മഴ നനയാതിരിക്കാൻ ആദായ വിൽപ്പനയുമായി ഹോണ്ട, എലിവേറ്റ് എസ്‌യുവി 1.20 ലക്ഷം രൂപ വിലക്കുറവിൽ തരാമെന്ന് കമ്പനി
വിൽപ്പനയുടെ കാര്യത്തിൽ മൂക്കുകുത്തി വീഴുന്ന ഹോണ്ടയെയാണ് ഇപ്പോൾ കാണാനാവുന്നത്. എലിവേറ്റ് എസ്‌യുവി (Honda Elevate SUV) വിപണിയിലെത്തിയ ആദ്യനാളുകളിൽ കച്ചോടം പൊടിപൊടിച്ചപ്പോൾ ജാപ്പനീസ് ബ്രാൻഡ് രക്ഷപ്പെടുമെന്ന് കരുതിയവരായിരുന്നു ഭൂരിഭാഗം ആളുകളും. ടൊയോട്ടയെ പോലെ വിശ്വസ്‌തൻ എന്ന ഇമേജും പ്രീമിയം ബ്രാൻഡ് ഫീലുമാണ് ഇന്ത്യക്കാർക്കിടയിൽ ഹോണ്ടയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. എന്നാൽ ഇതുമാത്രം പോര പിടിച്ചുനിൽക്കാനെന്ന് ഇതിനോടകം കമ്പനിക്ക് മനസിലായിട്ടുണ്ടാവും. ആയതിനാൽ വിൽപ്പന വർധിപ്പിക്കാനായി എല്ലാ മാസവും ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും മോഡൽ നിരയിൽ അവതരിപ്പിക്കുന്നത് ഹോണ്ട (Honda Cars) സ്ഥിരമാക്കിയിട്ടുണ്ട്.
മഴക്കാലമായ ജൂൺ മാസത്തിൽ കാർ വാങ്ങാനിരിക്കുന്നവരെയെല്ലാം ഹോണ്ടയിലേക്ക് ആകർഷിക്കാനുള്ള തന്ത്രം മെനഞ്ഞിരിക്കുകയാണ് ബ്രാൻഡ്. ഇതിന്റെ ഭാഗമായി അടുത്ത 30 ദിവസത്തേക്ക് കാറുകൾ വാങ്ങാനെത്തുന്നവർക്ക് 1.20 ലക്ഷം രൂപ വരെ ലഭിക്കാനാവും. എലിവേറ്റ്, സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിവയ്‌ക്കെല്ലാം ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ പഴയ തലമുറ അമേസും വിലക്കുറവിൽ വിറ്റഴിക്കാനാണ് ഹോണ്ടയുടെ തീരുമാനം.

എലിവേറ്റ് വാങ്ങിയാൽ കൊള്ളാമെന്ന് ആലോചിച്ചിരിക്കുന്നവർ നേരെ ഹോണ്ട ഷോറൂമിലേക്ക് വണ്ടിയെടുത്തോ കേട്ടോ. 2025 ജൂൺ മാസത്തിൽ 1.20 ലക്ഷം രൂപയുടെ ഓഫറാണ് മിഡ്-സൈസ് എസ്‌യുവിയിൽ ഒരുക്കിവെച്ചിരിക്കുന്നത്. നിലവിൽ 11.95 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പോലുള്ള എതിരാളികളോട് മത്സരിക്കുന്ന എലിവേറ്റിന് വരുന്ന വില. ഇതിൽ നിന്നാണ് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് എന്നത് നോക്കുമ്പോൾ സംഭവം കലക്കും.
ജൂണിൽ ഹോണ്ട സിറ്റി വാങ്ങാനിരിക്കുന്നവർക്ക് 1,07,300 രൂപ വരെയുള്ള ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. മിഡ്-സൈസ് സെഡാന്റെ SV, V, VZ, ZX എന്നീ വകഭേദങ്ങളിൽ ഈ ഓഫർ ലഭ്യമാണെന്നും ജാപ്പനീസ് ബ്രാൻഡ് അറിയിച്ചു. ഇപ്പോൾ 11.82 ലക്ഷം മുതൽ 16.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരെയാണ് സിറ്റിക്കായി വരുന്ന വില. സെഡാനുകളെ ഇപ്പോഴും പ്രണയിക്കുന്നവർക്ക് സിറ്റിയോട് വല്ലാത്തൊരു അടുപ്പമുള്ളതിനാൽ ഈ ഡിസ്‌കൗണ്ട് നഷ്‌ടപ്പെടുത്താതിരിക്കുന്നതാവും ഉചിതം.

ഹോണ്ട സിറ്റി ഹൈബ്രിഡ് വാങ്ങാൻ നല്ലൊരു അവസരം കാത്തിരിക്കുന്നവർക്ക് ഈ മാസം 65,000 രൂപ വരെയുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ക്യാഷ് ഡിസ്കൗണ്ടുകളും തെരഞ്ഞെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. 19 ലക്ഷം രൂപ മുതൽ 20.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് രാജ്യത്തെ ഹൈബ്രിഡ് സെഡാൻ വിപണനത്തിന് എത്തുന്നത്.
ബ്രാൻഡിന്റെ രണ്ടാം തലമുറ ഹോണ്ട അമേസ് വാങ്ങാനിരിക്കുന്നവർക്ക് 57,200 രൂപയുടെ ഡിസ്കൗണ്ട് ഓഫർ ജൂണിലേക്കും തുടരും. കോർപ്പറേറ്റുകൾക്കും നിലവിൽ ഹോണ്ട കാറുകളുള്ള ഉടമകൾക്കും ചില അധിക ഓഫറുകളും ലഭിക്കുമെന്നാണ് വിവരം. ഹോണ്ടയുടെ ഏറ്റവും പുതിയ അമേസിന് ഔദ്യോഗിക ഓഫറുകളൊന്നും ഈ മാസവും ലഭിക്കുന്നില്ലെന്നത് നിരാശാജനകമാണ്.

ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോൾ ജൂൺ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാനം, നഗരം, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച് മാറാൻ സാധ്യതയുണ്ട്. ആയതിനാൽ കൂടുതൽ വിവരങ്ങളറിയാൻ നിങ്ങളുടെ ഏറ്റവും അടുത്ത ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. എന്തായാലും പുത്തൻ ഓഫറുകൾ കമ്പനിയുടെ വിൽപ്പനയ്ക്ക് മൈലേജാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികം വൈകാതെ ഹോണ്ട സിവിക് ടൈപ്പ് R ഹോട്ട്ഹാച്ചിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഹോണ്ട. ഏത് കോൺഫിഗറേഷനിലാണ് വാഹനത്തെ അവതരിപ്പിക്കുക എന്നത് ഇതുവരെ അറിവായിട്ടില്ല. കിംവദന്തികൾ ശരിയാണെങ്കിൽ പൂർണമായും വിദേശത്ത് നിർമിച്ചാവും വാഹനം ഇന്ത്യയിലേക്ക് എത്തിക്കുക. CBU യൂണിറ്റായതിനാൽ തന്നെ കുറഞ്ഞത് 60 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








