ജീപ്പിലുണ്ടായ എലിവേറ്റ്... വൈറലായി ഹോണ്ട എസ്‌യുവിയുടെ പുതുരൂപം; എന്ന് വരുമെന്ന് ചോദിച്ച് ഇന്ത്യക്കാരും
മിഡ്-സൈസ് എസ്‌യുവി (Mid-size SUV) സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും കിയ സെൽറ്റോസിന്റേയും വില്ലനായി അവതരിച്ച വാഹനമാണ് ഹോണ്ട എലിവേറ്റ് (Honda Elevate). തുടക്കകാലത്ത് ചൂട് പൊറോട്ട പോലെയാണ് വിറ്റഴിഞ്ഞ മോഡൽ ഇന്ത്യക്കാർക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ട്. ഇപ്പോൾ വിൽപ്പന ചെറുതായൊന്ന് കുറഞ്ഞുവെങ്കിലും അധികം കോലാഹലങ്ങളൊന്നുമില്ലാതെ മുമ്പോട്ട് കുതിക്കാൻ ഹോണ്ടയ്ക്ക് ഊർജം നൽകുന്ന പ്രധാന വണ്ടിയാണ് എലിവേറ്റ്. വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും പവറുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമാണ് എലിവേറ്റിന്റെ മെയിൻ ആയുധം.
പക്ഷേ എലിവേറ്റിനെ ജീപ്പ് ഒന്ന് പണിതെടുത്താൽ എങ്ങനിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സെവൻ സ്ലാറ്റ് ഗ്രില്ലുമായി ഹോണ്ടയുടെ എസ്‌യുവി ഒരുങ്ങിയാൽ കാണാനൊരു ചന്തമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഇപ്പോഴിതാ ഇന്റർനെറ്റിൽ ചെറോക്കിയുടെ സ്റ്റൈലിൽ ഒരുങ്ങിയിരിക്കുന്ന എലിവേറ്റിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. എസ്‌യുവി മതംമാറിയോയെന്നാണ് ആദ്യ കാഴ്ച്ചയിൽ പലരും ചോദിച്ചുപോവുന്നത്.

ഇന്ത്യയിൽ മാത്രമല്ല കേട്ടോ, ഹോണ്ടയുടെ സ്വദേശമായ ജപ്പാനിലും എലിവേറ്റ് ഹിറ്റാണ്. എന്നാൽ അവിടെ വിൽക്കുന്നത് WR-V എന്ന പേരിലാണെന്ന് മാത്രം. എലിവേറ്റിനെ ചെറോക്കി സ്റ്റൈലിലേക്ക് മാറ്റിയതും ഉദയസൂര്യന്റെ നാട്ടിലാണ്. ജപ്പാൻ ആസ്ഥാനമായുള്ള മോഡിഫിക്കേഷൻ വിദഗ്ധനായ ഡാംഡാണ് എലിവേറ്റിന് ഈ ക്ലാസിക് സ്റ്റൈൽ സമ്മാനിച്ചിരിക്കുന്നതും. എലിവേറ്റിനെ (WR-V) ഒരു ജീപ്പ് ചെറോക്കി XJ ആക്കി മാറ്റിയ ആശയം എന്തായാലും ആളുകൾക്ക് പെരുത്തിഷ്‌ടായിട്ടുണ്ട്.
ഇതിനകം ഒരു സാധാരണ ബോക്‌സി സ്റ്റാൻസുള്ളതിനാൽ പുതുരൂപം എലിവേറ്റിന് നന്നായി ഇണങ്ങുന്നുണ്ടെന്നും നിസംശയം പറയാം. ഇനി വാഹനത്തിൽ എന്തെല്ലാം മാറിയിട്ടുണ്ടെന്ന് ചോദിച്ചാൽ എസ്‌യുവിയുടെ ഫ്രണ്ട് സ്റ്റൈലിംഗാണ് പൊളിച്ചെഴുതിയിരിക്കുന്നത്. ജീപ്പിന്റെ സിഗ്‌നേച്ചർ സ്ലാറ്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ലാണ് എടുത്തുപറയേണ്ട കാര്യം. അതോടൊപ്പം ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുകളും കൂടിയാവുമ്പോൾ ആള് മൊഞ്ചനാകുന്നുമുണ്ട്.

ഇതിന് താഴെയായി സ്ലീക്ക് ടേൺ ഇൻഡിക്കേറ്റർ അസംബ്ലിയും മോഡിഫിക്കേഷൻ വിദഗ്ധനായ ഡാംഡ് സമ്മാനിച്ചിട്ടുണ്ട്. ഇതിനുപുറമെ മുൻ ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് ഡ്യുവൽ-ടോൺ ട്രീറ്റ്മെൻ്റ്, സ്കിഡ് പ്ലേറ്റ്, രണ്ട് അറ്റത്തും ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയും കൊടുത്തിട്ടുണ്ട്. റെട്രോ അപ്പീൽ നൽകാൻ ബോണറ്റ് പോലും റീഡിസൈൻ ചെയ്യാൻ ഇദ്ദേഹം തയാറായി.
ഇനി വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ ഓഫ്-റോഡ് സ്പെക് ടയറുകളോടെയുള്ള ഓൾ-ബ്ലാക്ക് സ്റ്റീൽ വീലുകളാണ് ചെറോക്കി സ്റ്റൈലിലുള്ള എലിവേറ്റിന് സമ്മാനിച്ചിരിക്കുന്നത്. ഇതിലെ വെള്ള അക്ഷരങ്ങൾ വല്ലാത്തൊരു മിഴിവ് നൽകുമുണ്ട്. ഇതുകൂടാതെ സ്റ്റോക്ക് മോഡലിൽ നിന്നും യാതൊരു വിധ പരിഷ്ക്കാരങ്ങളും ഡാംഡ് വരുത്തിയിട്ടില്ല. വണ്ടിയുടെ റിയർ സ്റ്റൈലിംഗിനെ കുറിച്ചുള്ള ചിത്രങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല.

ഇന്റീരിയറിന്റെ കാര്യത്തിലേക്ക് വന്നാൽ ബ്ലൂ നിറത്തിൽ പൂർത്തിയാക്കിയ ക്ലാസിക് ചെക്ക് പാറ്റേണുള്ള സീറ്റുകൾക്കുള്ള പുതിയ ഫാബ്രിക് അപ്ഹോൾസ്റ്ററിയാണ് മോഡൽ ഒരുക്കിയിരിക്കുന്നത്. ഇതും റെട്രോ വൈബ് നൽകാൻ സഹായകരമായിട്ടുണ്ട്. റെട്രോ സ്റ്റൈലിൽ പണികഴിപ്പിച്ച ഹോണ്ട എലിവേറ്റ് (WR-V) 2025 ടോക്കിയോ ഓട്ടോ സലൂണിൽ മറ്റ് മൂന്ന് കാറുകൾക്കൊപ്പം അവതരിപ്പിക്കുമെന്നാണ് വിവരം.
ജാപ്പനീസ് വിപണിയിൽ ഈ മോഡലിന് പരിമിതമായ അളവിൽ നിർമിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ യാതൊരു വിധ സാധ്യതകളുമില്ലെന്ന് വേണം പറയാൻ. ഇതിന്റെ എഞ്ചിനിലൊന്നും ഡാംഡ് നവീകരണങ്ങൾ കൊണ്ടുവന്നിട്ടില്ല. 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.
120 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിൻ യോഗ്യമാണ്. വിദേശ വിപണികളിൽ എലിവേറ്റിന് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നില്ലെന്ന് വേണം പറയാൻ. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. ഡാംഡ് പണികഴിപ്പിച്ച ഈ മോഡിഫൈഡ് മോഡൽ ഒരു സ്പെഷ്യൽ എഡിഷനായി കൊണ്ടുവന്നാൽ സംഗതി കളറാകുമായിരുന്നു.


Click it and Unblock the Notifications








