിനെ S, VX എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് കമ്പനി ഇന്ത്യയിൽ വിപണനം ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഔദ്യോഗിക പേജിൽ നിന്നും VX വേരിയന്റ് ഒഴിവാക്കിയിട്ടുണ്ട്.
2024 ഹോണ്ട അമേസ് ശ്രേണിയ്‌ക്കൊപ്പം 2021 ഹോണ്ട അമേസിന്റെ S ട്രിം ലെവൽ മാത്രമേ ഇനി മുതൽ വാങ്ങാനാവൂ. അധികം വൈകാതെ ഈയൊരു സിംഗിൾ വേരിയന്റ് കൂടി നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചാലും അതിശയിക്കാനൊന്നുമില്ല. 2018-ലാണ് രണ്ടാം തലമുറ ഹോണ്ട അമേസ് ആദ്യമായി പുറത്തിറക്കുന്നത്. തുടർന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം സെഡാന്റെ മുഖംമിനുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി ഇന്ത്യക്കായി സമ്മാനിച്ചു.

അക്കാലത്ത് ഹോണ്ട അമേസ് E, S, VX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്തിരുന്നത്. 2023-ൽ കോംപാക്‌ട് സെഡാന്റെ E വേരിയന്റ് നിർത്തലാക്കി. ഇപ്പോൾ VX വേരിയന്റും നിർത്തലാക്കുന്നതോടെ രണ്ടാം തലമുറ അമേസ് S ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. ഇവയുടെ വിലയുടെ കാര്യമെടുത്താൽ മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയ്ക്ക് യഥാക്രമം 7.63 ലക്ഷവും 8.53 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.
89 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 2021-ലാണ് അവസാന നവീകരണം ലഭിച്ചതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും ഇപ്പോഴും കുറവുകളൊന്നും വരുത്താതെയാണ് സെഡാൻ വിപണനത്തിന് എത്തുന്നത്. S വേരിയന്റിൽ ഓക്സ്-ഇൻ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്റഗ്രേറ്റഡ് 2DIN LCD സ്ക്രീൻ ഓഡിയോ സിസ്റ്റം ഉണ്ട്.

ഇതുകൂടാതെ സ്റ്റിയറിംഗ്-മൗണ്ടഡ് ഓഡിയോ, ഹാൻഡ്സ്-ഫ്രീ ടെലിഫോൺ കൺട്രോൾ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കപ്പ്ഹോൾഡറുള്ള റിയർ സെന്റർ ഫോൾഡബിൾ ആംറെസ്റ്റ്, ഫ്രണ്ട്, റിയർ ആക്സസറി സോക്കറ്റുകൾ, ട്രങ്ക് ലിഡ് ലൈനിംഗ്, മാനുവൽ പതിപ്പുകൾക്കുള്ള ലെതർ ഗിയർ ലിവർ ബൂട്ട്, ഒരു അസിസ്റ്റന്റ് സൈഡ് വാനിറ്റി മിറർ, ഡ്യുവൽ-ടോൺ ബ്ലാക്ക് ബീജ് നിറമുള്ള ഇൻസ്ട്രുമെന്റ് പാനൽ എന്നിവയാണ് അമേസ് S വേരിയന്റിലെ മറ്റ് ഫീച്ചറുകൾ.
ഇനി 2024 ഡിസംബറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഹോണ്ട അമേസ് വാങ്ങാനിരിക്കുന്നവർക്കാണെങ്കിൽ V, VX, ZX എന്നീ മൂന്ന് വേരിയന്റ് ലെവലുകളിൽ കാർ തെരഞ്ഞെടുക്കാനാവും. 8.19 ലക്ഷം മുതൽ 11.20 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന മോഡലിന് 89 bhp പവറിൽ 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്.

2024 അമേസിന്റെ ഏറ്റവും വലിയ പ്രത്യേകത ADAS സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണിത് എന്നതാണ്. എൽഇഡി ലൈറ്റിംഗ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 6-സ്പീക്കർ സൗണ്ട് സിസ്റ്റവും ലെയ്ൻ വാച്ച് ക്യാമറ എന്നിവ പോലുള്ള ഫീച്ചറുകളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








