കാർ വാങ്ങാനിരുന്നവരുടെ തലക്കടിച്ച് ഹ്യുണ്ടായി! മാരുതിക്കും ടാറ്റക്കും പിന്നാലെ കൊറിയക്കാരും പണിതന്നു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന പദവി ഹ്യുണ്ടായിയിൽ നിന്നും മഹീന്ദ്ര തട്ടിയെടുത്തത് വളരെ അപ്രതീക്ഷിതമായിരുന്നു. എന്നാൽ എങ്ങനെയും രണ്ടാമതായി ഓടിക്കയറാനുള്ള തയാറെടുപ്പുകളെല്ലാം ഹ്യുണ്ടായി (Hyundai) ആസൂത്രണം ചെയ്‌തിട്ടുണ്ട്. എന്നാൽ ഇതിനിടിയിൽ ഞെട്ടിക്കുന്നൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. മറ്റൊന്നുമല്ല, മാരുതി സുസുക്കിക്കും ടാറ്റ മോട്ടോർസിനും കിയക്കും പിന്നാലെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 2025 ഏപ്രിൽ മുതൽ മോഡൽ നിരയിലാകെ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു.
വാഹന നിരയിലുടനീളം 3 ശതമാനം വരെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ, വർധിച്ചു വരുന്ന കമ്മോഡിറ്റി വിലകൾ, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം. തെരഞ്ഞെടുത്ത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന കാര്യവും ഹ്യുണ്ടായി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.

ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് വില ക്രമീകരണം നടത്തുന്നതെന്ന് ഹ്യുണ്ടായി അറിയിച്ചു. എന്തായാലും കാർ വാങ്ങാനിരുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, കിയ, ഹോണ്ട എന്നിവയുൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ മുൻനിര നിർമ്മാതാക്കളും 2025 ഏപ്രിൽ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത് ഇപ്പോഴത്തെ സ്ഥിരം കാഴ്ച്ചയാണ്.
2025 ഫെബ്രുവരിയിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 47,727 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയിൽ വിറ്റ 50,201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. ക്രെറ്റയും വെന്യുവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി മോഡലുകളായി മാറിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിയുടെ 16,317 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിച്ചത്.

അതേസമയം കോംപാക്‌ട് എസ്‌യുവിയായ വെന്യുവിന്റെ 10,125 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു. മോഡലിന്റെ കഴിഞ്ഞ വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 13.34 ശതമാനം വർധനവാണ് ഹ്യുണ്ടായി കൈവരിച്ചത്. എക്സ്റ്റർ, ഗ്രാൻഡ് i10 നിയോസ്, i120 പ്രീമിയം ഹാച്ച്ബാക്ക്, ഓറ, അൽകസാർ, വെർണ, ട്യൂസോൺ തുടങ്ങിയ ബാക്കിയുള്ള എല്ലാ ഹ്യുണ്ടായി കാറുകളുടേയും വിൽപ്പനയിൽ കാര്യമായ ഇടിവാണ് ഫെബ്രുവരിയിൽ ഉണ്ടായിരിക്കുന്നത്.
എക്സ്റ്ററിന് 29.29 ശതമാനം ഇടിവാണ് നേരിട്ടത്. കഴിഞ്ഞ വർഷം 7,582 യൂണിറ്റായിരുന്ന മൈക്രോ എസ്‌യുവിക്ക് ഇത്തവണ 5,361 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. അതേസമയം i20 ഹാച്ച്ബാക്കിന് സമാനമായി 29.31 ശതമാനത്തിന്റെ വിൽപ്പന ഇടിവും സംഭവിച്ചു. ഫെബ്രുവരിയിൽ 3,627 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. വെർണ, ട്യൂസോൺ, അയോണിക് 5 എന്നിവയും 2024 ഫെബ്രുവരിയിൽ ഗണ്യമായ ഇടിവാണ് റിപ്പോർട്ട് ചെയ്‌തത്.

മഹീന്ദ്ര തട്ടിപ്പറിച്ച രണ്ടാംസ്ഥാനം തിരികെപിടിച്ച് കാശുണ്ടാക്കാനായി കാറുകൾ വൻവിലക്കുറവിൽ വിറ്റഴിക്കാൻ ഹ്യുണ്ടായി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ 2025 മാർച്ച് മാസത്തിൽ ജനപ്രിയ കാറുകൾ നല്ല ഓഫറുകളോടെ വീട്ടിലെത്തിക്കാനാവും. മോഡൽ നിരയിൽ 55,000 രൂപ വരെയുള്ള ഡിസ്കൌണ്ട് ഓഫറുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.
'ഹ്യുണ്ടായി സൂപ്പർ ഡിലൈറ്റ് മാർച്ച്' സെയിൽ പ്രമോഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഓഫറുകൾ കൊണ്ടുവന്നിരിക്കുന്നത്. ഗ്രാൻഡ് i10 നിയോസ്, എക്‌സ്റ്റർ, i20, വെന്യു എന്നീ നാല് മോഡലുകൾക്കാണ് ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ക്രെറ്റ, അൽകസാർ തുടങ്ങിയ വലിയ വാഹനങ്ങൾക്കൊന്നും ഈ മാസം ആനുകൂല്യങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ലെന്ന് ചുരുക്കം.

ഗ്രാൻഡ് i10 നിയോസ് വാങ്ങാൻ എത്തുന്നവർക്ക് 53,000 രൂപ വരെ ഓഫർ ലഭിക്കും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മൈക്രോ എസ്‌യുവിയായ എക്സ്റ്റർ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് 35,000 രൂപ വരെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. ഹ്യുണ്ടായി വെന്യുവിന് 55,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനെത്തുന്നവർക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.
സൂപ്പർ ഡിലൈറ്റ് മാർച്ച് ഓഫറുകൾ 2025 മാർച്ച് 31 വരെ ഇന്ത്യയിലെ എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലും ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. ക്യാഷ്, എക്സ്ചേഞ്ച്, കോർപ്പറേറ്റ് ബെനഫിറ്റുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങൾ. തെരഞ്ഞെടുക്കുന്ന ഓരോ വേരിയന്റിനെയും അനുസരിച്ച് ഓഫർ വ്യത്യാസപ്പെടാനും സാധ്യതയുണ്ടെന്നും ഹ്യുണ്ടായി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.
പുതിയ വേരിയന്റുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി 2025 മോഡൽ ഹ്യുണ്ടായി ക്രെറ്റ അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. എസ്‌യുവിക്കായി SX പ്രീമിയം EX (O) എന്നീ രണ്ട് വേരിയന്റുകൾ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. SX പ്രീമിയം വേരിയന്റില്‍ ഇപ്പോള്‍ വെന്റിലേറ്റഡ് ഫ്രണ്ട്-റോ സീറ്റുകള്‍, 8-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ബോസ് 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നീ സവിശേഷതകളും ലഭിക്കും.
കൂടുതല്‍ പ്രീമിയം അപ്പീല്‍ നല്‍കിക്കൊണ്ട് ഹ്യുണ്ടായി ലെതര്‍ സീറ്റുകളും പിന്‍നിര യാത്രക്കാരുടെ ലെഗ്റൂമിനായി സ്‌കൂപ്പ്-ഔട്ട് സീറ്റ്ബാക്കുകളും പുതിയ 2025 മോഡൽ ക്രെറ്റയിൽ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിഡ്-സൈസ് എസ്‌യുവിയുടെ EX (O) വേരിയന്റില്‍ EX വേരിയന്റിലുള്ള നിലവിലെ ഫീച്ചറുകൾ നിലനിര്‍ത്തിക്കൊണ്ട് പനോരമിക് സണ്‍റൂഫും എല്‍ഇഡി റീഡിംഗ് ലാമ്പുകളും ബ്രാൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഏറ്റവും വിൽപ്പനയുള്ള സെഗ്മെന്റിലെ മോഡലായ ഹ്യുണ്ടായി ക്രെറ്റയുടെ മറ്റ് വേരിയന്റുകള്‍ക്കും പരിഷ്ക്കാരങ്ങൾ കമ്പനി സമ്മാനിച്ചിട്ടുണ്ട്. SX (O) പതിപ്പിന് ഇപ്പോള്‍ റെയിന്‍ സെന്‍സര്‍, റിയര്‍ വയര്‍ലെസ് ചാര്‍ജര്‍, കൂടുതല്‍ സ്‌പെയ്‌സിനായി സ്‌കൂപ്പ്ഡ് സീറ്റുകള്‍ എന്നിവ സമ്മാനിച്ചതാണ് ഇതിൽ പ്രധാനം. S (O) വേരിയന്റ് മുതല്‍ ഇപ്പോള്‍ മോഷന്‍ സെന്‍സറുള്ള സ്മാര്‍ട്ട് കീയും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.
ടൈറ്റന്‍ ഗ്രേ മാറ്റ്, സ്റ്റാറി നൈറ്റ് എന്നീ രണ്ട് രണ്ട് പുതിയ കളർ ഓപ്ഷനുകളും 2025 ക്രെറ്റയിൽ ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. ഈ നവീകരങ്ങൾക്ക് പുറമെ വാഹനത്തിന് മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കമ്പനി കൊടുത്തിട്ടില്ല. പരിചിതമായ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍, ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് മിഡ്-സൈസ് എസ്‌യുവിയിൽ തുടർന്നും ലഭ്യമാവുക.
ഇതുകൂടാതെ ക്രെറ്റ ഇലക്ട്രിക്കാനായുള്ള ഡെലിവറിയും അടുത്തിടെ ബ്രാൻഡ് ആരംഭിച്ചിരുന്നു. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ വേരിയന്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മാറ്റേകാനായി ആകെ 10 കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാറ്റ് ഷേഡുകളും 8 മോണോടോണും 2 ഡ്യുവൽ ടോൺ നിറങ്ങളും യഥേഷ്ടം തെരഞ്ഞെടുക്കാാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








