ഇനി എല്ലാം വയർലെസാണ്, ഹ്യുണ്ടായിയുടെ 7-സീറ്റർ എസ്‌യുവിയിലേക്ക് അടിപ്പൻ മാറ്റങ്ങളുമായി കമ്പനി; വിലയും പഴയത്
പണ്ടൊരു 7-സീറ്റർ വാഹനം വാങ്ങുക എന്നത് വലിയൊരു കടമ്പയായിരുന്നു. കാരണം തെരഞ്ഞെടുക്കാൻ അധികം മോഡലുകളൊന്നുമില്ലായിരുന്നു എന്നതാണ് സത്യം. ഒരു ടൊയോട്ട ഇന്നോവ (Toyota Innova) അല്ലെങ്കിൽ ഷെവർലെ ടവേര (Chevrolet Tavera), മഹീന്ദ്ര സൈലോ (Mahindra Xylo), സ്കോർപിയോ എന്നിവയായിരുന്നു ഒരിടയ്ക്ക് ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്നത്. പിന്നീട് എർട്ടിഗ വന്ന് കളംനിറയുകയും ചെയ്‌തു. കൊവിഡ് മഹാമാരിക്ക് ശേഷം പലരും മൂന്നുവരി വാഹനങ്ങൾ അന്വേഷിച്ച് എത്തിയതോടെ ധാരാളം മോഡലുകൾ വിപണിയിലെത്തുകയുണ്ടായി. ഇപ്പോൾ 7 സീറ്റർ മോഡലുകളില്ലാത്ത ബ്രാൻഡ് ഇല്ലെന്ന സ്ഥിതിയാണുള്ളത്.
മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി പുതിയ 7 സീറ്റർ എസ്‌യുവി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ്. ഹ്യുണ്ടായി നേരത്തെ തന്നെ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള അൽകസാറിനെ വിപണിയിലെത്തിച്ച് ശ്രദ്ധനേടിയിരുന്നു. മാന്യമായ വിൽപ്പന കണക്കുകളുമായി കുതിക്കുന്ന മോഡലിലേക്ക് പുതിയ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ഹ്യുണ്ടായി അൽകസാറിന് ഇനി വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്ഷനും ലഭിക്കും. കേബിളിലൂടെ കണക്റ്റുചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ) ആക്‌സസ് ചെയ്യാൻ കഴിയുന്ന പുതിയ വയർഡ് ടു വയർലെസ് അഡാപ്റ്ററാണ് 7 സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
യാത്രയിലുടനീളം തടസമില്ലാത്ത കണക്റ്റിവിറ്റി പ്രതീക്ഷിക്കുന്ന ഇന്നത്തെ സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ "വയർഡ് ടു വയർലെസ് അഡാപ്റ്റർ" അവതരിപ്പിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഹോൾടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു. പുതിയ അഡാപ്റ്റർ അൽകസാറിന്റെ പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റ് ലെവലുകളിൽ ലഭ്യമാണെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്.

എസ്‌യുവിയുടെ പ്രസ്റ്റീജ് 7 സീറ്റർ പെട്രോൾ ഓപ്ഷന് 17.22 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ ഡീസൽ പ്രസ്റ്റീജ് 7 സീറ്റർ ഡീസൽ ഓപ്ഷന് 17.22 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2021-ലാണ് ഹ്യുണ്ടായി അൽകസാർ ആദ്യമായി ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കുന്നത്. പിന്നീട് പോയ വർഷം അവസാനത്തോടെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി വിപണിയിൽ അവതരിപ്പിച്ചു.
നിലവിലെ വില പ്രകാരം അൽകസാറിന് 14.99 ലക്ഷം മുതൽ 21.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്തുന്നത്. 158 bhp പവറിൽ പരമാവധി 253 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആദ്യത്തത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്‌സുകളാണ് ഈ എഞ്ചിനൊപ്പം തെരഞ്ഞെടുക്കാനാവുക.

മറുവശത്ത് 114 bhp കരുത്തിൽ ഏകദേശം 250 Nm ടോർക്ക് നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിനും ഹ്യുണ്ടായി അൽകസാറിലുണ്ട്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ഈ എഞ്ചിൻ ജോടിയാക്കി വാങ്ങാം. മൈലേജിലും ആള് മോശക്കാരനല്ല കേട്ടോ. ടർബോ വേരിയന്റുകൾ ട്രാൻസ്മിഷനെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജാണ് തരുന്നത്.
എസ്‌യുവിയുടെ ഡീസൽ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളിൽ 18.1 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുകളിൽ 20.4 കിലോമീറ്റർ മൈലേജുമാണ് ഹ്യുണ്ടായി പറയുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനത്തിലുണ്ട്.


Click it and Unblock the Notifications








