ഒരുകാലത്ത് പലരുടേയും ഡ്രീം കാറായിരുന്നു! ഡീസൽ എഞ്ചിൻ നിർത്തിയതോടെ ഹ്യുണ്ടായി കാറിൻ്റെ കച്ചോടം കുറഞ്ഞു
ഒരുകാലത്ത് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20 (Hyundai i20). പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് പുതിയമാനങ്ങൾ സമ്മാനിച്ച മോഡൽ ശരിക്കും കത്തിക്കയറിയത് i20 എലൈറ്റ് എന്ന രണ്ടാംതലമുറ ആവർത്തനത്തിലൂടെയായിരുന്നു. ഒന്നാന്തരം പെർഫോമൻസും അടിപൊളി ലുക്കും ഫീച്ചേഴ്‌സുമെല്ലാമായി ബലേനോയെ പോലും മാറ്റിനിർത്തുന്ന വിൽപ്പനയായിരുന്നു മോഡലിന് ഒരിടയ്ക്കുണ്ടായിരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനും അടിപൊളി ഡിസൈനും എല്ലാമായി ചീറിപ്പാഞ്ഞ കാലം ഇന്നലെ കഴിഞ്ഞതു പോലെ പലർക്കും തോന്നിയേക്കാം. അധികമാരും ഇപ്പോൾ അങ്ങനെ പറഞ്ഞുകേൾക്കുന്നില്ലെങ്കിലും ഹേറ്റേഴ്‌സില്ലാത്ത കാറുകളിൽ ഒന്നാണിതെന്ന് പറയാം.
മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെയാണ് ഹ്യുണ്ടായി i20 എന്ന മോഡലിൻ്റെ ഡിമാൻ്റ് കാര്യമായി കുറയുന്നത്. ഒപ്പം മലിനീകരണ പ്രശ്‌നങ്ങൾ പറഞ്ഞ് ഉണ്ടായിരുന്ന ഡീസൽ എഞ്ചിൻ കൂടി നിർത്തലാക്കിയതോടെ പഴയ ശോഭയൊക്കെ മാഞ്ഞു. ഇക്കഴിഞ്ഞ 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും i20-യുടെ പ്രതാപകാലമൊക്കെ അവസാനിച്ചതായി മനസിലാക്കാം. പോയമാസം നഷ്ടക്കച്ചവടമാണ് വാഹനം നേരിട്ടിരിക്കുന്നത്.

2025 നവംബറിൽ ഹ്യുണ്ടായി i20 ഹാച്ച്ബാക്കിൻ്റെ 3,777 യൂണിറ്റുകളാണ് വിറ്റഴിഞ്ഞുപോയത്. കഴിഞ്ഞ വർഷം ഇതേസമയത്തെ 3,925 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ മോഡലിന് 4 ശതമാനത്തിൻ്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് വലിയൊരു കാര്യമല്ലെങ്കിലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് നിരാശ സമ്മാനിക്കുന്ന കണക്കുകളാണിത്. പ്രത്യേകിച്ച് പ്രധാന ശത്രുവായ മാരുതി സുസുക്കി ബലേനോ ഓരോമാസവും പതിനായിരക്കണക്കിന് യൂണിറ്റുകളിൽ വിറ്റഴിയുമ്പോൾ ബ്രാൻഡിൻ്റെ ചങ്ക് തകരുന്നുണ്ടാവാം.
പ്രധാനമായും ഡീസൽ എഞ്ചിൻ ഒഴിവാക്കാൻ തീരുമാനിച്ചതാണ് i20-യുടെ വിൽപ്പനയിൽ വലിയ കുറവുണ്ടാവാൻ കാരണമായതെന്ന് പറയാം. ഒപ്പം തലമുറമാറ്റവും ആളുകൾക്ക് കാര്യമായി ബോധിച്ചില്ല. കൂടാതെ എക്സ്റ്റർ എന്ന മൈക്രോ എസ്‌യുവിയുടെ വരവും പ്രീമിയം ഹാച്ച്ബാക്കിന് തിരിച്ചടിയായിട്ടുണ്ട്. 1.2 ലിറ്റർ കാപ്പ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായിയുടെ കാറിന് തുടിപ്പേകുന്നത്.

5-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം . 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോ എഞ്ചിൻ 118 bhp പവറിൽ പരമാവധി 172 Nm ടോർക്കാണ് നിർമിക്കുന്നത്. ടർബോ എഞ്ചിൻ N ലൈൻ വേരിയൻ്റിൽ മാത്രമാണ് ലഭ്യമാവുക.
എഞ്ചിൻ ഇപ്പോൾ ഐഡിൾ സ്റ്റോപ്പ് ആൻഡ് ഗോ (ISG) ഫീച്ചറുമായാണ് i20 പ്രീമിയം ഹാച്ച്ബാക്കിൻ്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വിപണിയിലെത്തുന്നത്. ഇത് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. അങ്ങനെ 1.2 ലിറ്റർ മാനുവൽ വേരിയൻ്റുകൾക്ക് 16 കിലോമീറ്റർ വരെയും സിവിടി ഓട്ടോമാക്കിന് 20 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

6.87 ലക്ഷം മുതൽ 10.52 ലക്ഷം വരെയാണ് ഹ്യുണ്ടായി i20 സ്റ്റാൻഡേർഡ് വേരിയൻ്റുകൾക്ക് വരുന്ന എക്സ്ഷോറൂം വില. അതേസമയം N ലൈൻ വേരിയൻ്റുകൾക്ക് 9.14 ലക്ഷം മുതൽ 11.60 ലക്ഷം വരെയും എക്സ്ഷോറൂം വില മുടക്കേണ്ടതായുണ്ട്. സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഹാച്ച്ബാക്കിൽ 40-ലധികം സേഫ്റ്റി ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണേ.
സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയെല്ലാം ഹ്യുണ്ടായി i20-യിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, സിട്രൺ C3 എന്നിവയോടാണ് i20 മത്സരിക്കുന്നത്.


Click it and Unblock the Notifications