26.5 കിലോമീറ്റർ മൈലേജും അന്യായ യാത്രാസുഖവും, എന്നിട്ടും ഹോണ്ടയുടെ അന്തസുള്ള കാർ വാങ്ങിയത് ആകെ 646 പേർ
എസ്‌യുവികളുടെ വരവോടെ പണ്ടത്തെ പ്രതാപമെല്ലാം നഷ്‌ടപ്പെട്ട് ക്ഷയിച്ചിരിക്കുന്ന ഇല്ലക്കാരാണ് സെഡാനുകളുടേത്. യാത്രാ സുഖവും സ്പേസും എല്ലാം കൊണ്ട് ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വപ്‌ന വാഹനങ്ങളായിരുന്നു ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകൾ. അക്കൂട്ടത്തിൽ ഏറ്റവും ജനകീയൻമാരിൽ ഒരാളാണ് ഹോണ്ട സിറ്റി. കൃത്യമായ തലമുറ മാറ്റങ്ങളിലൂടെ ഇന്നും വിപണിയിൽ പിടിച്ചുനിൽക്കുന്ന സിറ്റി എത്രകാലം ഇവിടെ ഇനിയും ഉണ്ടാവുമെന്ന കാര്യം വ്യക്തമല്ല. കാരണം 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ തന്നെയാണ്. കഴിഞ്ഞ മാസം മൊത്തത്തിൽ 4,050 കാറുകളുടെ വിൽപ്പനയായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ സമ്പാദ്യം.
ഇതിൽ ഹോണ്ട സിറ്റിയുടെ സംഭാവന വെറും 646 യൂണിറ്റുകൾ മാത്രമായിരുന്നു. 2024 ജൂലൈയിൽ വിറ്റഴിട്ട 957 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ സെഡാന്റെ വിൽപ്പനയിൽ ഏകദേശം 32 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളിലൊന്നായി അരങ്ങുവാഴാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും കുറച്ച്കാലമായി കാര്യങ്ങളൊന്നും ഹോണ്ടയുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് കൈയിൽ നിൽക്കുന്നില്ലെന്നതാണ് സത്യം.

പണ്ട് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തിയിരുന്നത് ഹോണ്ട സിറ്റിയുടെ പ്ലസ് പോയിന്റായിരുന്നുവെങ്കിലും പിന്നീട് രാജ്യത്ത് നടപ്പിലാക്കിയ മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ എഞ്ചിനെ കമ്പനി ഒഴിവാക്കിയിരുന്നു. തുടർന്ന് സ്ട്രോംഗ് ഹൈബ്രിഡ് ഹൃദയം കൊണ്ട് വിടവ് നികത്താൻ ശ്രമിച്ചുവെങ്കിലും ഉയർന്ന വില കാരണം പലരും അടുത്തതുമില്ല.
നിലവിൽ SV, V, VX, ZX എലഗന്റ് എഡിഷൻ എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ഹോണ്ടയുടെ സി-സെഗ്മെന്റ് സെഡാന് 12.42 ലക്ഷം രൂപ മുതൽ 16.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഗംഭീര യാത്രാ സുഖം, സുഖപ്രദമായ ഇന്റീരിയറുകൾ, റെസ്‌പോൺസിവ് എഞ്ചിൻ എന്നിവയ്ക്ക് പേരുകേട്ട സിറ്റി ഇപ്പോഴും ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ വിട്ടുവീഴ്ച്ചയും വരുത്താതെയാണ് വിപണിയിലെത്തുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും അത്ര മോശക്കാരനല്ലെന്നത് കൊടുക്കുന്ന കാശ് വസൂലാക്കുന്ന കാര്യമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സൺറൂഫ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് സി-സെഗ്മെന്റ് സെഡാൻ വന്നിരിക്കുന്നത്. സേഫ്റ്റിയിലും വിട്ടുവീഴ്ച്ച ചെയ്യാൻ കമ്പനി തയാറായിട്ടില്ല. 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS സാങ്കേതികവിദ്യ എന്നിവയെല്ലാം സിറ്റിയുടെ ഭാഗമാണ്.
1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിയുടെ ഹൃദയം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ നൽകാനാവും. സിവിടി ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് സിറ്റി പെട്രോൾ 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത് എന്നതും ആകർഷകമായ സംഗതിയാണ്.

ഇനി ഈ ഇന്ധനക്ഷമത പോരെന്ന് പറുന്നവർക്ക് ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണവും ഹോണ്ട നൽകുന്നുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം. ഇസിവിടി ട്രാൻസ്മിഷനുമായി മാത്രം വരുന്ന ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 126 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാനാവും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
ഡ്രൈവിംഗ് സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയോടാണ് മത്സരിക്കുന്നത്. ഒപ്പം ഒരേ വില നിലവാരമുള്ളതിനാൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളോടും സിറ്റിക്ക് മാറ്റുരയ്ക്കേണ്ടതായുണ്ട്.


Click it and Unblock the Notifications








