മമ്മൂട്ടിയെ പോലെ രാകിയാൽ ഇനിയും മിനുങ്ങും, പത്രാസുള്ള കാറിൻ്റെ മുഖംമിനുക്കാൻ കമ്പനി; വരുന്നത് അടുത്ത വർഷം
ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രാ സുഖവും പത്രാസും നൽകുന്നൊരു കാറാണ് ഹോണ്ട സിറ്റി. സെഡാനുകളുടെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന മോഡലിന് പ്രത്യേക ഫാൻബേസാണുള്ളത്. പുതിയത് കാര്യമായി വിറ്റഴിയുന്നില്ലെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിലെല്ലാം സിറ്റിക്കുള്ള ഡിമാൻ്റ് ഒന്ന് വേറെ തന്നെയാണ്. ആദ്യ തലമുറ മുതൽ ഇങ്ങോട്ട് നാലാം തലമുറ വരെയുള്ള മോഡലുകൾ വലിയ വിജയം കെയ്യുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ എസ്‌യുവികളുടെ വരവോടെ പ്രതാപത്തിന് ചെറിയ മങ്ങൽ ഏറ്റിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ ഇതിനെയെല്ലാം മറികടക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.
എന്താണന്നല്ലേ, സിറ്റിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഹോണ്ടയിപ്പോൾ. 2020-ൽ പുറത്തിറങ്ങിയ പ്രീമിയം സെഡാൻ്റെ അഞ്ചാം തലമുറ ആവർത്തനത്തിന് 2023-ലാണ് അവസാനമായി മുഖംമിനുക്കൽ ലഭിക്കുന്നത്. വിൽപ്പനയിൽ ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കൾ കാറിലേക്ക് പുതുമകൊണ്ടുവരാൻ ഒരുങ്ങുകയാണ്. വരുന്ന വർഷം സെഡാൻ്റെ പുതുമോഡൽ വിപണയിലെത്തുമെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

തുടർന്ന് 2028-ൽ ആറാം തലമുറ മോഡൽ വരുന്നതുവരെ ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാവും വിപണനത്തിന് എത്തുക. ഡിസൈനിൽ എന്തെങ്കിലും പുതുമ കൊണ്ടുവന്ന് പ്രതാപം തിരിച്ചുപിടിക്കാൻ മോഡലിനാവുമോയെന്നത് കണ്ടറിയണം. സിവിക് പോലുള്ള ആഗോള മോഡലുകളുമായി പൊരുത്തപ്പെടുന്ന രൂപമായിരിക്കും 2026 സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാവുക. പുതുക്കിയ ഗ്രിൽ, ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ-ലൈറ്റുകൾ, അലോയ് വീലുകൾ എന്നിവയായിരിക്കും കാറിൽ ഇത്തവണയുണ്ടാവുക.
2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉൾഭാഗം പുതിയ ട്രിം പീസുകൾ, അപ്ഹോൾസ്റ്ററി തുടങ്ങിയ ചെറിയ മാറ്റങ്ങളെയാവും ഉൾക്കൊള്ളുക. മൊത്തത്തിലുള്ള ഇൻ്റീരിയർ ലേഔട്ടും ഫീച്ചറുകളും വലിയതോതിൽ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. എലിവേറ്റിലെന്നപോലെ ഒരു ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ കൂടി ചേർക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കൊടുക്കുന്ന പൈസയ്ക്ക് കൂടുതൽ മൂല്യം നൽകാൻ സിറ്റിക്കാവും.

SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന ഹോണ്ട സിറ്റിക്ക് നിലവിൽ 11.95 ലക്ഷം മുതൽ 16.07 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതുക്കിയ മാറ്റങ്ങളോടെ എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് വില ചെറുതായി വർധിക്കാൻ സാധ്യതയുണ്ട്. എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കുമെങ്കിലും മെക്കാനിക്കലായി കാർ നിലവിലെ മോഡലിലേത് പോലെ തന്നെ തുടർന്നേക്കും.
V-TEC വേരിയബിൾ വാൽവ് ടൈമിംഗുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനും തുടിപ്പേകാൻ എത്തുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 120 bhp കരുത്തിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇതോടൊപ്പം സിറ്റിയുടെ ഹൈബ്രിഡ് മോഡലും ഉണ്ടാവും.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം. ഇസിവിടി ട്രാൻസ്മിഷനുമായി മാത്രം വരുന്ന ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 126 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാനാവും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡ്രൈവിംഗ് സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്
സിറ്റിക്ക് പുറമെ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ എതിരാളികളും അടുത്ത വർഷം മുഖംമിനുക്കി സി-സെഗ്മെൻ്റ് സെഡാൻ നിരയിലേക്ക് എത്തും. ആയതിനാൽ ഈ നിരയിലെ മത്സരം കൂടുതൽ രസകരമാവുകയും ചെയ്യും. ഒരേ വില നിലവാരമുള്ളതിനാൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളോടും സിറ്റിക്ക് മാറ്റുരയ്ക്കേണ്ടതായുണ്ട്.


Click it and Unblock the Notifications








