ബ്രെസയും നെക്സോണും കരുതിയിരുന്നോ... ഹോണ്ടയുടെ പുത്തൻ എസ്‌യുവി പരീക്ഷണം തുടങ്ങി
ഇനിയും സെഡാൻ മോഡലുകളെ മാത്രം ആശ്രയിച്ചിരുന്നാൽ ഗതിപിടിക്കില്ലെന്ന് കൃത്യമായി മനസിലാക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റിയും അമേസും തരക്കേടില്ലാതെ വിറ്റഴിയുന്നുണ്ടെങ്കിലും കൂടുതൽ കാശുവാരാൻ പുതുപുത്തൻ വണ്ടികൾ തന്നെ എത്തമെന്ന് അൽപം വൈകിയാണെങ്കിലും കമ്പനിക്ക് വ്യക്തമായിട്ടുണ്ട്. വിദേശത്ത് വമ്പൻ മോഡലുകളാൽ സമ്പന്നമാണെങ്കിലും നമ്മുടെ വിപണിയിൽ ഇന്ന് ആകെ 3 മോഡലുകൾ വെച്ചാണ് കമ്പനി തള്ളിനീക്കുന്നത്. എന്നാൽ അധികം വൈകാതെ ഇന്ത്യക്കായി പുതിയ പത്തോളം വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട് ഹോണ്ട. ഏതെല്ലാം മോഡലുകളാണ് എത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദേശത്തെ സൂപ്പർഹിറ്റ് എസ്‌യുവികളെല്ലാം എത്തിയേക്കുമെന്നാണ് വിവരം.
ഇതിൻ്റെ ഭാഗമായി WR-V എസ്‌യുവിയും അവതരിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി മോഡലിനെ പരീക്ഷണയോട്ടത്തിനായി നിരത്തിലിറക്കിയിരിക്കുകയാണ് കമ്പനി. മറകളൊന്നുമില്ലാതെ എസ്‌യുവി പൂനെ നഗരത്തിൽ എത്തിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡികളിൽ വൈറലായിട്ടുണ്ട്. ഇന്തോനേഷ്യൻ വിപണികളിൽ വിൽക്കുന്ന പതിപ്പിനെയാണ് പരീക്ഷണത്തിന് ഹോണ്ട വിധേയമാക്കിയിരിക്കുന്നത്.

പരീക്ഷണത്തിനിറങ്ങിയ വാഹനത്തിൻ്റെ മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകളിൽ 'ഹോണ്ട ജക്കാർത്ത സെൻ്റർ' എന്ന് എഴുതിയിരിക്കുന്നത് കാണാം. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ 'ടെസ്റ്റിംഗ് വെഹിക്കിൾ' എന്ന് എഴുതിയ ഒരു കടലാസ് കഷണവും ഉണ്ടായിരുന്നു. എന്തായാലും 2030 ഓടെ ഇന്ത്യൻ വിപണിയിൽ 10 പുതിയ കാറുകൾ ഹോണ്ട അവതരിപ്പിക്കുന്നതിൽ ആദ്യത്തേതാവും WR-V എന്ന ഈ സബ് 4 മീറ്റർ എസ്‌യുവി.
വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ 4,060 മില്ലീമീറ്റർ നീളവും 1,780 മില്ലീമീറ്റർ വീതിയും 1,608 മില്ലീമീറ്റർ ഉയരവും 2,485 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് ഹോണ്ട WR-V എസ്‌യുവിക്കുള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ B സെഗ്മെൻ്റിൽ ഇടംപിടിക്കാൻ സാധിക്കുന്ന വാഹനത്തിന് നികുതി ആനുകൂല്യങ്ങൾക്കായി 4 മീറ്ററിൽ താഴെ പരിധിക്കുള്ളിൽ കൊണ്ടുവരാൻ നീളം കുറയ്ക്കാനുമാവും. രണ്ടാം തലമുറ അമേസിൻ്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

ഇൻ്റീരിയറും പൂർണമായും കോംപാക്‌ട് സെഡാന് സമാനമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോണ്ടയ്ക്ക് ന്യൂജെൻ അമേസിൻ്റെ ഇൻ്റീരിയർ ഈ വാഹനത്തിൽ ഉൾപ്പെടുത്താം. കാസ്കേഡിംഗ് ഇഫക്റ്റ് ഗ്രിൽ, സ്‌പോർട്ടി ആർഎസ് ബമ്പറുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ്, ആർഎസ് എയ്‌റോ കിറ്റ്, സീക്വൻഷ്യൽ എൽഇഡി ബ്ലിങ്കറുകൾ എന്നിവയാണ് WR-V എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
അകത്തളത്തിലേക്ക് കയറിയാൽ ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീലും ഹോണ്ട അമേസിന് സമാനമാണെന്ന് കാണാം. WR-V എസ്‌യുവിയുടെ ഇൻ്റീരിയറും പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. അപ്ഹോൾസ്റ്ററിയിൽ റെഡ് സ്റ്റിച്ചിംഗ് ഉപയോഗിച്ചിരിക്കുന്നതും കാണാൻ സ്റ്റൈലാണ്. 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 4.2 ഇഞ്ച് TFT MID, ലെയ്ൻവാച്ച് ക്യാമറ, 6 എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട് എന്നിവ പോലുള്ള ഫീച്ചറുകളും ലഭിക്കും.

ഇന്തോനേഷ്യയിൽ ഹോണ്ട WR-V RS മോഡലിൽ 121 bhp പവറും 145 Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ബി സെഗ്‌മെൻ്റ് വാഹനങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾക്കായി മൂന്നാം തലമുറ അമേസിലെ 1.2 ലിറ്റർ എഞ്ചിൻ നൽകാനും ഹോണ്ടയ്ക്ക് സാധിക്കും. എസ്‌യുവിയുടെ ഇന്ത്യയിലേക്കുള്ള വരവിനെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
വിപണിയിലെത്തുകയാണെങ്കിൽ വലിയ മത്സരം തന്നെയാവും ഹോണ്ടയ്ക്ക് നേരിടേണ്ടി വരിക. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്കോഡ കൈലാക്, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ വമ്പൻമാരുമായി WR-V മാറ്റുരയ്ക്കേണ്ടി വരും. വിലയുടെ കാര്യം നോക്കുകയാണെങ്കിൽ ഏകദേശം 8 ലക്ഷം മുതൽ ഹോണ്ടയുടെ കുഞ്ഞൻ എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








