വില 10 ലക്ഷത്തിന് മുകളിൽ, എന്നിട്ടും കഴിഞ്ഞ മാസം വിറ്റത് 18,381 യൂണിറ്റുകൾ! ഈ എസ്‌യുവി വാങ്ങാൻ ഇടിച്ചുകയറി ജനം
ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ബെഞ്ച്മാർക്കാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta SUV). മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലിന്റെ വിൽപ്പനയെ മറികടക്കാൻ സെഗ്മെന്റിൽ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. 10 ലക്ഷത്തിന് മുകളിൽ വിലയുള്ള മോഡൽ പല മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഓരോ മാസവും 15,000 യൂണിറ്റുകൾക്ക് മുകളിൽ കച്ചോടം പിടിക്കുന്ന ക്രെറ്റയുടെ തന്ത്രം എന്താണെന്ന് എതിരാളികൾക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല.
2025 ഒക്ടോബർ മാസത്തെ വിൽപ്പനയിലും മുൻപന്തിയിൽ തന്നെയുണ്ട് ഹ്യുണ്ടായി ക്രെറ്റ. പോയമാസം ടോപ്പ് സെല്ലിംഗ് ചാർട്ടിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും എസ്‌യുവിയുടെ 18,381 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 17,497 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 5 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനും മിടുക്കനായിട്ടുണ്ട്.

മൂന്ന് തലമുറ ആവർത്തനങ്ങളിലായി പുറത്തിറങ്ങിയ ക്രെറ്റ ഇന്ത്യയിലെത്തിയിട്ട് 10 വർഷം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിക്ക് നിലവിൽ 10.73 ലക്ഷം രൂപ മുതൽ 20.20 ലക്ഷം രൂപ വരെയാണ് വില വരുന്നത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വിപണനത്തിന് എത്തുന്നത്. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതും വാഹനത്തിന്റെ കരുത്താണ്.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ക്രെറ്റയിലെ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ 116 bhp കരുത്തിൽ 250 Nm ടോർക്ക് വരെയും 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോളാണെങ്കിൽ 160 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ കഴിവുള്ളതാണ് കേട്ടോ.
ഇന്റേണൽ കമ്പഷൻ എഞ്ചിനുകൾക്ക് പുറമെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും ഇപ്പോൾ വിപണിയിലുണ്ട്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ ക്രെറ്റ ഇവി യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ലോംഗ് റേഞ്ച് വേരിയന്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ 2 ADAS പോലുള്ള പ്രീമിയം ഫീച്ചറുകളാൽ ക്രെറ്റ നിര സമ്പന്നവുമാണ്.
ലെവൽ 2 ADAS കൂടാതെ 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി ക്രെറ്റയുടെ പ്രത്യേകതകളാണ്. എന്തായാലും ഓരോ മാസവും ഇത്രയധികം ആളുകളെക്കൊണ്ട് ഈയൊരു വാഹനം വാങ്ങിപ്പിക്കാൻ ഹ്യുണ്ടായിക്ക് സാധിക്കുന്നത് വലിയ നേട്ടം തന്നെയാണെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








