നല്ല സ്പേസും മൈലേജുമുള്ള ബെസ്റ്റ് ഫാമിലി കാർ തന്നെ, ഹ്യുണ്ടായിയുടെ കുഞ്ഞൻ സെഡാന്റെ കച്ചോടം കൂടി
എസ്‌യുവികളുടെ വരവോടെ പണ്ടത്തെ പ്രതാപം അമ്പേ പോയവരാണ് സെഡാനുകൾ. പണ്ട് കാർ എന്നാൽ ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളായിരുന്നു ആളുകൾക്ക് വേണ്ടിയിരുന്നത്. അംബാസിഡറും പത്മിനിയുമെല്ലാം അങ്ങനെ അരങ്ങ് തകർത്തവരാണ്. നല്ല സ്പേസും, കുലുക്കമില്ലാത്ത യാത്രാസുഖവും തന്നെയാണ് എസ്‌യുവികളിൽ നിന്നും സെഡാനുകളെ വേറിട്ടുനിർത്തുന്നത്. ചിലർക്ക് ഇന്നും ഈ മോഡലുകളോട് വല്ലാത്തൊരു അടുപ്പമുണ്ട്. കോംപാക്‌ട് സെഡാനുകൾ ഇപ്പോഴും അരങ്ങുവാഴുന്നതിന്റെ പിന്നിലുള്ള രഹസ്യവും ഇതുതന്നെയാണ്. മാരുതി ഡിസയർ ഇരുപതിനായിരം യൂണിറ്റുകളോളമാണ് എല്ലാമാസവും വിറ്റഴിയുന്നത്. അത്രയൊന്നും കണക്കുകൾ പറയാനില്ലെങ്കിലും പോയമാസങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ മികവ് പുലർത്തിയിരിക്കുകയാണ് ഹ്യുണ്ടായി ഓറ.
ഡിസയറിന്റെ പ്രധാന എതിരാളിയായ മോഡൽ പ്രായോഗികതയുടെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും മിടുമിടുക്കനാണ്. നല്ല ബൂട്ട്സ്പേസും യാത്രാ സുഖവുമുള്ള ചെറിയ സെഡാനുകളുടെ ലോകത്തെ മിടുക്കനാണ് ഹ്യുണ്ടായി ഓറ. സാക്ഷാൽ ഹോണ്ട അമേസിനെ വരെ വിൽപ്പനയിൽ മറികടക്കാൻ ഓറയ്ക്ക് സാധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ കാറിന്റെ 5,387 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

2024 സെപ്റ്റംബറിൽ വിറ്റഴിഞ്ഞ 4,462 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി ഓറയുടെ കച്ചോടത്തിൽ 21 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയെ മനസിലാക്കാൻ ആളുകൾക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് വിൽപ്പന കൂടിയത്.
സിഎൻജി, പെട്രോൾ പതിപ്പുകളിൽ ലഭ്യമായ കോംപാക്‌ട് സെഡാൻ നിലവിൽ S AMT, S കോർപ്പറേറ്റ്, S കോർപ്പറേറ്റ് സിഎൻജി, E സിഎൻജി, E, S, SX, S സിഎൻജി, SX ഓപ്ഷണൽ, SX പ്ലസ് എഎംടി, SX സിഎൻജി എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിൽ വാങ്ങാനാവും. 5.98 ലക്ഷം മുതൽ 8.42 ലക്ഷം വരെയാണ് കോംപാക്‌ട് സെഡാനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ജിഎസ്ടി ഇളവ് ലഭിച്ചതിന് ശേഷമുള്ള പുതുക്കിയ വിലകളാണിവ.

1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ സെഡാന് തുടിപ്പേകുന്നത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഉപയോഗിച്ചാണ് ഓറ വാങ്ങാനാവുന്നത്. സിഎൻജി ഓപ്ഷനും കാറിനൊപ്പം കൊടുക്കുന്നുണ്ട് കേട്ടോ. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും നല്ല മൈലേജ് കിട്ടും.
കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 68 bhp പവറിൽ 95 Nm ടോർക്കാണ് ഹ്യുണ്ടായി ഓറ ഉത്പാദിപ്പിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് സിഎൻജിക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിരുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലും ഹ്യുണ്ടായി ഓറ മികവുറ്റതാണ്. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സന്നാഹങ്ങളുമായിട്ടാണ് ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ സെഡാൻ വിപണിയിൽ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








