പഞ്ചിനെ പഞ്ചറാക്കാൻ എത്തിയ കുഞ്ഞൻ എസ്‌യുവി, കുറഞ്ഞ വിലയും 27 കി.മീ. മൈലേജുമുണ്ടായിട്ടും കച്ചോടം കുറഞ്ഞു
ടാറ്റ പഞ്ച് തിരികൊളുത്തിയ മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയിലെടുക്കാൻ ഹ്യുണ്ടായി പണികഴിപ്പിച്ച് പുറത്തിറക്കിയ മോഡലായിരുന്നു എക്സ്റ്റർ (Hyundai Exter). ഫീച്ചറുകൾകൊണ്ട് അമ്മാനമാടിയെത്തിയ വാഹനം വളരെ വേഗം പലരുടേയും ഫേവറീറ്റായി മാറി. 6 എയർബാഗ് ഉൾപ്പടെയുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും കൂടിയായപ്പോൾ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കുഞ്ഞൻ എസ്‌യുവിക്ക് ബുക്കിംഗുകൾ കുന്നുകൂടാൻ തുടങ്ങി. പലപ്പോഴും വിൽപ്പനയുടെ കാര്യത്തിൽ പഞ്ചിന് ഭീഷണിയായി ഉയർന്നുവരാനും എക്സ്റ്ററിനായിരുന്നു. എന്നാൽ 2025 ഏപ്രിൽ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഹ്യുണ്ടായിക്ക് ക്ഷീണമായി മാറിയിരിക്കുകയാണ് മോഡലിന്റെ വിൽപ്പന.
പഞ്ചിന്റെ മെയിൻ വില്ലനായി അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി പെട്ടന്ന് ക്ലിക്കായെങ്കിലും കഴിഞ്ഞ മാസം നഷ്‌ടക്കച്ചോടമാണ് എക്സ്റ്ററിനുണ്ടായിരിക്കുന്നത്. 2025 ഏപ്രിലിൽ മോഡലിന്റെ 5,416 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിപണനം ചെയ്യാനായത്. 2024 ഏപ്രിൽ മാസത്തെ 7,756 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാഹനത്തിന് 30 ശതമാനം ഇടിവ് നേരിടേണ്ടി വന്നുവെന്ന് ചുരുക്കം.

2024 ഏപ്രിലുമായി മാത്രമല്ല, 2025 മാർച്ചിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴും ഹ്യുണ്ടായി എക്സ്റ്ററിന്റെ വിൽപ്പനൽ ഇടിവുണ്ടായിട്ടുണ്ട്. അതായത് 2025 മാർച്ചിൽ 5,901 യൂണിറ്റുകളായിരുന്നു എക്‌സ്റ്ററിന്റെ വിൽപ്പനയെങ്കിൽ ഏപ്രിലിൽ അത് 5,416 യൂണിറ്റായി കുറഞ്ഞു. ഇത് 8.22 ശതമാനത്തിന്റെ നഷ്‌ടമാണ് പ്രതിമാസ വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കുറഞ്ഞ വിലയും അടിപൊളി ഫീച്ചറുകളുമെല്ലാം ഉണ്ടായിട്ടും ഹ്യുണ്ടായിയുടെ കുഞ്ഞൻ കാറിന് നേട്ടമുണ്ടാക്കാനാവാത്തത് ബ്രാൻഡിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായിരിക്കും. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ എട്ടോളം വേരിയന്റുകളിൽ വിപണിയിലെത്തുന്ന എക്സ്റ്ററിന് നിലവിൽ 6.21 ലക്ഷം രൂപ മുതൽ 10.51 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനത്തിന് മൊത്തത്തിൽ 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. ഒപ്പം ഏറെ പരിചിതമായ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനും എസ്‌യുവിയിലുണ്ട്.

5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന ഹ്യുണ്ടായി എക്സ്റ്ററിന്റെ ഈ വേരിയന്റിന് 68 bhp കരുത്തിൽ പരമാവധി 95.2 Nm torque വരെയാണ് നൽകാനാവുക. ബൂട്ട് സ്പേസിന്റെ പ്രായോഗികത വർധിപ്പിക്കുന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും ഇതിനൊപ്പം ഉള്ളതിനാൽ കാര്യങ്ങൾ കൂടുതൽ അടിപൊളിയാവുന്നുണ്ട്. അടുത്തിടെ എക്സ്റ്റർ നിരയിലേക്ക് S സ്മാര്‍ട്ട്, SX സ്മാര്‍ട്ട് എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിരുന്നു.
ടോപ്പ് വേരിയന്റുകളില്‍ നിന്നുള്ള ഫീച്ചറുകൾ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഹ്യുണ്ടായി എക്സ്റ്ററിന് പുതിയ രണ്ട് വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റര്‍ S സ്മാര്‍ട്ട് പതിപ്പിൽ ഇലക്ട്രിക് സണ്‍റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, കവറോടുകൂടിയ 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തുടങ്ങിയ സവിശേഷതകളെല്ലാം ഒരുക്കിയിട്ടുണ്ട്.

എക്സ്റ്റര്‍ SX സ്മാര്‍ട്ട് വേരിയന്റിൽ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള ഒരു സ്മാര്‍ട്ട് കീ, ഇലക്ട്രിക് സണ്‍റൂഫ്, ഷാര്‍ക്ക്ഫിന്‍ ആന്റിന, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, കവറോടുകൂടിയ 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയെല്ലാമാണ് വാഗ്‌ദാനം ചെയ്യുന്നത്. സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ കൂടാതെ എക്‌സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകളും നൽകുന്നുണ്ട് കമ്പനി.


Click it and Unblock the Notifications








