പറഞ്ഞ വാക്ക് പാലിക്കും, അവതരണത്തിന് മുമ്പേ ക്യാമറ കണ്ണിൽ കുടുങ്ങി ഹോണ്ടയുടെ പെർഫോമൻസ് ഹാച്ച്ബാക്ക്

ഇന്ത്യക്കാരിലേക്ക് വീണ്ടും അടുക്കാനുള്ള ശ്രമത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. അമേസ്, സിറ്റി, എലിവേറ്റ് എന്നീ മൂന്ന് മോഡലുകൾ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ടെങ്കിലും ഭാവി കാര്യങ്ങൾ നോക്കുമ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് ഹോണ്ട മനസിലാക്കിയിട്ടുണ്ട്. അതിൻ്റെ ഭാഗമായി പുതുപുത്തൻ മോഡലുകൾ രാജ്യത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. പുതുതായി പത്തോളം കാറുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിട്ടിരിക്കുന്നത്. അതിൽ ഏറ്റവും ഹൈപ്പ് സിവിക്കിൻ്റെ തിരിച്ചുവരവിനാണ് സൃഷ്‌ടിക്കാനാവുക. ഒരിടയ്ക്ക് സിറ്റിയേക്കാൾ സ്വീകാര്യതയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് സെഡാൻ മോഡലായ സിവിക്കിൻ്റെ വരവ് ഏതാണ്ട് അടുത്തിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾക്കിടയിൽ ആവേശം ഉണർത്തിക്കൊണ്ട് പുതുതലമുറ ഹോണ്ട സിവിക് ടൈപ്പ് R ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഓട്ടോഎക്സ് എന്ന വെബ്സൈറ്റാണ് പരീക്ഷണത്തിന് നിരത്തിലിറങ്ങിയ പുതുമോഡലിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പണ്ട് സെഡാനായിരുന്നെങ്കിൽ ഇപ്പോൾ ഹാച്ച്ബാക്ക് പതിപ്പിലായിരിക്കും സിവിക് റീഎൻട്രി നടത്തുക.

Honda Civic Type R Spotted in India

അടുത്ത വർഷം മുതൽ CBU മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഹോണ്ട കാർസ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സിവിക് ടൈപ്പ് R പരീക്ഷണയോട്ടത്തിന് എത്തിയിരിക്കുന്നത്. ഇത് കമ്പനി നേരിട്ട് ഇറക്കുമതി ചെയ്‌തതാണോ അതോ ആരെങ്കിലും വാങ്ങിയ വാഹനമാണോയെന്നത് ഇതുവരെ ഉറപ്പിച്ചുപറയാനായിട്ടില്ല. ഇതിനുള്ള കാരണം കാറിൽ കണ്ടെത്തിയ നമ്പർപ്ലേറ്റ് തന്നെയാണ്.

എന്തായാലും ഫോക്‌സ്‌വാഗൺ ഗോൾഫ് GTI പോലുള്ള പെർഫോമൻസ് ഹാച്ച്ബാക്കുകൾക്ക് ഹോണ്ട സിവിക് ടൈപ്പ് R പതിപ്പിൻ്റെ വരവ് ഭീഷണിയാവുമെന്ന് ഉറപ്പാണ്. നിലവിൽ ആഗോളതലത്തിൽ ആറാം തലമുറ ആവർത്തനത്തിലുള്ള സിവിക് ടൈപ്പ് R പതിനൊന്നാം തലമുറ സിവിക് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫങ്ഷണൽ സ്കൂപ്പുള്ള റീഡിസൈൻ ചെയ്ത ബോണറ്റ്, മെച്ചപ്പെട്ട എയറോഡൈനാമിക്‌സിനായി വലിയ ഗ്രിൽ, ബമ്പർ-മൗണ്ടഡ് എയർ ചാനലുകൾ എന്നിവ മുൻവശത്തിന് പ്രത്യേക ആകർഷണമാണ് നൽകുന്നത്.

Honda Civic Type R Spotted in India

വശങ്ങളിലേക്ക് വന്നാൽ ഭാരം കുറഞ്ഞ 19 ഇഞ്ച് അലോയ് വീലുകളും ശക്തമായ ബ്രേക്കിംഗ് സജ്ജീകരണവുമാണ് ഹോണ്ടയുടെ പെർഫോമൻസ് ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം പിൻഭാഗത്ത് വലിയ ഫിക്സഡ് വിംഗ്, ട്രിപ്പിൾ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, ബ്ലാക്ക്-ഔട്ട് ഡിഫ്യൂസർ എന്നിവയാൽ സിവിക് വേറിട്ടുനിൽക്കുന്നുമുണ്ട്. ഇൻ്റീരിയറിൻ്റെ കാര്യത്തിലും മോഡൽ ആരേയും നിരാശപ്പെടുത്തില്ലെന്ന കാര്യം ജാപ്പനീസ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

10.2 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പിന്തുണയ്‌ക്കുന്ന ചുവന്ന നിറത്തിലുള്ള ലേഔട്ടാണ് സിവിക് ടൈപ്പ് R മോഡലിൽ ഒരുക്കിയിട്ടുള്ളത്. ഡാർക്ക് റെഡ് സ്യൂഡ്-ഇഫക്റ്റ് അപ്ഹോൾസ്റ്ററി, സ്റ്റിയറിംഗ് വീലിൽ റെഡ് ഹോണ്ട ബാഡ്ജ്, റോഡ്, ടൈപ്പ് R സ്‌പോർട്‌സ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ഗംഭീര ഫീച്ചറുകളാൽ വാഹനം സമ്പന്നവുമാണ്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ VTEC എഞ്ചിനാണ് ഹോണ്ട സിവിക് ടൈപ്പ് R പെർഫോമൻസ് ഹാച്ചിന് തുടിപ്പേകാൻ എത്തുക. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ട് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 325 bhp കരുത്തിൽ പരമാവധി 420 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊന്നും പ്രതീക്ഷിച്ച് വാഹനം വാങ്ങാൻ വരേണ്ടെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.

പൊതുവേ പെർഫോമൻസ് വാഹനങ്ങളിൽ നിർമാതാക്കൾ ക്ലച്ച്ലെസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കാറുള്ളത്. ഇതിൽ നിന്നും വേറിട്ടുനിൽക്കാനാണ് സിവിക് ടൈപ്പ് R ഹാച്ച്ബാക്കിലൂടെ ജാപ്പനീസ് വാഹന നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് ബോഡിയും അപ്‌ഗ്രേഡ് ചെയ്‌ത ബ്രേക്കിംഗ് ഘടകങ്ങളുമുള്ള കാറിന് വെറും 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം മണിക്കൂറിൽ 275 കിലോമീറ്ററാണ് പരമാവധി വേഗം.

More from DriveSpark

Article Published On: Monday, December 8, 2025, 10:03 [IST]
English summary
Honda civic type r spotted in india launch may happen soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X