7.48 ലക്ഷത്തിന് 28 കി.മീ. മൈലേജുള്ള ഫാമിലി കാറുമായി ഹ്യുണ്ടായി, ഈ വിലയ്ക്ക് ഇതുപോലൊന്ന് വേറെയില്ല
ഇന്ത്യയിൽ എസ്‌യുവികൾ പെരുകിയതോടെ പ്രതാപം നഷ്‌ടപ്പെട്ട വിഭാഗമാണ് സെഡാനുകളുടേത്. പണ്ട് കാർ എന്നാൽ ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളായിരുന്നു ആളുകൾക്ക് വേണ്ടിയിരുന്നത്. അംബാസിഡറും പത്മിനിയുമെല്ലാം അങ്ങനെ അരങ്ങ് തകർത്തവരാണ്. എന്നാൽ കാലം മാറിയതോടെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോടായി ആളുകൾക്ക് പ്രിയം. എങ്കിലും വലിയ സെഡാനുകളേക്കാൾ വിൽപ്പനയുമായി കോംപാക്‌ട് സെഡാനുകൾ ഇപ്പോഴും നല്ല രീതിയിൽ വിറ്റഴിയുന്നുണ്ട്. മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ ചില മോഡലുകൾ ഇതിന് ഉദാഹരണങ്ങളാണ്.
നല്ല ബൂട്ട്സ്പേസും യാത്രാ സുഖവുമുള്ള ചെറിയ സെഡാനുകളുടെ ലോകത്തെ മിടുക്കനാണ് ഹ്യുണ്ടായി ഓറ. മുഖ്യശത്രുക്കളായ മാരുതി ഡിസയറും ഹോണ്ട അമേസും പുതുമോഡലുകൾ പുറത്തിറക്കിയപ്പോൾ ഓറയ്ക്ക് ചെറിയ ക്ഷീണമായിരുന്നു. പക്ഷേ ഇപ്പോഴിതാ കാറിന് പുതിയ വേരിയന്റുകൾ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മുമ്പോട്ടുവന്നിരിക്കുകയാണ്.

സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയുടെ വിൽപ്പന കൂട്ടാൻ സഹായിക്കുന്ന നീക്കമായിരിക്കും ഇത്. ഇൻ-ക്യാബിൻ അനുഭവവും മൊത്തത്തിലുള്ള സൗകര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത കോർപ്പറേറ്റ് വേരിയന്റാണ് കോംപാക്‌ട് സെഡാൻ നിരയിലേക്ക് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. സിഎൻജി, പെട്രോൾ പതിപ്പുകളിൽ ലഭ്യമായ മോഡലിന് 7.48 ലക്ഷം രൂപയും 8.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.
ഹ്യുണ്ടായി ഓറയുടെ കോർപ്പറേറ്റ് വേരിയന്റ് താത്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ അംഗീകൃത ഷോറൂമുകൾ സന്ദർശിച്ച് ഒരു ചെറിയ ടോക്കൺ തുക നൽകി മോഡൽ മുൻകൂട്ടി ബുക്ക് ചെയ്‌തിടാം. റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, കപ്പ് ഹോൾഡറുകളുള്ള ആംറെസ്റ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുള്ള സൈഡ് മിററുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് കോർപ്പറേറ്റ് ട്രിം വിപണിയിൽ എത്തുന്നത്.

വയർലെസ് കാർ കണക്റ്റ് സാങ്കേതികവിദ്യയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹ്യുണ്ടായി ഓറയുടെ കോർപ്പറേറ്റ് വേരിയന്റിന്റെ അകത്തളത്തിൽ ലഭ്യമാവും. എക്സ്റ്റീരിയറിലേക്ക് വന്നാൽ അടിസ്ഥാന രൂപം സമാനമായി നിലനിർത്തിയിട്ടുണ്ടെങ്കിലും എൽഇഡി ഡിആർഎൽ, 15 ഇഞ്ച് സ്റ്റൈലിഷ് സ്റ്റീൽ വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, റിയർ സ്‌പോയിലർ തുടങ്ങി നിരവധി സവിശേഷതകൾ സമ്മാനിച്ചാണ് വണ്ടിയെ കമ്പനി മിനുക്കിയെടുത്തിരിക്കുന്നത്.
പുതുതായി അവതരിപ്പിച്ച കോർപ്പറേറ്റ് മോഡൽ S, SX ട്രിമ്മുകൾക്കിടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഇതിലുള്ളത്. സിഎൻജി മോഡലിലേക്ക് വരുമ്പോൾ കാറിന്റെ പെർഫോമൻസ് കുറയുമെങ്കിലും നല്ല മൈലേജ് കിട്ടും.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 68 bhp പവറിൽ 95 Nm ടോർക്കാണ് ഹ്യുണ്ടായി ഓറ വികസിപ്പിക്കുന്നത്. ഇതും മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിരുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലും മോഡൽ കൊള്ളാം. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സന്നാഹങ്ങളുമായിട്ടാണ് ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








