അന്തസും യാത്രാ സുഖവുമുള്ള ഹോണ്ട കാറിന്റെ കച്ചോടം പകുതിയായി കുറഞ്ഞു, പോയ മാസം വാങ്ങിയത് വെറും 406 പേർ
ഒരുകാലം വരെ ഇന്ത്യക്കാർക്ക് കാറുകളെന്നാൽ സെഡാനുകളായിരുന്നു അവസാനവാക്ക്. ഒന്നാന്തരം യാത്രാ സുഖവും പ്രീമീയം ഫീലും മൈലേജുമെല്ലാം തരുന്ന ഒരുപാട് സെഡാനുകളാൽ സമ്പന്നവുമായിരുന്നു നമ്മുടെ വാഹന വിപണി. എന്നാൽ എസ്‌യുവിയെന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായതോടെ പലരും ഈ ത്രീ-ബോക്‌സ് ടൈപ്പ് മോഡുകളെ പൂർണമായും കൈയൊഴിഞ്ഞു. ഇന്ന് പുത്തനൊരു കാർ വാങ്ങാൻ പ്ലാനിട്ടാൽ ഭൂരിഭാഗം ആളുകളും എസ്‌യുവി മതിയെന്ന് തീരുമാനിക്കുന്നവരാണ്. എങ്കിലും ഒരു വിഭാഗം ഇപ്പോഴും സെഡാനുകളെ സ്നേഹിക്കുന്നുണ്ട്. ഹോണ്ട സിറ്റി പോലുള്ള സെഡാനുകൾക്ക് പ്രത്യേക ഫാൻബേസുള്ള കാര്യമൊന്നും എടുത്തുപറയേണ്ടതില്ലല്ലോ.
പക്ഷേ ഈ ഫാൻബേസ് ഒന്നും ഹോണ്ട സിറ്റിയുടെ കച്ചോടത്തിൽ പ്രതിഫലിക്കുന്നില്ലല്ലോയെന്ന നിരാശയിലാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ. 2025 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സെഡാന്റെ കച്ചോടം പകുതിയിലേറെ കുറഞ്ഞിരിക്കുകയാണ്. വാർഷികാടിസ്ഥാനത്തിൽ 50.73 ശതമാനത്തിന്റെ ഇടിവാണ് സിറ്റി നേരിടുന്നത്. പോയ മാസം 406 യൂണിറ്റുകളുടെ വിപണനമാണ് കാറിനെ തേടിയെത്തിയത്.

കൃത്യം ഒരു വർഷം മുമ്പ്, അതായത് 2024 ഏപ്രിലിൽ ഹോണ്ട സിറ്റിക്ക് ആകെ 824 യൂണിറ്റ് കച്ചോടമായിരുന്നു നേടാനായത്. ഏറെ നാളുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളിലൊന്നായി അരങ്ങുവാഴാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും കുറച്ച്കാലമായി കാര്യങ്ങളൊന്നും ഹോണ്ടയുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് കൈയിൽ നിൽക്കുന്നില്ലെന്ന് വേണം പറയാൻ. അതിന് തെളിവാണ് സിറ്റിയുടെ വിൽപ്പനയിലെ ഈ ഇടിവ്.
പണ്ട് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തിയിരുന്നത് സിറ്റിയുടെ പ്ലസ് പോയിന്റായിരുന്നുവെങ്കിലും പിന്നീട് രാജ്യത്ത് നടപ്പിലാക്കിയ മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ എഞ്ചിൻ കമ്പനി ഒഴിവാക്കിയിരുന്നു. തുടർന്ന് സ്ട്രോംഗ് ഹൈബ്രിഡ് ഹൃദയം കൊണ്ട് വിടവ് നികത്താൻ ശ്രമിച്ചുവെങ്കിലും ഉയർന്ന വില കാരണം പലരും അടുത്തില്ലെന്ന് പറയുന്നതാവും ശരി.

നിലവിൽ SV, V, VX, ZX എലഗന്റ് എഡിഷൻ എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ വരുന്ന ഹോണ്ട സിറ്റിക്ക് 12.42 ലക്ഷം രൂപ മുതൽ 16.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഗംഭീര യാത്രാ സുഖം, സുഖപ്രദമായ ഇന്റീരിയറുകൾ, റെസ്‌പോൺസിവ് എഞ്ചിൻ എന്നിവയ്ക്ക് പേരുകേട്ട പ്രീമിയം സെഡാൻ ഇന്നും ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ വിട്ടുവീഴ്ച്ചയും വരുത്താതെയാണ് വിപണിയിലെത്തുന്നത്.
121 bhp കരുത്തിൽ 145 Nm torque നൽകുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് സെഡാനുള്ളത്. സിവിടി ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് സിറ്റി പെട്രോൾ 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം.

ഇസിവിടി ട്രാൻസ്മിഷനുമായി മാത്രം വരുന്ന ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 126 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാനാവും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡ്രൈവിംഗ് സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലും അത്ര മോശക്കാരനല്ല സെഡാൻ. കാറിന്റെ ഇന്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സൺറൂഫ് തുടങ്ങിയ സവിശേഷതകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS സാങ്കേതികവിദ്യ എന്നിവയും ഹോണ്ടയുടെ 5 സീറ്റർ മോഡലിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയോടാണ് മത്സരിക്കുന്നത്. ഒപ്പം ഒരേ വില നിലവാരമുള്ളതിനാൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളോടും ആശാന് മത്സരിക്കേണ്ടതായി വരുന്നുണ്ട്. നഷ്ടക്കച്ചവടമില്ലാതെ സിറ്റി കുറച്ച് വർഷങ്ങൾ കൂടി രാജ്യത്ത് തുടരാനാവുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications








