ഇന്നോവ ക്രിസ്റ്റ നാണിച്ചുപോവും, 7- സീറ്റർ ഡീസൽ എസ്‌യുവിയിൽ ജനപ്രിയ ഫീച്ചറും ചേർത്ത് ഹ്യുണ്ടായി
മഹീന്ദ്രയോട് നഷ്‌ടപ്പെടുത്തിയ രണ്ടാംസ്ഥാനം തിരികെപ്പിടിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് പ്രമുഖരായ ഹ്യുണ്ടായി (Hyundai). എങ്ങനെയൊക്കെ പരീക്ഷിച്ചിട്ടും ക്രെറ്റ (Creta) ഒഴികെയുള്ള വാഹനങ്ങൾ വിൽപ്പനയിൽ കത്തിക്കയറുന്നില്ലെന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളെ സംബന്ധിച്ച് വലിയൊരു വേദനയാണ്. എങ്കിലും പുതിയ ഐഡിയകളുമായി കളംനിറയുന്നതിൽ നിന്നും കമ്പനി പിന്നാക്കം പോയിട്ടില്ല. ഇപ്പോഴിതാ അൽകസാർ എസ്‌യുവിയുടെ (Alcazar SUV) പുത്തനൊരു വേരിയന്റിനെ വിപണിയിൽ എത്തിച്ചാണ് ഹ്യുണ്ടായി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. അതും പലരും ആവശ്യപ്പെട്ട ഫീച്ചറുകൾ സമ്മാനിച്ചുകൊണ്ടാണ് കോർപ്പറേറ്റ് വേരിയന്റ് എന്നറിയപ്പെടുന്ന പുത്തൻ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മുമ്പ് പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ പനോരമിക് സൺറൂഫും സ്പെയർ വീലും ഇല്ലാതെയാണ് കമ്പനി അൽകസാറിന്റെ ഡീസൽ പതിപ്പ് അവതരിപ്പിച്ചത്. അന്നേ പലരും പരാതി പറഞ്ഞിരുന്ന ഈ കാര്യം പരിഗണിക്കാമെന്ന് ഹ്യുണ്ടായി ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. ഇപ്പോൾ പുതുതായി അവതരിപ്പിച്ചിരിക്കുന്ന കോർപ്പറേറ്റ് വേരിയന്റിലൂടെ പരാതിപരിഹാരമാണ് കമ്പനി കണ്ടിരിക്കുന്നത്. ഒരു വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്. വലിയ സൺറൂഫുള്ള ഡീസൽ പതിപ്പിനെ കാത്തിരുന്നവർ നേരെ ഷോറൂമിലേക്ക് വിട്ടോ.

ഒരു വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് ഫീച്ചറാണിത്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമായ അൽകസാർ കോർപ്പറേറ്റ് ഡീസൽ എഞ്ചിൻ മോഡലിന് 17.86 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കൂടാതെ എസ്‌യുവിയുടെ പ്രസ്റ്റീജ് പെട്രോൾ വേരിയന്റിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ടെന്നതും സന്തോഷം പകരുന്ന കാര്യമാണ്.
ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള പ്രസ്റ്റീജ് പെട്രോൾ വേരിയന്റിന് 18.63 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇതൊഴികെ മറ്റ് മാറ്റങ്ങളൊന്നും അൽകസാറിൽ കമ്പനി വരുത്തിയിട്ടില്ല. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ എക്സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ നാല് വേരിയന്റുകളിലാണ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവി വിപണനത്തിന് എത്തുന്നത്.

പവർഫുള്ളായ 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി അൽകസാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 158 bhp കരുത്തിൽ 253 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.
അൽകസാറിലെ രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ 114 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസലാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ടർബോ പെട്രോൾ എഞ്ചിൻ ഉള്ള വകഭേദങ്ങൾ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും.

ഹ്യുണ്ടായി അൽകസാർ മാനുവൽ മോഡലുകൾ 20.4 കിലോമീറ്റർ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്റർ മൈലേജുമാണ് തരിക. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ലഭിക്കുകയും ചെയ്യും.
ക്രെറ്റയെ അടിസ്ഥനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും 7-സീറ്റർ എസ്‌യുവി അതിന്റേതായ രീതിയിൽ വേറിട്ടുനിൽക്കാനുള്ള ശ്രമങ്ങളും കാണാം. H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

റോബസ്റ്റ് എമറാൾഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ് നിറങ്ങൾ കൂടാതെ റോബസ്റ്റ് എമറാൾഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഓപ്ഷനുള്ള അറ്റ്ലസ് വൈറ്റ് എന്നിവയാണ് വാഹനത്തിലെ കളർ ഓപ്ഷനുകൾ. ഇന്ത്യയിലെ 7-സീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ സഫാരി, മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N, എംജി ഹെക്‌ടർ പ്ലസ് എന്നിവയോടാണ് ഹ്യുണ്ടായി അൽകസാർ മത്സരിക്കുന്നത്.


Click it and Unblock the Notifications








