നിലനിൽപ്പിനായി ഹോണ്ടയും ആ തീരുമാനം എടുത്തു, പത്രാസുള്ള കാർ വാങ്ങണമെങ്കിൽ കൂടുതൽ മുടക്കാൻ റെഡിയായിക്കോ
ഹോണ്ട എന്ന ജാപ്പനീസ് വാഹന നിർമാതാക്കളെ ഇഷ്‌ടമല്ലാത്തവർ പൊതുവേ കുറവായിരിക്കും. സിറ്റി, സിവിക്, അമേസ്, ബ്രിയോ, BR-V അങ്ങനെ കുറെയേറ കിടുക്കൻ കാറുകൾ ഇന്ത്യക്കാർക്കി സമ്മാനിച്ച ബ്രാൻഡ് പൊതുവേ ഒരു സ്റ്റാറ്റസ് സിമ്പൽ കൂടിയാണ്. ഹോണ്ട കാറുകൾ പൊതുവേ ഉപയോഗിക്കുന്നത് മാന്യമാരാണെന്ന വെയ്പ്പും വണ്ടിഭ്രാന്തൻമാർക്കിടയിൽ നിലനിൽക്കുന്ന കാര്യമാണ്. നിലവിൽ വലിയ മോഡൽ നിരയൊന്നും അവകാശപ്പെടാനില്ലെങ്കിലും അമേസ്, സിറ്റി, എലിവേറ്റ് എന്നീ മൂവർസംഘം തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട്. വിൽപ്പന വർധിപ്പിക്കാനായി മോഡൽ നിരയിൽ അടിക്കടി ഓഫറുകളും ആനുകൂല്യങ്ങളും നൽകാനും ഹോണ്ട ശ്രമിക്കാറുണ്ട്.
എന്നാൽ ഇപ്പോഴിതാ ഞെട്ടിക്കുന്നൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, കിയ, ഹ്യുണ്ടായി തുടങ്ങിയ കാർ നിർമാതാക്കളുടെ പാത പിന്തുടർന്ന് ഹോണ്ട കാർസ് ഇന്ത്യയും 2025 ഏപ്രിൽ മുതൽ രാജ്യത്തെ പാസഞ്ചർ വാഹനങ്ങൾക്ക് വില വർധനവ് നടപ്പിലാക്കാൻ പോവുന്നതാണ് ആ വാർത്ത. അടുത്ത മാസം മുതൽ പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമാവുന്നതിനോട് അനുബന്ധിച്ചാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെയും പ്രവർത്തന ചെലവുകളുടെയും ആഘാതം ഭാഗികമായി നികത്തുന്നതിനായി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയുടെയും വില വർധിപ്പിക്കുമെന്ന ജാപ്പനീസ് കാർ നിർമാതാക്കളുടെ പ്രഖ്യാപനം പലരും പ്രതീക്ഷിച്ചിരുന്നതാണ്. ഈ വർഷം ഹോണ്ട നടത്തുന്ന രണ്ടാമത്തെ വില പരിഷ്ക്കാരമായിരിക്കുമിത്. മുമ്പ് ഈ വർഷം ജനുവരിയിലാണ് ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില രണ്ട് ശതമാനം വരെ വർധിപ്പിച്ചത്.
എന്നിരുന്നാലും ഇത്തവണ ഹോണ്ട തങ്ങളുടെ കാറുകളുടെ വില എത്രത്തോളം കൂട്ടുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ ഉൾക്കൊള്ളാനുള്ള ശ്രമങ്ങൾക്കിടയിലും ചെറിയ വില വർധനവ് ഒഴിവാക്കാനാവാത്തതായി മാറിയെന്നും ആയതിനാൽ ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു.

തെരഞ്ഞെടുക്കുന്ന മോഡലും വേരിയന്റും അനുസരിച്ച് വില വർധനവ് വ്യത്യാസപ്പെടുമെന്നതും ശ്രദ്ധിക്കണം. അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ്, എലിവേറ്റ് എന്നിവയുൾപ്പെടെ എല്ലാ ഹോണ്ടയുടെ മോഡലുകൾക്കും വില വർധനവ് ബാധകമാകുമെന്നും ബെഹൽ കൂട്ടിച്ചേർത്തു. ഇന്ത്യൻ വിപണിയിലെ മറ്റ് പ്രമുഖ കാർ നിർമാതാക്കളെല്ലാം സമാനമായ നടപടികൾ സ്വീകരിച്ചുവരുന്ന സമയത്താണ് ഹോണ്ടയുടെ വില പ്രഖ്യാപനവും.
മാരുതി സുസുക്കി ഇന്ത്യയിൽ ഏകദേശം നാല് ശതമാനം വില വർധനവാണ് നടപ്പിവാക്കാൻ പോവുന്നത്. 2025 കലണ്ടർ വർഷത്തിൽ മാരുതി നടത്തുന്ന മൂന്നാമത്തെ വില പരിഷ്ക്കാരമാണിത്. എന്തായാലും ഇത്തരം നടപടികളൊന്നും വിൽപ്പനയെ കാര്യമായി ബാധിക്കാനിയില്ല. എന്തായാലും വില വർധനവിന് മുമ്പ് ഹോണ്ടയുടെ ഏതെങ്കിലും കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ ഇതുതന്നെയാണ് ഏറ്റവും നല്ല സമയം.

സിറ്റി, എലിവേറ്റ്, സിറ്റി ഹൈബ്രിഡ് മോഡലുകൾക്ക് ഹോണ്ട മാർച്ച് മാസത്തേക്കായി 90,000 രൂപ വരെ വിലയുള്ള ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. 'മാർച്ച് എൻഡ് ബൊനാൻസ' സ്കീം എന്നുപേരിട്ടിരിക്കുന്ന ഓഫറുകളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഡീലുകൾ എന്നിവയാണ് കാർ വാങ്ങാനെത്തുന്നവർക്ക് ഉപയോഗപ്പെടുത്താനാവുക. കാറുകൾക്ക് 7 വർഷത്തെ വാറണ്ടിയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 4 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ലഭിക്കുക. ഇതുകൂടാതെ 8 വർഷത്തെ ഉറപ്പായ ബൈബാക്ക് പ്രൈസ് പ്രോഗ്രാമും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ടെന്നതും ആരേയും ആകർഷിക്കുന്ന കാര്യമാണ്. സിറ്റിയുടെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ മോഡലുകൾ വാങ്ങുന്നവർക്ക് മാർച്ച് മാസത്തിൽ മൊത്തം 73,300 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉപയോഗപ്പെടുത്താനാവുക.

ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റും നല്ല വിലക്കുറവോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഈ മാസം കൈവന്നിരിക്കുന്നത്. 86,100 വരെയുള്ള ഓഫറുകളാണ് വാഹനത്തിനൊപ്പം ഉപയോഗപ്പെടുത്താനാവുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് സിറ്റി സെഡാനാണ് നോക്കുന്നതെങ്കിൽ 90,000 രൂപ ഓഫറായി പ്രയോജപ്പെടുത്താം. ഏറ്റവും പുതിയ അമേസിന് ഈ മാസം ആനുകൂല്യങ്ങളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ലെന്നതും പ്രത്യേകം ഓർമിക്കണേ.


Click it and Unblock the Notifications








