ഷോറൂം കാലിയാക്കണം, കാറുകൾ 1 ലക്ഷം രൂപ വരെ വിലക്കുറച്ച് വിൽക്കാൻ ഹ്യുണ്ടായിയുടെ ഇയർ എൻഡ് ഓഫർ
ഇന്ത്യൻ വാഹന വിപണിയിലെ രണ്ടാം സ്ഥാനം ടാറ്റ മോട്ടോർസിൽ നിന്നും തിരികെപ്പിടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 2025 നവംബറിൽ മൊത്തം 66,840 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് കമ്പനിയുടെ നഷ്‌ടപ്പെട്ട പദവി വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന മോഡലുകള്‍ മികച്ച വിൽപ്പന നേടിയതിനാല്‍ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വാര്‍ഷിക വിൽപ്പനയിൽ ബ്രാൻഡിന് 4.3 ശതമാനത്തിൻ്റെ വർധനവും കൈയെത്തിപ്പിടിക്കുവാനായി. ഈ വേഗം നിലനിർത്തുന്നതിനായി ഇയർ എൻഡ് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായി. 'ഡിസംബർ ഡിലൈറ്റ്' എന്നുപേരിട്ടിരിക്കുന്ന ക്യാമ്പയിന് കീഴിലാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുത്ത മോഡലുകളിൽ 1 ലക്ഷം രൂപ വരെയാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ഉത്സവ സീസണ് ശേഷം വാഹനങ്ങൾക്ക് ആവേശകരമായ ഓഫറുകളും ആനുകൂല്യങ്ങളും നൽകി വിൽപ്പന വർധിപ്പിക്കാനും നിലവിലെ സ്റ്റോക്കുകൾ വേഗത്തിൽ വിറ്റഴിക്കുവാനും വേണ്ടിയാണ് ഇയർ എൻഡ് ഓഫറുകൾ കമ്പനി നൽകുന്നത്. ഡിസംബർ ഡിലൈറ്റ് ക്യാമ്പയിന് യോഗ്യമായ വാഹനങ്ങൾ ഏതൊക്കെയാണെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും എക്‌സ്റ്റർ, i20, ഓറ, അൽകസാർ, വെർണ, ഗ്രാൻഡ് i10 നിയോസ് എന്നിവയിലാവും ഓഫറുകൾ ലഭിക്കുകയെന്നാണ് അനുമാനം. പുതിയ ക്രെറ്റ, വെന്യു തുടങ്ങിയ വാഹനങ്ങളിൽ ഓഫറുകളൊന്നും ലഭ്യമായേക്കില്ലെന്നാണ് അനുമാനം. എന്തായാലും കൃത്യമായ വിവരങ്ങൾക്ക്, ഏറ്റവും അടുത്തുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിലുള്ള വാഹനങ്ങൾ മാറ്റി പുതിയതൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കും സർക്കാർ ജീവനക്കാർക്കും പ്രത്യേക ആനുകൂല്യങ്ങളും ഡിസംബർ ഡിലൈറ്റ് ക്യാമ്പയിനിലൂടെ ഉപയോഗപ്പെടുത്താനാവും. ഇയർ എൻഡ് ഓഫറിൽ ഇനിയും ആനുകൂല്യങ്ങൾ ഉണ്ടാവും. പോയമാസത്തെ വിൽപ്പന കണക്കിൽ ടാറ്റ മോട്ടോർസിനെ മറികടക്കാൻ ഹ്യുണ്ടായിയെ സഹായിച്ചത് പുതിയ വെന്യുവിൻ്റെ വരവാണ്. സബ്-4 മീറ്റർ എസ്‌യുവി ഇതുവരെ 32,000 ബുക്കിംഗുകൾ മറികടന്നിട്ടുണ്ടെന്നാണ് വിവരം.

HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വൈവിധ്യമാർന്ന വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന എസ്‌യുവിക്ക് 7.89 ലക്ഷം മുതൽ 15.48 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായിയുടെ ഗ്ലോബൽ K1 എൻഹാൻസ്ഡ് പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്ത ഈ പുതിയ മോഡൽ അതിൻ്റെ മുൻഗാമിയേക്കാൾ ഉയരവും വീതിയും വീൽബേസും കൂടിയതാണ്. നിലവിൽ 2,520 മില്ലീമീറ്റർ നീളമുള്ള വീൽബേസിലാണ് വെന്യു വിപണിയിലെത്തുന്നത്.
ഡാർക്ക് റേഡിയേറ്റർ ഗ്രിൽ, ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വിൻ-ഹോൺ എൽഇഡി ഡിആർഎല്ലുകൾ, ഹൊറൈസൺ-സ്റ്റൈൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഐഡൻ്റിറ്റിയാണ് ന്യൂജെൻ വെന്യു ആവാഹിച്ചിരിക്കുന്നത്. പുതിയ സി-പില്ലർ ഗാർണിഷ്, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ, ഇൻ-ഗ്ലാസ് വെന്യു എംബ്ലം എന്നിവ കൂടിയാവുമ്പോൾ വെന്യുവിൻ്റെ പ്രീമിയംനെസ് വല്ലാതെ ഉയരുന്നുണ്ട്.

ആറ് മോണോടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍-ടോൺ നിറങ്ങളിലും ഈ എസ്‌യുവി ലഭ്യമാണ്. ഹേസല്‍ ബ്ലൂ, മിസ്റ്റിക് സഫയര്‍, ഡ്രാഗണ്‍ റെഡ് തുടങ്ങിയ പുതിയ നിറങ്ങളാണ് ഹ്യുണ്ടായിയുടെ പുതുതലമുറ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം അബിസ് ബ്ലാക്ക് റൂഫുള്ള ഹേസല്‍ ബ്ലൂ അല്ലെങ്കില്‍ അറ്റ്ലസ് വൈറ്റ് എന്നീ ഡ്യുവല്‍-ടോൺ ഓപ്ഷനുകളും ആളുകൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നതാണ്.
ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന 12.3 ഇഞ്ച് കർവ്‌ഡ് ഡിസ്പ്ലേ, ടെറാസോ-ടെക്സ്ചർഡ് ക്രാഷ് പാഡ്, ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റുകൾ, ഇലക്ട്രിക് 4-വേ ഡ്രൈവർ സീറ്റ്, 2-സ്റ്റെപ്പ് റീക്ലൈനിംഗ് റിയർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഒരു കോഫി-ടേബിൾ-സ്റ്റൈൽ സെൻ്റർ കൺസോൾ, റിയർ വിൻഡോ സൺഷെയ്ഡുകൾ, റിയർ എസി വെന്റുകൾ, ബോസ് 8-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് എസ്‌യുവിയുടെ അകത്തളത്തിലെ സവിശേഷതകൾ.
മൊത്തത്തിൽ 65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് പുതുതലമുറയെ പണിതിറക്കുന്നത്. അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിൻ്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് സബ്-4 മീറ്റർ എസ്‌യുവി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








