ക്ലച്ച് പേടിയുള്ളവരുടെ പോക്കറ്റ് കീറുന്ന തീരുമാനവുമായി ഹോണ്ട, എസ്‌യുവി വാങ്ങണേൽ പഴയ പൈസ മതിയാവില്ല
ഇന്ത്യൻ വിപണിയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് ഏറ്റവും ഒടുവിൽ മനസിലാക്കിയവരാണ് ഹോണ്ട (Honda). ഇനിയും സ്വന്തമായി ഒരു എസ്‌യുവിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസിലാക്കിയ ജാപ്പനീസ് വാഹന നിർമാതാക്കൾ എലിവേറ്റ് (Elevate) എന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് രൂപംകൊടുക്കുകയുണ്ടായി. ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ ഹോണ്ട എലിവേറ്റ് (Honda Elevate) ആളുകൾക്കങ്ങ് പെരുത്തിഷ്‌ടായി. കോലാഹലങ്ങളില്ലാത്ത ഡിസൈനും നല്ല പെട്രോൾ എഞ്ചിനും മാന്യമായ വിലയും കാലത്തിനൊത്ത ഫീച്ചറുകളുമെല്ലാമായി വണ്ടി അങ്ങ് ക്ലിക്കായി.
പക്ഷേ തുടക്കകാലത്ത് ലഭിച്ച വിൽപ്പന വേഗം പതിയെ ഇല്ലാണ്ടാവുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. എങ്കിലും മോശമാക്കാതെ ശരാശരി 5000 യൂണിറ്റുകളുടെ വിൽപ്പനയൊക്കെ പിടിക്കാൻ എലിവേറ്റിനാവുന്നുണ്ട്. ഇതിനിടയിൽ ഇപ്പോഴിതാ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയുടെ വില വർധിപ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഹോണ്ട. പഴയ വിലയ്ക്ക് വണ്ടി വാങ്ങാൻ ചെന്നാൽ ഇനി കിട്ടില്ലെന്ന് സാരം.

ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വരെയുള്ള എലിവേറ്റിന്റെ വേരിയന്റ് നിരയിൽ 20,000 രൂപയുടെ യൂണിഫോം വർധനവാണ് ഹോണ്ട നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ മാനുവൽ ട്രാൻസ്‌മിഷൻ ഇഷ്‌ടപ്പെടുന്നവർ വിഷമിക്കേണ്ടതില്ല കേട്ടോ. എലിവേറ്റ് എസ്‌യുവിയുടെ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഘടിപ്പിച്ച വകഭേദങ്ങളുടെ വില മാത്രമാണ് ഹോണ്ട ഉയർത്തിയിരിക്കുന്നത്. അതായത് ക്ലച്ചിനെ പേടിയുള്ളവർ മാത്രം ഈ വിലക്കയറ്റത്തെ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് സാരം.
പുതുക്കിയ വില വർധനവ് പ്രകാരം ഹോണ്ട എലിവേറ്റ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 13.71 ലക്ഷം മുതൽ 16.71 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടതായി വരുന്നത്. എലിവേറ്റ് മാനുവൽ വേരിയന്റുകളുടെ വില 11.79 ലക്ഷം മുതൽ 15.71 ലക്ഷം വരെയായി നിലനിർത്തിയിട്ടുണ്ട് കമ്പനി. വിലയിൽ പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വാഹനത്തിൽ മറ്റ് നവീകരണങ്ങളോ മാറ്റങ്ങളോ കമ്പനി അവതരിപ്പിച്ചിട്ടില്ല കേട്ടോ.

SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. ഒപ്പം 10 കളര്‍ ഓപ്ഷനുകളും കൂടിയാവുമ്പോൾ വാഹനം അടിപൊളിയാവുന്നുണ്ട്.10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ് എന്നിങ്ങനെ നിരവധി നൂതന ഫീച്ചറുകളും കുത്തിനിറച്ചാണ് എലിവേറ്റ് വരുന്നത്.
2023 സെപ്റ്റംബറിൽ എലിവേറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച മോഡലിന്റെ 50,000 യൂണിറ്റിന് മുകളിൽ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ ഈ പെട്രോൾ യൂണിറ്റിന് 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm ടോർക്കും വരെ നൽകാനാവും.

6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. എലിവേറ്റിന്റെ മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുമ്പോൾ എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹോണ്ട അവകാശപ്പെടുന്നത്. സേഫ്റ്റി വർധിപ്പിക്കുന്നതിനായി ADAS ഫീച്ചറുകളുടെ പിന്തുണയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്.
കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ ഒരുക്കിയിരിക്കുന്നത്. വില കൂടിയെങ്കിലും ഹോണ്ട എലിവേറ്റിന്റെ വിൽപ്പനയിൽ കാര്യമായ കുറവുണ്ടാവാനുള്ള സാധ്യത കുറവാണ്. അടുത്തിടെ മാരുതി സുസുക്കിയും ഹ്യുണ്ടായിയും വില വർധനവ് നടപ്പിലാക്കിയത് ഹോണ്ടയ്ക്ക് ആശ്വാസമേകും.


Click it and Unblock the Notifications








