ടെസ്‌ല ബുക്ക് ചെയ്യാൻ ബോംബെയ്ക്ക് വണ്ടി കയറേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം! പൈസ തിരിച്ചുകിട്ടില്ല കേട്ടോ
ഏറെക്കാലമായുള്ള കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ അവതാരപ്പിറവിയെടുത്തിരിക്കുകയാണ് അമേരിക്കൻ ഇലക്ട്രിക് ഭീമനായ ടെസ്‌ല. ഏതുമോഡലായിരിക്കും ഇലോൺ മസ്ക്കിന്റെ കമ്പനി ആദ്യം പുറത്തിറക്കുകയെന്ന ആകാംക്ഷ എല്ലാ വാഹനപ്രേമികളിലുമുണ്ടായിരുന്നുവെന്ന് വേണം പറയാൻ. ഒടുവിൽ മോഡൽ Y എസ്‌യുവിയാണ് ഇന്ത്യക്കാർക്ക് ആദ്യം സമ്മാനിക്കാൻ കമ്പനി തയാറായത്. എന്തായാലും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഇന്നുകൊണ്ട് വിരാമമാവുകയും ചെയ്‌തു. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത് കേട്ടോ.
വിലകേട്ട് പലരുടേയും മനസിൽ ലഡു പൊട്ടിയിട്ടുമുണ്ടാവുമല്ലോ. തങ്ങളുടെ ഗരാജിൽ ഒരു ടെസ്‌ല വാങ്ങിയിടണമെന്ന് വർഷങ്ങളായി കാത്തിരിക്കുന്ന സെലിബ്രിറ്റികളും വ്യവസായി പ്രമുഖരും ഇന്ന് മുതൽ മോഡൽ Y ബുക്ക് ചെയ്യാനായുള്ള പരക്കംപാച്ചിലിലായിരിക്കും. പക്ഷേ ബ്രാൻഡിന്റെ ആദ്യ ഡീലർഷിപ്പ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലായതിനാൽ (BKC) അവിടംവരെ പോണോയെന്ന് സംശയവും പലർക്കും ഉണ്ടാവുമല്ലോ.

അവർക്കായി ടെസ്‌ല മോഡൽ Y എങ്ങനെയെല്ലാം ബുക്ക് ചെയ്യാനാവുമെന്ന് പറഞ്ഞുതരാം. സംഭവം ഇലക്ട്രിക് കാർ വാങ്ങാനായി ബോംബെയ്ക്ക് ട്രെയിവോ വിമാനമോ പിടിക്കേണ്ട ആവശ്യമില്ല കേട്ടോ. നിങ്ങളുടെ മൊബൈലിലോ ലാപ്പ്ടോപ്പിലോ കയറി ഇവി ബുക്ക് ചെയ്‌തിടാനാവും. ഇനി വിശദമായി കാര്യത്തിലേക്ക് വരാം, ടെസ്‌ലയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ കയറുകയാണ് ആദ്യം ചെയ്യേണ്ടത്.
ഒപ്പം മോഡൽ Y തെരഞ്ഞെടുത്ത് ഇപ്പോൾ ഓർഡർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ മോഡൽ Y ഇവിയുടെ കോൺഫിഗറേറ്റർ പേജിലേക്ക് കൊണ്ടുപോകും. തുടർന്ന് രാജ്യം തെരഞ്ഞെടുക്കാൻ മുകളിൽ വലത് കോണിൽ ക്ലിക്കുചെയ്യുക. ഇന്ത്യക്കായി താഴേക്ക് സ്ക്രോൾ ചെയ്യുകയാണ് ചെയ്യേണ്ടത്. തുടർന്ന് ഇന്ത്യൻ സ്പെക്ക് മോഡൽ Y-യുടെ വില കാണിക്കും. ടെസ്‌ല ഷോറൂമുകൾക്കുള്ള മൂന്ന് സ്ഥലങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രജിസ്ട്രേഷൻ ലൊക്കേഷൻ സെലക്ട് ചെയ്യുക.
59.89 ലക്ഷം രൂപയ്ക്ക് എക്സ്ഷോറൂം വിലയിൽ ലഭ്യമായ റിയർ വീൽ ഡ്രൈവ് മോഡലോ അല്ലെങ്കിൽ 67.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ലോംഗ് റേഞ്ച് റിയർ വീൽ ഡ്രൈവ് പതിപ്പോ ആണ് ഇവിടെ സെലക്‌ട് ചെയ്യേണ്ടത്. അടുത്തതായി നിങ്ങൾക്കിഷ്ടപ്പെട്ട നിറവും വ്യക്തമാക്കേണ്ടതുണ്ട്. സ്റ്റെൽത്ത് ഗ്രേയാണെങ്കിൽ അധിക ചിലവില്ലാതെ ബുക്ക് ചെയ്യാനാവും. എന്നാൽ പേൾ-വൈറ്റ് മൾട്ടി-കോട്ട്, ഡയമണ്ട് ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, ക്വിക്ക്‌സിൽവർ, അൾട്രാ റെഡ് എന്നിവ തിരഞ്ഞെടുക്കുന്നതിന് അധിക തുക കൊടുക്കേണ്ടി വരും.
95,000 രൂപ മുതൽ 1.85 ലക്ഷം രൂപ വരെയാണ് ഈ കളർ ഓപ്ഷനുകൾക്ക് വരുന്ന അധിക ചെലവ്. മോഡൽ Y ഫുൾ-ബ്ലാക്ക് ഇന്റീരിയർ നിറം ഉപയോഗിച്ച് തെരഞ്ഞെടുക്കാനും കഴിയുന്നതാണ്. ഇനി ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയർ പാക്കേജാണ് വേണ്ടതെങ്കിൽ 95,000 രൂപ പോക്കറ്റിൽ നിന്നും അധികം കൊടുക്കേണ്ടി വരുന്നതാണ്. മോഡൽ Y ഫുൾ സെൽഫ്-ഡ്രൈവിംഗ് ഫീച്ചറും സപ്പോർട്ട് ചെയ്യുന്നുണ്ട്.

അത് ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ വഴി ലഭ്യമാകും. കൂടാതെ ഫുൾ-സ്പെക്ട്രം ഓട്ടോണമസ് ഡ്രൈവിംഗ് അനുവദിക്കുകയും ചെയ്യുമെന്നാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ പറയുന്നത്. പക്ഷേ ഈ സവിശേഷതയ്ക്ക് 6 ലക്ഷം രൂപ അധികമായി വേണ്ടിവരുമെന്നതും പ്രത്യേകം ഓർമിക്കേണ്ടതാണേ. ഡൽഹിയിൽ മോഡൽ Y ഇവിയുടെ ഓൺ-റോഡ് വില ടെസ്‌ല ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനാൽ ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയന്റ് 67.89 ലക്ഷം രൂപയ്ക്ക് വാങ്ങാനാവുമ്പോൾ ക്വിക്ക്‌സിൽവർ പെയിന്റിന് 1.85 ലക്ഷം രൂപയും, ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയറിന് 95,000 രൂപയും, ഫുൾ സെൽഫ്-ഡ്രൈവിംഗ് സ്യൂട്ടിന് 6 ലക്ഷം രൂപയും ചേർക്കുമ്പോൾ എക്സ്ഷോറൂം വില 76.69 ലക്ഷം രൂപയായി മാറുന്നുണ്ട്. ഇതിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 5 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.

ഇതിനുപുറമെ 1 ശതമാനം ടിസിഎസ് കൂടി ചേർക്കുന്നുണ്ട്. ഇത് ഏകദേശം 76,990 രൂപയോളമാണ് വരുന്നത്. സർവീസ് ഫീസ് 50,000 രൂപയും, റോഡ് നികുതി 7,000 രൂപയുമാണ്. അങ്ങനെ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ചെലവേറിയ മോഡൽ Y ഇവിയുടെ വേരിയന്റിനും സ്‌പെക്കിനും ആകെ 78 ലക്ഷം രൂപയാണ് ഡൽഹിയിലെ ഓൺ-റോഡ് വില വരുന്നത്. കേരളത്തിലെ അറിയാൻ ഇനിയും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ടേ.
ഇനി അത്രയും തുക കൊടുക്കാനാല്ലാത്തവർക്ക് കൂടുതൽ താങ്ങാനാവുന്ന RWD വേരിയന്റ് വാങ്ങുകയാണെങ്കിൽ അധിക ചെലവുകളൊന്നുമില്ലാതെ 61.07 ലക്ഷം രൂപ ഓൺ-റോഡ് വിലയിൽ ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവി വീട്ടിലെത്തിക്കാനാവും. ഇതിൽ 5 ശതമാനം ജിഎസ്ടി, 1 ശതമാനം ടിസിഎസ്, അഡ്മിനിസ്ട്രേഷൻ, സർവീസ് ഫീസ് എന്നിവയ്ക്ക് 50,000 രൂപ, റോഡ് നികുതിക്ക് 7,000 രൂപ എന്നിവയാണ് ഉൾപ്പെടുക.
തെരഞ്ഞെടുത്ത കോൺഫിഗറേഷൻ പരിഗണിക്കാതെ തന്നെ രണ്ട് വേരിയന്റുകൾക്കും ബുക്കിംഗ് തുക 22,220 രൂപയാണ് വരുന്നത്. ഈ തുക ക്രെഡിറ്റ് കാർഡ് വഴിയോ UPI വഴിയോ നടത്താം. ഇതിനുശേഷം ടെസ്‌ല ബുക്കിംഗ് സ്വീകരിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും ഉപഭോക്താക്കൾ 3 ലക്ഷം രൂപ നൽകേണ്ടിവരും. പ്രാരംഭ പേയ്‌മെന്റ് നടത്തിയതിന് ശേഷംഒരു ആഴ്ചയ്ക്കുള്ളിൽ ഇത് ചെയ്യാൻ കഴിയും. ഈ രണ്ട് മുൻകൂർ ബുക്കിംഗ് പേയ്‌മെന്റുകളും റീഫണ്ട് ചെയ്യാനാകില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണേ.


Click it and Unblock the Notifications








