വില കൂട്ടിയതിന് പിന്നാലെ ഹ്യുണ്ടായിയുടെ തലോടൽ, 27.1 കി.മീ. മൈലേജുള്ള കുഞ്ഞൻ എസ്‌യുവിക്ക് 50,000 രൂപ ഓഫർ
ഇന്ത്യൻ വിപണിയിലെ രണ്ടാം സ്ഥാനത്തിനായുള്ള മത്സരത്തിലാണ് ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയും. ഓരോ മാസവും മാറി മാറി സ്ഥാനങ്ങൾ നേടുമ്പോൾ ആർക്കും പ്രവചിക്കാനാവാത്ത തരത്തിലേക്കാണ് മത്സരം മുറുകുന്നത്. എതിരാളികളെ തകർക്കാനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസ് ഇതിനോടകം രംഗത്തെത്തുകയും ചെയ്‌തു. ഇതിന് ബദലായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും തങ്ങളുടെ മോഡൽ നിരയിൽ ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകളിൽ എതിരാളികളെ തകർക്കാൻ ഒരുക്കിവെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ.
ഹാച്ച്ബാക്ക്, കോംപാക്‌ട് എസ്‌യുവി മോഡലുകളായ i20, വെന്യു, എക്സ്റ്റർ, ഗ്രാൻഡ് i10 നിയോസ് എന്നിവയിലാണ് ഈ മാസം ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ, സ്ക്രാപ്പേജ് ബോണസ് തുടങ്ങിയവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങളിൽ ഉപയോഗപ്പെടുത്താനാവുക. മാത്രമല്ല ഏപ്രിൽ 30 വരെ ആയിരിക്കും ഈ ഓഫറുകൾ ലഭ്യമാവുകയും ചെയ്യുക.

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസ് വാങ്ങാനെത്തുന്നവർക്ക് 68,000 രൂപ വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അവസരമുള്ളത്. 5.98 ലക്ഷം മുതൽ 8.38 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന കോംപാക്‌ട് ഹാച്ച്ബാക്ക് 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടെയാണ് വിപണനത്തിന് എത്തുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടുന്നു. കൂടുതൽ ഇന്ധനക്ഷമത വേണ്ടവർക്ക് സിഎൻജിയും നിയോസിൽ ലഭ്യമാണ്.
ഒരുകാലത്ത് തരംഗമായിരുന്ന ഹ്യുണ്ടായിയുടെ i20 പ്രീമിയം ഹാച്ച്ബാക്കിലും ഈ മാസം വമ്പൻ ഡിസ്കൗണ്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിലിൽ ഈ മോഡൽ വാങ്ങാനെത്തുന്നവർക്ക് 65,000 വരെ ലാഭിക്കാനാവും. നിലവിൽ 7.04 ലക്ഷം രൂപ മുതൽ 11.24 ലക്ഷം വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ നിലവിൽ 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

ടാറ്റ പഞ്ചുമായി മത്സരിക്കുന്ന ഹ്യുണ്ടായിയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റർ. നിലവിൽ, 5.99 ലക്ഷം മുതൽ 10.43 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള മോഡലിന് 50,000 രൂപ വരെയാണ് ഓഫറായി ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എക്സ്റ്ററിന് 82 bhp കരുത്തിൽ പരമാവധി 113.8 Nm ടോർക്ക് വരെ നൽകാനാവും.
അധിക കാർഗോ സ്ഥലത്തിനായി ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും എക്സ്റ്ററിൽ തെരഞ്ഞെടുക്കാനാവും. എല്ലാ സിഎൻജി കാറുകളേയും പോലെ തന്നെ നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്റർ എസ്‌യുവിയുടെ പെർഫോമൻസിലും കുറവുണ്ടാവും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനവുമായി വരുന്ന സിഎൻജി പതിപ്പിന് 68 bhp കരുത്തിൽ 95.2 Nm torque ആണ് നൽകാനാവുക.

ജനപ്രിനയാ വെന്യു കോംപാക്‌ട് എസ്‌യുവി വാങ്ങാൻ കാത്തിരിക്കുന്നവർക്കുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. 70,000 വരെ ആനുകൂല്യങ്ങളുമായാണ് മാരുതി സുസുക്കി ബ്രെസയുടേയും ടാറ്റ നെക്സോണിന്റേയും ശത്രു ഇപ്പോൾ വീട്ടിലെത്തിക്കാനാവുക. വിവിധ വേരിയന്റുകളിലായി എത്തുന്ന വെന്യുവിന് നിലവിൽ 7.94 ലക്ഷം മുതൽ 13.62 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വെന്യുവിനുള്ളത്. 82 bhp പവറിൽ ഏകദേശം 114 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വെന്യുവിലെ ആദ്യത്തെ ഓഫ്ഷൻ. 118 bhp കരുത്തിൽ 172 Nm ടോർക്ക് നൽകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും കോംപാക്‌ട് എസ്‌യുവിയിൽ ലഭ്യമാണ്. 113 bhp, 250 Nm torque എന്നിങ്ങനെ പെർഫോമൻസ് നൽകുന്ന 1.5 ഡീസൽ എഞ്ചിനും വെന്യുവിലുണ്ട്.


Click it and Unblock the Notifications








