കുഞ്ഞൻ എസ്‌യുവി പോലെയല്ല, ഡിക്കിയിൽ അന്യായ സ്പേസുണ്ട്! ഫാമിലി കാറിന്റെ കച്ചോടം കൂടിയ സന്തോഷത്തിൽ ഹ്യുണ്ടായി
ഒരുകാലത്ത് സെഡാനുകളുടെ പറുദ്ദീസയായിരുന്നു നമ്മുടെ രാജ്യം. ഹിന്ദുസ്ഥാൻ അംബാസിഡറും പ്രീമിയർ പദ്മിനിയും പോലുള്ള ഐതിഹാസ മോഡലുകൾ മാത്രമല്ല, മാരുതി എസ്റ്റീം, ദേവൂ സീലോ, ഫോർഡ് ഐക്കൺ, ഹ്യുണ്ടായി ആക്സെന്റ് അങ്ങനെ ലോകോത്തര നിലവാരത്തിലുള്ള മറ്റ് അനേകം കാറുകളും വിരാജിച്ചിരുന്ന നാടാണ് ഇന്ത്യ. ഇന്ന് എസ്‌യുവികൾ നാടിന്റെ ഭരണം ഏറ്റെടുത്തുവെങ്കിലും ഒരുവിഭാഗം ആളുകൾക്ക് ഇന്നും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ തന്നെയാണ് അവസാനവാക്ക്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേക്കാൾ പ്രായോഗികവും യാത്രാസുഖവും തരുന്നതിൽ സെഡാനുകൾ വേറെ ലെവലാണ്. നല്ല ഡിക്കി സ്പേസും പിൻനിരയിൽ മികച്ച ലെഗ്റൂമും തരാൻ ഇവരെക്കഴിഞ്ഞേ ആളുള്ളൂ.
10 ലക്ഷത്തിൽ താഴെ വിലയുളള കോംപാക്‌ട് സെഡാനുകളോടാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ അടുപ്പം. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാമുള്ളതിനാൽ കൊണ്ടുനടക്കാനും ഏത് ആവശ്യത്തിന് ഉപോഗിക്കാനുമാവും. ഹ്യുണ്ടായി എന്ന് കേൾക്കുമ്പോൾ പലർക്കും എസ്‌യുവികളോ ഹാച്ച്ബാക്കുകളോ ആണ് ആദ്യം ഓർമ വരുന്നതെങ്കിലും കിടിലൻ സെഡാനുകളും നമുക്ക് സമ്മാനിച്ചിട്ടുള്ളവരാണ് ഇവർ.

ആക്‌സന്റ് എന്ന മോഡൽ ഒരുകാലത്തുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ലായിരുന്നു. ഇതിന്റെ പിൻഗാമിയെന്ന് വിളിക്കാനാവില്ലെങ്കിലും കോംപാക്‌ട് സെഡാൻ ശ്രേണിയിൽ ഹ്യുണ്ടായിയുടെ ഓറ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. മാരുതി ഡിസയറിന്റെ പ്രധാന എതിരാളിയായ മോഡൽ പ്രായോഗികതയുടെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും നല്ലൊരു ത്രീ-ബോക്‌സ് ടൈപ്പ് വാഹനമാണ്. 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ഇക്കാര്യം വ്യക്തമായിട്ടുമുണ്ട്.
കമ്പനിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം ഹ്യുണ്ടായി ഓറയുടെ കച്ചോടം 21 ശതമാനത്തോളം പുരോഗതി കൈവരിച്ചു. 2025 ഒക്ടോബറിൽ 5,815 യൂണിറ്റ് വിൽപ്പനയുമായിട്ടാണ് സെഡാൻ കരുത്തുകാട്ടിയത്. കഴിഞ്ഞ വർഷം ഇതേമാസം നിരത്തിലെത്തിച്ച 4,805 യൂണിറ്റ് വിൽപ്പനയുമായിട്ട് താരതമ്യം ചെയ്യുമ്പോഴാണ് മോഡലിന്റെ വിൽപ്പനയിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. ക്രെറ്റയ്ക്കും വെന്യുവിനും എക്സ്റ്ററിനും ശേഷം ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാറാണിത്.

സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയെ മനസിലാക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുന്നുണ്ടെന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. ജിഎസ്ടി ഇളവ് ലഭിച്ചതിന് ശേഷം ഹ്യുണ്ടായി ഓറയ്ക്ക് വെറും 5.98 ലക്ഷം മുതൽ 8.42 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വൈവിധ്യമാർന്ന ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്തുന്നതിനായി നിരവധി വേരിയന്റുകളും കാറിലുണ്ട്.
82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ കപ്പ സീരീസിലുളഅള പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ സെഡാന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഓറയിലുള്ളത്. ഇതിനൊപ്പം സിഎൻജി ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസിൽ ഇടിവുണ്ടാവുമെങ്കിലും അന്യയ ഇന്ധനക്ഷമതയാണ് വണ്ടിക്ക് തരാനാവുക.

സിഎൻജിയിൽ ഹ്യുണ്ടായി ഓറയ്ക്ക് 68 bhp പവറിൽ 95 Nm ടോർക്കാണ് സൃഷ്ടിക്കാനാവുന്നത്. മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് സിഎൻജിക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നതെന്ന് മാത്രം. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നതെന്നാണ് വിവരം.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ പോലുള്ള ഫീച്ചറുകളും ഹ്യുണ്ടായിയുടെ കോംപാക്‌ട് സെഡാനിൽ ഒരുക്കിവെച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാവാം കേട്ടോ.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ വലിയ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഒന്നുമില്ലെങ്കിലും 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകൾ ഓറയുടെ ഭാഗമാണ്.


Click it and Unblock the Notifications








