ഫോർ-സിലിണ്ടർ എഞ്ചിനും 27 KM മൈലേജുമുണ്ട്! എന്നിട്ടും ഈ ഹ്യുണ്ടായി കാർ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i10. മാരുതി വേണ്ടെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്നവരെല്ലാം നേരെ ഓടിപ്പോയി വാങ്ങുന്നത് കൊറിയൻ ബ്രാൻഡിൻ്റെ ഈ പ്രിയങ്കരനെയായിരുന്നു. എസ്‌യുവികളുടെ കടന്നുകയറ്റത്തോടെയാണ് കാറിൻ്റെ വിൽപ്പനയിൽ വലിയ കുറവ് വന്നത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും താങ്ങാനാവുന്ന വിലയും നല്ല ഇൻ്റീരിയറും എല്ലാമായി മിഡിൽ ക്ലാസുകാരെ ആകർഷിക്കാൻ i10 മോഡൽ വലിയ വിജയമായിരുന്നു. മാരുതി സ്വിഫ്റ്റ്, വാഗൺആർ പോലുള്ള വമ്പൻമാരോട് പോരാടിയാണ് ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് അഡ്രസുണ്ടാക്കിയെടുത്തത്. ഇന്ന് പല പെട്രോൾ കാറിൽ നിന്നും അന്യം നിന്ന് പോവുന്ന ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇപ്പോഴും i10-ലുണ്ട്.
എന്നിട്ടും വാങ്ങാനായി അധികം ആളുകൾ എത്തുന്നില്ലെന്നതാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളെ സങ്കടപ്പെടുത്തുന്ന കാര്യം. 2025 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ നിലവിൽ മൂന്നാംതലമുറ ആവർത്തനമായ ഗ്രാൻഡ് i10 നിയോസിൻ്റെ വിൽപ്പനയിൽ വലിയ നഷ്‍ടമാണ് സംഭവിച്ചിരിക്കുന്നത്. ഗാഡിവാഡി റിപ്പോർട്ട് ചെയ്‌തതനുസരിച്ച് കാറിൻ്റെ 5,426 എണ്ണം മാത്രമാണ് പോയമാസം വിറ്റഴിഞ്ഞിരിക്കുന്നത്.

2024 ഒക്ടോബറിൽ നിരത്തിലെത്തിച്ച 6,235 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിൻ്റെ ഇടിവാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് സംഭവിച്ചിരിക്കുന്നത്. മാരുതി സെലേറിയോ, മാരുതി ഇഗ്നിസ് എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോൾ മോഡലിൻ്റെ വിൽപ്പന നല്ല സംഖ്യയിലാണ് മുന്നോട്ട് പോവുന്നത് എന്ന കാര്യം കൊറിയൻ ബ്രാൻഡിന് ആശ്വസിക്കാൻ വക നൽകുന്നുണ്ട്. എറ, മാഗ്ന, സ്‌പോർട്‌സ്, സ്‌പോർട്‌സ് (O), ആസ്റ്റ എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലാണ് കാർ വിപണനത്തിന് എത്തുന്നത്.
അടുത്തിടെ ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചതിനാൽ കാര്യമായ വിലക്കുറവും ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള കാറിന് ലഭിച്ചിരുന്നു. ആയതിനാൽ നിലവിൽ 5.47 ലക്ഷം മുതൽ 7.92 ലക്ഷം വരൊണ് ഗ്രാൻഡ് i10 നിയോസിന് വരുന്ന എക്സ്ഷോറൂം വില. എക്സ്റ്റീരിയർ ആര് കണ്ടാലും നോക്കുന്ന തരത്തിൽ നിർമിച്ചിരിക്കുന്നതും ഇൻ്റീരിയറിൽ നല്ല സ്പേസും ഫീച്ചറുകളും നിറച്ചുകൊണ്ടാണ് ഹ്യുണ്ടായിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിനെ കമ്പനി പണിതിറക്കിയിരിക്കുന്നത്.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, 20.25 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ, ടിൽറ്റ് സ്റ്റിയറിംഗ് പോലുള്ള സവിശേഷതകളെല്ലാം കാറിനെ വേറിട്ടു നിർത്തുന്നുണ്ട്. കൂടാതെ സേഫ്റ്റിലും മിടുക്കനാണ് കക്ഷിയെന്ന് ഉറപ്പുവരുത്താൻ ബേസ് വേരിയൻ്റിൽ പോലും 6 എയർബാഗുകൾ കമ്പനി കൊടുത്തിട്ടുണ്ട്.
ഇതുകൂടാതെ ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഹ്യുണ്ടായി തങ്ങളുടെ കോംപാക്‌ട് ഹാച്ച്ബാക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കാറിന് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ആശങ്കകളൊന്നും വേണ്ടവേണ്ട.

1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 113.8 Nm ടോർക്ക് വരെ നിർമിക്കാനാവും. കൂടുതൽ ഇന്ധനക്ഷമത വേണ്ടവർക്കായി നിയോസിൽ സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട് കേട്ടോ.
ബൈ-ഫ്യുവൽ സിഎൻജി മോഡലിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് 69 bhp കരുത്തിൽ 95.2 Nm torque വരെയാവും ഉത്പാദിപ്പിക്കുക. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് മോഡലുകൾക്ക് 18 കിലോമീറ്ററും സിഎൻജി പതിപ്പുകൾക്ക് 27 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








