രാജ്യം കാത്തിരുന്ന ആ നിമിഷമെത്തി, 473 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി
ടാറ്റയും എംജിയും അരങ്ങുവാഴുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനികളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും എത്തുകയാണ്. മാരുതി ഇ-വിറ്റാരയുമായി വന്നപ്പോൾ ദക്ഷിണ കൊറിയൻ ബ്രാൻഡ് ജനപ്രിയനായ ക്രെറ്റയുടെ വൈദ്യുത മോഡലുമായാണ് കടന്നുവന്നിരിക്കുന്നത്. എന്തായാലും ICE എഞ്ചിൻ മോഡൽ ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ ഇവിക്കും തകർക്കാനാവുമെന്നാണ് വിശ്വാസം. അതും മാന്യമായ വിലയിൽ കിടിലൻ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നതിനാൽ ക്രെറ്റ ഇവിക്കായി ആവശ്യക്കാർ ഒഴുകിയെത്തുമെന്നാണ് അനുമാനം. ഇപ്പോഴിതാ കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ ക്രെറ്റ ഇലക്ട്രിക്കാനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനി.
എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മാറ്റേകാനായി ആകെ 10 കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാറ്റ് ഷേഡുകളും 8 മോണോടോണും 2 ഡ്യുവൽ ടോൺ നിറങ്ങളും യഥേഷ്ടം തെരഞ്ഞെടുക്കാാനാവും.

അബിസ് ബ്ലാക്ക് പേൾ മെറ്റാലിക്, അറ്റ്ലസ് വൈറ്റ് മെറ്റാലിക്, ഫിയറി റെഡ് പേൾ മെറ്റാലിക്, സ്റ്റാറി നൈറ്റ് മെറ്റാലിക്, ഓഷ്യൻ ബ്ലൂ മെറ്റാലിക്, ഓഷ്യൻ ബ്ലൂ മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ്, റോബസ്റ്റ് എമറാൾഡ് മാറ്റ് എന്നിവയാണ് ക്രെറ്റ ഇവിയിലെ മോണോടോൺ കളർ ഓപ്ഷനുകൾ. അതേസമയം ബ്ലാക്ക് റൂഫുള്ള ഓഷ്യൻ ബ്ലൂ മെറ്റാലിക്, ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ് എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ ഡ്യുവൽ-ടോൺ ഷേഡുകൾ.
ഡിസൈനിലേക്ക് വന്നാൽ ക്രെറ്റ ഇലക്ട്രിക് ICE മോഡലിനോട് വളരെ സാമ്യമുള്ളതാണ്. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ, റീഡിസൈൻ ചെയ്ത മുൻവശം, ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, 17 ഇഞ്ച് എയറോബ്ലേഡ് അലോയ് വീലുകൾ, ഫ്രണ്ട്-ഫെൻഡർ-മൗണ്ടഡ് ചാർജിംഗ് പോർട്ട് എന്നിവയാണ് ഡീസൽ ക്രെറ്റയിൽ നിന്നും ഇവിയെ വ്യത്യസ്‌തമാക്കുന്ന പ്രധാന കാര്യങ്ങൾ. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ ബാറ്ററി നന്നായി തണുപ്പിക്കുന്നതിന് എയർ ഫ്ലോ ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇന്റീരിയിറിലേക്ക് കയറിയാലും ആരും നിരാശപ്പെടില്ല. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ സ്‌ക്രീനുകളുമായാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഇതുകൂടാതെ പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡിനുള്ള റോട്ടറി നോബ് തുടങ്ങിയ സജ്ജീകരണങ്ങളും അടിപൊളിയാണ്.
പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ്, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ, ADAS സ്യൂട്ട് തുടങ്ങിയവയും ഇവിയുടെ ഭാഗമായി ഹ്യുണ്ടായി കൊടുത്തിട്ടുണ്ട്. V2L (വെഹിക്കിൾ-ടു-ലോഡ്) ചാർജിംഗ് ശേഷിയും ക്രെറ്റ ഇലക്ട്രിക്കിൽ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. സിംഗിൾ-പെഡൽ ഡ്രൈവിംഗ് സാധ്യമാക്കുന്ന ഹ്യുണ്ടായി ഐ-പെഡൽ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിൽ ഒരുക്കിയിട്ടുണ്ടേ.

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ തെരഞ്ഞെടുക്കുന്നതിനായി അയോണിക് 5 ഇവിയിൽ കാണുന്നത് പോലെ സ്റ്റിയറിംഗ് കോളത്തിലാണ് ഡ്രൈവ് മോഡ് സെലക്ടർ സ്ഥിതി ചെയ്യുന്നത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ചെറിയ ബാറ്ററി പായ്ക്കിന് ഫുൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. അതേസമയം ഇവിയിലെ 51.4 kWh യൂണിറ്റ് സിംഗിൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.
ലോംഗ് റേഞ്ച് വേരിയന്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഡിസി ഫാസ്റ്റ് ചാർജിംഗ് വഴി വെറും 58 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും.


Click it and Unblock the Notifications








