ചെറിയ ഡൗൺപേയ്മെന്റും കൊക്കിലൊതുങ്ങുന്ന ഇഎംഐയും; ലോണിട്ട് ഹ്യുണ്ടായി എക്സ്റ്റർ വാങ്ങിയാലോ?
ഇന്ത്യയിൽ എസ്‌യുവി മോഡലുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്കായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പണിതിറക്കിയ മോഡലാണ് എക്സ്റ്റർ (Hyundai Exter). ടാറ്റ പഞ്ച് എന്ന അതികായകൻ അരങ്ങുവാഴുന്ന മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് എത്തിയപ്പോൾ എക്സ്റ്റർ എങ്ങനെ കളംനിറയുമെന്നായിരുന്നു ആളുകളുടെ പ്രധാന സംശയം. എന്നാൽ അടിപൊളി ഡിസൈനും മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ച് ഹ്യുണ്ടായിയുടെ ഇത്തിരി കുഞ്ഞൻ അതിവേഗം ജനഹൃദയങ്ങൾ കീഴടക്കി. തുടക്കത്തിൽ അതിവേഗം വിറ്റഴിയാനും ആശാന് സാധിച്ചത് കമ്പനിക്ക് വലിയ ആശ്വാസമാവുകയും ചെയ്‌തു.
ഒപ്പം പഞ്ചിലില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിൻ കൂടിയായപ്പോൾ സംഗതി കളറായി. ആർക്കും കുറ്റംപറയാൻ അവസരം കൊടുക്കാതെ മുന്നേറുന്ന എക്സ്റ്റർ സ്വന്തമാക്കാനിരിക്കുന്നവർ അനേകമായിരിക്കും. അതുകൊണ്ട് തന്നെ ഈ മോഡൽ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി അതിന്റെ ലോണ്‍, ഇഎംഐ വിവരങ്ങള്‍ ഒന്ന് പങ്കുവെക്കാം. ഡൗൺ പേയ്മെന്റ് വിവരങ്ങളും പലിശ നിരക്കുമെല്ലാം ചർച്ച ചെയ്‌ത് പോവാം.

EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ എത്തുന്ന ഹ്യുണ്ടായി എക്സ്റ്ററിന് കൊച്ചിയിൽ 7,36,686 രൂപ മുതൽ 11,24,189 രൂപയോളം വരും ഓൺ-റോഡ് വില. ഇതിൽ ബേസ് വേരിയന്റിന്റെ കണക്കുകൾ നമുക്ക് വിശദമായി നമുക്ക് നോക്കാം. 50,000 രൂപ കൈയിലുണ്ടെങ്കിൽ മാന്യമായ ഇഎംഐയിൽ മൈക്രോ എസ്‌യുവി സ്വന്തമാക്കാനാവും കേട്ടോ.
ഹ്യുണ്ടായി എക്സ്റ്റർ EX പെട്രോൾ വേരിയന്റിന് 7,36,686 രൂപയാണ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി വരുന്ന ഓൺ-റോഡ് വില. 50,000 രൂപ ഡൗൺ പേയ്മെന്റായി നൽകിയാൽ 6,86,686 രൂപയോളം ലോൺ എടുക്കേണ്ടതായി വരും. 8 ശതമാനം പലിശ നിരക്കിൽ ലോൺ പാസായാൽ 5 വർഷത്തേക്ക് 13,924 രൂപയാണ് ഇഎംഐ വരിക. ഇനി 7 വർഷത്തേക്കാണ് ലോൺ കാലാവധി നോക്കുന്നതെങ്കിൽ 10,703 രൂപയാവും മാസം അടവായി കൊടുക്കേണ്ടത്.

പലിശ 9 ആണെങ്കിൽ 5 വർഷത്തേക്ക് ഏകദേശം 14,254 രൂപയും മാസം അടയ്ക്കേണ്ടതായി വരും. അതേസമയം ലോൺ കാലാവധി കൂട്ടി 7 വർഷത്തേക്ക് ആക്കുകയാണെങ്കിൽ 11,048 രൂപയാണ് ഇഎംഐ വരിക. ഇതില്‍ ലോണിന്റെ കാലാവധി നിങ്ങള്‍ കുറയ്ക്കുമ്പോള്‍ മാസതവണ കൂടും. മറുവശത്ത് ലോണ്‍ കാലാവധി കൂട്ടുകയാണെങ്കില്‍ മാസതവണ കുറയും പക്ഷേ നിങ്ങള്‍ ഭീമമായ തുക തിരിച്ചടവില്‍ മുടക്കേണ്ടി വരും.
കൈയ്യില്‍ കുറച്ച് കൂടി പൈസയെടുക്കാനുണ്ടെങ്കിൽ ഡൗണ്‍ പെയ്മന്റ് അൽപം കൂട്ടിയിട്ട് ലോൺ ചെറിയ കാലാവധിയിലേക്ക് എടുക്കുന്നതാവും ഉചിതം. പക്ഷേ എല്ലാവർക്കും അത് സാധ്യമല്ലാത്തത് കൊണ്ടാണ് ചെറിയ ഡൗണ്‍ പെയ്മന്റ് അടച്ചുള്ള സ്കീം ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഡൗൺ പേയ്മെന്‍റും ലോൺ കാലവധിയും (Loan Tenure) പലിശ നിരക്കുമൊക്കെ അതാത് ബാങ്കുകളുടെ നിയമങ്ങളെയും നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനെയുമൊക്കെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.

ആയതിനാൽ ഇവിടെ നൽകിയിരിക്കുന്നത് ഒരു ഏകദേശ രൂപം മാത്രമാണ്. അതോടൊപ്പം തെരഞ്ഞെടുക്കുന്ന വേരിയന്റെ അനുസരിച്ചും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഇഎംഐ തുകയിൽ മാറ്റങ്ങൾ വന്നേക്കാമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. കുറഞ്ഞ വിലയും അടിപൊളി ഫീച്ചറുകളുമെല്ലാമായി എത്തുന്ന എക്സ്റ്റർ നല്ലൊരു ഫാമിലി കാറാണെന്നതിൽ സംശയമൊന്നും വേണ്ട താനും. ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.
പരിചിതമായ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ മൈലേജും വരെ ലഭിക്കുകയും ചെയ്യും.

ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനും എസ്‌യുവിയിലുണ്ട്. മാനുവൽ ഗിയർബോക്‌സുമായി വരുന്ന എക്സ്റ്റർ സിഎൻജിക്ക് 68 bhp കരുത്തിൽ പരമാവധി 95.2 Nm torque വരെയാണ് നൽകാനാവുക. കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജാണ് എക്സ്റ്റർ സിഎൻജിക്ക് നൽകാനാവുക. ബൂട്ട് സ്പേസിന്റെ പ്രായോഗികത വർധിപ്പിക്കുന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും ഇതിനൊപ്പം ഉള്ളതിനാൽ കാര്യങ്ങൾ കൂടുതൽ അടിപൊളിയാവുന്നുണ്ട്.


Click it and Unblock the Notifications








