എർട്ടിഗയെ തട്ടി, ബ്രെസയെ തൂക്കി! ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാര്‍ മാരുതിയല്ല, ഈ മുതലാണ്
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയമാനം സമ്മാനിച്ച മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. റെനോ ഡസ്റ്റർ തുടക്കമിട്ട വിഭാഗത്തിൽ ശരിക്കും ആറാടിയത് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ സ്പോർട്ട് യൂട്ടിലിറ്റി വാഹനമായിരുന്നുവെന്ന് വേണം പറയാൻ. 2015-ൽ വിപണിയിൽ എത്തിയതു മുതൽ ഈ നിമിഷം വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവികളിൽ ഒന്നായി അരങ്ങുതകർക്കുകയാണ് നമ്മുടെ ക്രെറ്റക്കുട്ടൻ. വിൽപ്പനയുടെ കാര്യത്തിൽ സെഗ്മെന്റിൽ എതിരാളികളില്ലാത്തതിനാൽ മറ്റ് വണ്ടികളുമായാണ് ഇപ്പോൾ ആശാൻ മത്സരിക്കുന്നത്. എന്തിനാണന്നല്ലേ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കച്ചോടം ലഭിക്കുന്ന കാറാവാനുള്ള മത്സരമാണിത്.
അതും മാരുതി സുസുക്കിയുടെ ജനപ്രിയരായ എർട്ടിഗ, ബ്രെസ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളോടാണ് കിരീടത്തിനായുള്ള പോരാട്ടം. രസകരമായ കാര്യമെന്തെന്നാൽ മിക്കമാസങ്ങളിലും വിജയം ഹ്യുണ്ടായിയുടെ എസ്‌യുവിക്ക് തന്നെയാണ്. വിലയും റീസെയിൽ വാല്യുവുമൊന്നുമല്ല പ്രൗഡി തന്നെയാണ് തങ്ങൾക്ക് വേണ്ടതെന്ന ഇന്ത്യക്കാരുടെ മൈൻഡ് സെറ്റാണ് ഇവിടെ കാണാനാവുന്നത്.

2025 ജൂണിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി ക്രെറ്റ മാറിയെന്ന സന്തോഷത്തിലാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL). പോയമാസം എസ്‌യുവിയുടെ 15,786 യൂണിറ്റുകൾ വിറ്റഴിച്ചാണ് ഈ സ്ഥാനത്തിന് ക്രെറ്റ അർഹനായത്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നായി ക്രെറ്റ വീണ്ടും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് നിസംശയം പറയാം.
നിലവിൽ സെഗ്മെന്റിലെ എതിരാളികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത സംഖ്യയാണ് ക്രെറ്റയുടെ വിൽപ്പന കണക്കുകൾ. മൂന്ന് തലമുറ ആവർത്തനങ്ങളിലായി പുറത്തിറങ്ങിയ ക്രെറ്റയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 12 ലക്ഷത്തിലധികം സന്തോഷകരമായ ഉടമകളുടെ പിൻബലവും വാഹനത്തിനുണ്ട്.

ക്രെറ്റ എന്തുകൊണ്ടാണ് ഇത്രയും സ്പെഷ്യലാവുന്നതെന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ ഏറെയുണ്ടാവും. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോൾ 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകളും കൂടിയാവുമ്പോൾ പകരംവെക്കാൻ വേറൊരു മോഡൽ ഈ രംഗത്തില്ലെന്ന് തന്നെ പറയാം.

പെർഫോമൻസ് കണക്കുകളിലും ആരേയും നിരാശപ്പെടുത്താൻ ക്രെറ്റയ്ക്ക് സാധിക്കില്ല കേട്ടോ. ആദ്യത്തെ 1.5 ലിറ്റർ MPi പെട്രോളാണെങ്കിൽ 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ഹ്യുണ്ടായി പറയുന്നു. ഇനി ഡീസലാണ് നോക്കുന്നതെങ്കിൽ എസ്‌യുവിയിലെ 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ വാങ്ങുന്നവർക്ക് 116 bhp പവറിൽ 250 Nm torque വരെയും ലഭിക്കും.
പെർഫോമൻസ് പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോൾ 160 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകും. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ 'സെൻഷ്യസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് ക്രെറ്റ പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ വർക്കിന്റെ കാര്യത്തിലെന്ന പോലെ ലുക്കിന്റെ കാര്യത്തിലും ക്രെറ്റയെ വെല്ലാൻ ആർക്കുമാവില്ല.


Click it and Unblock the Notifications








