വാഗൺആറും പഞ്ചുമല്ല! കുത്തകയായിരുന്ന ഒന്നാം സ്ഥാനം പിടിച്ചെടുത്ത് 10 ലക്ഷത്തിന് മുകളിൽ വിലയുള്ള ഹ്യുണ്ടായി കാർ
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ എന്ന പദവി വർഷങ്ങളായി കൈയടക്കിവെച്ചിരിക്കുകയായിരുന്നു മാരുതി സുസുക്കി. വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ എന്നീ മോഡലുകളുമായി ഏറെക്കാലം വിപണി ഭരിച്ച കമ്പനിക്ക് ആദ്യം മറുപടി കിട്ടിയത് ടാറ്റയിൽ നിന്നുമായിരുന്നു. പഞ്ച് എന്ന മൈക്രോ എസ്‌യുവിയിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാർ എന്ന ബഹുമതി ടാറ്റ അടുത്തിടെ തട്ടിയെടുക്കുകയുണ്ടായി. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയുടെ നമ്പർ 1 കാറായി അങ്ങനെ പഞ്ച് മാറുകയും ചെയ്‌തു. പിന്നീട് പഞ്ചിനെ ഒതുക്കി മാരുതി ഫ്രോങ്ക്‌സ് സർപ്രൈസായി ഓവർടേക്ക് ചെയ്‌തതും രസകരമായ കാര്യമായിരുന്നു.
എന്നാൽ ഇപ്പോഴിതാ 2025 മാർച്ച് മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ രസകരമായൊരു കാഴ്ച്ചയാണ് കാണാനാവുന്നത്. ഇന്ത്യയില്‍ നമ്പര്‍ 1 കാർ എന്ന പദവി ഇത്തവണ അലങ്കരിച്ചിരിക്കുന്നത് മാരുതി വാഗൺആറോ, മാരുതി സ്വിഫ്റ്റോ, മാരുതി ഫ്രോങ്ക്‌സോ, ടാറ്റ പഞ്ചോ, ടാറ്റ നെക്സോണോ ഒന്നുമല്ല. 10 ലക്ഷത്തിന് മുകളിൽ വിലയുള്ള ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയാണ് രാജ്യത്ത് പോയമാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോഡലായി മാറിയിരിക്കുന്നത്.

കഴിഞ്ഞ മാസം 18,059 യൂണിറ്റുകളുടെ വിൽപ്പനയാണ് ഈ തട്ടുപൊളിപ്പൻ എസ്‌യുവിയെ തേടിയെത്തിയിരിക്കുന്നത്. ഇക്കൂടെ 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) 52,898 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഉയർന്നുവരാനും ക്രെറ്റയ്ക്കായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ മോഡൽ മൊത്തത്തിൽ 1,94,871 യൂണിറ്റ് വിൽപ്പനയും സ്വന്തമാക്കുകയുണ്ടായി.
വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വളർച്ചയാണ് ഹ്യുണ്ടായി ക്രെറ്റ കൈവരിച്ചിരിക്കുന്നതും. ഇതോടെ 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പാസഞ്ചർ വാഹനമായി സ്ഥാനം ഉറപ്പിക്കാനും മോഡലിനായി. ക്രെറ്റ വാങ്ങിയവരിൽ 69 ശതമാനം ആളുകളും സൺറൂഫുള്ള വകഭേദങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നതും. മറുവശത്ത് എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകൾ മൊത്തം വിൽപ്പനയിൽ 24 ശതമാനവും സംഭാവന ചെയ്‌തിട്ടുണ്ട്.

മൂന്ന് തലമുറ ആവർത്തനങ്ങളിലായി പുറത്തിറങ്ങിയ ക്രെറ്റയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 11.11 ലക്ഷം രൂപ മുതൽ 20.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ 'സെൻഷ്യസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് ക്രെറ്റ പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയുടെ എക്സ്റ്റീരിയർ കിടിലമാക്കുന്ന സംഗതികളാണ്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും ആർക്കും ഇഷ്‌ടമാവുന്ന രീതിയിലാണ് ക്രെറ്റയുടെ അകത്തളം പൂർത്തിയാക്കിയിരിക്കുന്നത്.

ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS പോലുള്ള ഗംഭീര ഫീച്ചറുകളുടെ അകമ്പടിയാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.
സേഫ്റ്റി പ്രധാന പരിഗണനയിലുള്ള ഇന്ത്യക്കാരെ തൃപ്ത്തിപ്പെടുത്താനാവുന്ന തരത്തിലാണ് ഹ്യുണ്ടായി തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയെ ഒരുക്കിയിട്ടുള്ളത്. 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സവിശേഷതകളെല്ലാം മോഡലിലുണ്ട്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.


Click it and Unblock the Notifications








