സ്വിഫ്റ്റിനില്ലാത്ത 4-സിലിണ്ടർ എഞ്ചിൻ, 27 കി.മീ. മൈലേജ്; ഈ കാർ വാങ്ങാൻ പോകുന്നവർക്ക് ഒരു വാർത്തയുണ്ട്
പുതുവർഷം പിറന്നതോടെ വാഹനങ്ങൾക്കെല്ലാം വില വർധിപ്പിക്കുന്ന ട്രെൻഡിനും തുടക്കമായിരിക്കുകയാണ്. ബ്രാൻഡ് തിരിവുകളില്ലാതെ തന്നെ രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരവുമായി മുമ്പോട്ട് പോവുകയാണ്. മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായി (Hyundai), മഹീന്ദ്ര (Mahindra), ടാറ്റ (Tata), എംജി (MG), ടൊയോട്ട (Toyota), കിയ (Kia) തുടങ്ങിയവരെല്ലാം വാഹനങ്ങളുടെ പുതുവിലയുമായി രംഗത്തെത്തിയവരിൽ പ്രധാനിയാണ്. വെന്യു എൻ-ലൈൻ, ഗ്രാൻഡ് i10 നിയോസ് എന്നിവയിൽ നടപ്പിലാക്കിയ വില വർധനവ് എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.
ഈ ജനപ്രിയ ഹ്യുണ്ടായി കാറുകൾ വാങ്ങാനിരുന്നവർ ഇനി മുതൽ എത്രത്തോളം കൂടുതൽ പണം നൽകേണ്ടിവരുമെന്ന കാര്യത്തിലേക്ക് വരാം. ആദ്യം കമ്പനിയടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ഗ്രാൻഡ് i10 നിയോസിന്റെ പരിഷ്ക്കാരത്തിലേക്ക് കടക്കാം. എറ, മാഗ്ന, സ്‌പോർട്‌സ്, സ്‌പോർട്‌സ് (O), ആസ്റ്റ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിൽ വിപണിയിലെത്തുന്ന മോഡലിന് 6,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക.

i10 നിയോസിന്റെ സിഎൻജി വേരിയന്റുകൾ ഒഴികെ എല്ലാ വേരിയന്റുകളിലും 6,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ഇത് ബാധകമാണ്. ഡ്യുവൽ-ടോൺ വേരിയന്റുകൾക്കും 6,000 രൂപ കൂടും. സിഎൻജി വേരിയന്റുകളെ വർധനവിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല കേട്ടോ. മാഗ്ന സിഎൻജിക്കാണ് ഏറ്റവും ഉയർന്ന വില വർധനവ് സമ്മാനിച്ചിരിക്കുന്നത്. ഒരു കരുണയുമില്ലാതെ 15,200 രൂപയോളമാണ് മോഡലിനായി കൂട്ടിയിരിക്കുന്നത്.
നേരത്തെ 7.68 ലക്ഷം രൂപയായിരുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ മാഗ്ന സിഎൻജിക്ക് ഇനി മുതൽ 7.83 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം സ്‌പോർട്‌സ് സിഎൻജി വേരിയന്റിന് 6,700 രൂപയുടെ വില വർധനവും ലഭിച്ചു. നേരത്തെ 8.23 ലക്ഷം രൂപയായിരുന്ന ഹാച്ച്ബാക്ക് മോഡൽ ഇനി മുതൽ 8.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി കൊടുത്താൽ മാത്രമേ വീട്ടിലെത്തിക്കാനാവൂ.

i10 നിയോസ് സ്‌പോർട്‌സ് (O) മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 7.72 ലക്ഷം രൂപയും 8.29 ലക്ഷം രൂപയും എന്ന മുൻ വിലയിൽ തന്നെ ലഭ്യമാകും. 2025 ഫെബ്രുവരിയിലെ വില വർധനവോടെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ മൊത്തത്തിലുള്ള വില 5.98 ലക്ഷം മുതൽ 8.62 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. 83 bhp പവറിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് i10 നിയോസിന്റെ ഹൃദയം.
5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് ഹാച്ച്ബാക്കിന് ലഭിക്കും. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കാറഇന് 69 bhp കരുത്തിൽ 95.2 Nm torque ആണ് നൽകാനാവുക.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് മോഡലുകൾക്ക് 18 കിലോമീറ്റർ മൈലേജും സിഎൻജി വേരിയന്റുകൾക്ക് 27 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യണ്ടായി അവകാശപ്പെടുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയർ സ്പേസും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്.
കാറിന് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പോലെ തന്നെ ഏതാണ് ആദ്യം വരുന്നത് എന്നത് കണക്കാക്കിയാണ് വാറണ്ടി ബാധകമാവുക. എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ മേഡേൺ ഫീച്ചറുകൾ കുത്തിനിറച്ചാണ് കോംപാക്ട് ഹാച്ചിന്റെയും വരവ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയെല്ലാം കാറിലുണ്ട്.


Click it and Unblock the Notifications








