ഫുൾടാങ്ക് പെട്രോളിൽ 1,000 കിലോമീറ്റർ ഓടുന്ന ഹോണ്ട കാറിന് വില കൂടി, 29,900 രൂപ അധികം മുടക്കാൻ റെഡിയായിക്കോ
എലിവേറ്റ് എസ്‌യുവിയിലൂടെ കച്ചോടം തിരിച്ചുപിടിച്ച് നഷ്‌ടക്കണക്കുകളെല്ലാം നികത്തി മുന്നേറിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എന്നാൽ കഴിഞ്ഞ മാസം കമ്പനിക്ക് അത്ര നല്ല മാസമല്ലായിരുന്നുവെന്ന് വേണം പറയാൻ. വിൽപ്പനയുടെ കാര്യത്തിൽ നഷ്‌ടങ്ങൾ സംഭവിച്ച മാസമാണ് കടന്നുപോയത്. എന്നാൽ ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ച് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബ്രാൻഡിപ്പോൾ. പക്ഷേ ഇതിനിടയിൽ മോഡൽ നിരയിലെ സുപ്രധാനമായ കാറുകളിൽ ഒന്നിന് വില വർധനവ് നടപ്പിലാക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഹോണ്ട. മറ്റേതുമല്ല സിറ്റി ഹൈബ്രിഡ് മിഡ്-സൈസ് സെഡാനാണ് ഇനി മുതൽ പഴയ വിലയ്ക്ക് വാങ്ങാൻ സാധിക്കാത്തത്.
മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാരയെല്ലാം ഹൈബ്രിഡ് ടെക്നോളജി കൊണ്ടുവരുന്നതിന് മുമ്പേ ഇന്ത്യയിലെ മാസ് മാർക്കറ്റ് വിപണിയിലേക്ക് സ്ട്രോംഹ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിച്ച കാറായിരുന്നു ഹോണ്ട സിറ്റി. തുടക്കത്തിൽ നല്ല രീതിയിൽ വിറ്റഴിച്ചിരുന്നുവെങ്കിലും പിന്നീട് പതിയെ കച്ചോടം ഇടിഞ്ഞുതുടങ്ങിയ കാറിന് ഇപ്പോൾ വില കൂടിയത് കമ്പനിക്ക് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.

സിറ്റി ഹൈബ്രിഡ് എന്നറിയപ്പെടുന്ന സിറ്റി e:HEV വേരിയന്റിന്റെ വില ഹോണ്ട കാർസ് ഇന്ത്യ വർധിപ്പിച്ചതിന്റെ വ്യക്തമായ കാരണം വെളിപ്പെടുത്തിയിട്ടുമില്ല കേട്ടോ. ഹ്യുണ്ടായി വെർണയുടെ എതിരാളിയായ ZX വേരിയന്റിലാണ് വില വർധനവ് ഉടനടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സിറ്റി ഹൈബ്രിഡിന്റെ എക്സ്ഷോറൂം വിലയിൽ 29,900 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.
ഇതോടെ കാറിന്റെ പുതിയ എക്സ്ഷോറൂം വില 20.85 ലക്ഷം രൂപയായി ഉരുകയും ചെയ്‌തു. 2022-ൽ പുറത്തിറങ്ങിയ ഹോണ്ട സിറ്റി e:HEV മോഡലിന് അന്ന് 19.50 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. മൂന്ന് വർഷങ്ങൾക്കിപ്പുറം ഏകദേശം 1.35 ലക്ഷം രൂപയോളമാണ് ഉയർന്നിരിക്കുന്നത്. കാറിനെ V, ZX എന്നീ രണ്ട് വേരിയന്റുകളിലാണ് അന്ന് വിപണനത്തിന് എത്തിച്ചിരുന്നതെങ്കിലും പിന്നീട് V പതിപ്പിനെ നിരയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഹൈബ്രിഡ് കാറിന്റെ ബേസ് മോഡൽ നിർത്തലാക്കിയതോടെ സിറ്റി e:HEV ZX എന്ന ഒരൊറ്റ വേരിയന്റിൽ മാത്രമേ ഇപ്പോൾ സ്വന്തമാക്കാനാവൂ. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇസിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 126 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകാനുമാവും.
ഹോണ്ട സിറ്റി ഹൈബ്രിഡിലെ ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ മൈലേജ് കൂടാനും ഇത് സഹായിക്കും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27.1 കിലോമീറ്റർ മൈലേജും 1,000 കിലോമീറ്റർ റേഞ്ചുമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

വില അൽപം കൂടുതലാണെന്ന് തോന്നുമെങ്കിലും അന്യായ യാത്രാ സുഖവും അടിപൊളി ഡ്രൈവിംഗ് കംഫർട്ടുമാണ് കാറിൽ ലഭിക്കുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റൻ്റ് ഇൻ്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം ഹോണ്ട കണക്റ്റ്, ഇലക്ട്രിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, തുടങ്ങി നിരവധി ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.
സേഫ്റ്റിയിലും സിറ്റി ഹൈബ്രിഡ് വേറെ ലെവലാണെന്ന് കമ്പനി ഉറപ്പുവരുത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നപേരിൽ അറിയപ്പെടുന്ന ADAS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ വാച്ച് ക്യാമറകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഐസോഫിക്സ് പിൻ സീറ്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ORVM-മൌണ്ടഡ് ലെയ്ൻ വാച്ച് ക്യാമറകൾ, കൂടാതെ മറ്റു പല നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും മിഡ്-സൈസ് സെഡാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








