പോയമാസം ആകെ വാങ്ങിയത് 14 പേർ; ഹ്യുണ്ടായിയുടെ ഏറ്റവും കുറവ് വിൽപ്പനയുള്ള മോഡൽ, വിലയോ കാരണം?
ഇന്ത്യയിൽ ആദ്യത്തെ മാസ്മാർക്കറ്റ് ഇലക്ട്രിക് കാർ പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഏതാണന്നല്ലേ, പലരും ഇതിനോടകം തന്നെ മറന്നുപോയ കോന ഇവിയായിരുന്നു ഇത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ ആദ്യമെത്തിയ വൈദ്യുത വാഹനം. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ കോനയ്ക്ക് ഇവിടെ തിളങ്ങാനായില്ല. ഹിറ്റായില്ലെങ്കിലും വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ബ്രാൻഡിന് സാധിച്ചുവെന്നതാണ് സത്യം. പിന്നീട് വന്ന ടാറ്റ നെക്സോൺ ഇവിയുടെ പിന്നാലെ ജനങ്ങൾ പാഞ്ഞപ്പോൾ ക്ഷമയോടെ കാത്തിരിക്കാനും ഹ്യുണ്ടായി തയാറായിരുന്നു. അങ്ങനെയാണ് ലോക കാർ കിരീടം സ്വന്തമാക്കിയ അയോണിക് 5 നമ്മുടെ നിരത്തുകളിലേക്ക് എത്തിക്കാൻ കമ്പനി തീരുമാനിച്ചത്.
കോനയ്ക്ക് ശേഷം ഏറെക്കാലത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരുന്നു അയോണിക് 5. വേൾഡ് കാർ ഓഫ് ദി ഇയർ പട്ടം വരെ സ്വന്തമാക്കിയ മോഡൽ എത്തിയത് പ്രീമിയം കാറുകൾ അരങ്ങുവാഴുന്ന സെഗ്മെന്റിലായിരുന്നു കേട്ടോ. അയോണിക് 5 ഓൾ-ഇലക്‌ട്രിക് എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‌താണ് ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്.

നിരത്തുകളിൽ അധികം കാണാനാവത്തതും ഈ ഉയർന്ന വില തന്നെയാവാം. ഇപ്പോഴിതാ 2025 ഓഗസ്റ്റിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നും ഏറ്റവും കുറവ് രേഖപ്പെടുത്തിയ വാഹനമെന്ന ചീത്തപ്പേരും അയോണിക് സ്വന്തമാക്കിയിരിക്കുകയാണ്. പോയമാസം ഇലക്ട്രിക് എസ്‌യുവി വാങ്ങാനെത്തിയത് വെറും 14 പേരാണ്. 2024 ഓഗസ്റ്റിൽ വിറ്റ 40 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിയുടെ വിൽപ്പനയിൽ 65 ശതമാനത്തിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്.
നിലവിൽ അയോണിക് 5 വാങ്ങിയവരെല്ലാം ഹാപ്പിയാണെന്നാണ് ഹ്യുണ്ടായി പറയുന്നു. പക്ഷേ സ്വന്തമാക്കണമെങ്കിൽ അൽപം വില കൂടുതൽ മുടക്കേണ്ടി വരുന്നതാണ് വിൽപ്പന ഇത്രയും കുറയാൻ കാരണമാവുന്നത്. പ്രത്യേകിച്ച് വിലയൊരു നിർണായക ഘടകമായ ഇന്ത്യ പോലൊരു വിപണിയിൽ അയോണിക് തരക്കേടില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം പറയാൻ. നിലവിൽ 46.05 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന പൂർണമായി ലോഡുചെയ്‌ത സിംഗിൾ വേരിയന്റിൽ മാത്രമാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാർ വിപണിയിൽ എത്തുന്നത്.

പ്രാദേശികമായി അസംബിൾ ചെയ്‌ത ടൂവീൽ ഡ്രൈവ് ഓപ്ഷനുമായാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 72.6kWh ബാറ്ററി പായ്ക്ക്കാണ് അയോണിക് 5 ഇവിയിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ കാറിന് 215 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു.
സിംഗിൾ ചാർജിൽ അയോണിക് ഇലക്ട്രിക് എസ്‌യുവിക്ക് 631 കിലോമീറ്റർ വരെ ഓടാൻ കഴിയും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാഷ വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് കഴിയുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ചാർജിംഗിലും കാര്യക്ഷമമാണ് ആഡംബര വാഹനം. ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാനാവുന്ന 50kW ചാർജറാണ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്.

എന്നാൽ വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജിംഗ് ഓപ്ഷനും അധികമായി ഹ്യുണ്ടായി നൽകുന്നുണ്ട്. ഇത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഇവി നിർമിച്ചെടുത്തിരിക്കുന്നത്.
ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ, ലെവൽ 2 ADAS, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, എഞ്ചിൻ പാർക്കിംഗ് ബ്രേക്ക്, നാല് ഡിസ്‌ക് ബ്രേക്കുകൾ എന്നീ മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയിൽ അതിമനോഹരമാണെന്ന് വേണം പറയാൻ.


Click it and Unblock the Notifications








