മഹീന്ദ്രയെ ഒതുക്കി രണ്ടാം സ്ഥാനം തിരികെപ്പിടിച്ച് ഹ്യുണ്ടായി! ജൂലൈയിൽ വിറ്റത് 42,661 കാറുകൾ, ക്രെറ്റ നമ്പർ 1
വാഹന വിൽപ്പനയുടെ കാര്യത്തിൽ രണ്ടാമനാവാനുള്ള കിടമത്സരം തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇക്കാര്യത്തിൽ എതിരാളികൾക്ക് മുന്നിൽ വീഴാതെ മാരുതി സുസുക്കി ലീഡ് ഓരോ മാസവും വർധിപ്പിച്ച് മുന്നേറുമ്പോൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നത് മഹീന്ദ്രയും ഹ്യുണ്ടായിയും ടാറ്റയുമാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ ഒതുക്കി ടാറ്റയാണ് ഇടയ്ക്ക് ഒന്ന് കരുത്തുകാട്ടിയതെങ്കിൽ ഇപ്പോൾ നെക്സോൺ മുതലാളി നാലാം സ്ഥാനത്തേക്ക് സ്ഥിരമായി വീണുവെന്നതാണ് സത്യം. ആയതിനാൽ ഹ്യുണ്ടായിയും മഹീന്ദ്രയുമായാണ് പോരാട്ടത്തിലുള്ളത്. എസ്‌യുവികൾ വിറ്റ് ഇന്ത്യയുടെ സ്വന്തം വണ്ടിക്കമ്പനി കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടാമനായി വിലസുകയായിരുന്നു.
എന്നാൽ 2025 ജൂലൈ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ കാര്യങ്ങൾ കുറച്ച് സർപ്രൈസിംഗാണ്. മഹീന്ദ്ര കൈയടക്കിവെച്ചിരുന്ന രണ്ടാം സ്ഥാനം തിരികെപ്പിടിച്ചിരിക്കുകയാണ് ഹ്യുണ്ടായി. വാഹൻ ഡാറ്റ പ്രകാരം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ജൂലൈ മാസത്തെ വിൽപ്പനയുടെ കാര്യത്തിൽ മഹീന്ദ്രയെ ഓവർടേക്ക് ചെയ്‌തിരിക്കുകയാണ്. വാഹൻ പോർട്ടലിൽ ലഭ്യമായ ഡാറ്റ പ്രകാരം ജൂലൈയിൽ ഹ്യുണ്ടായിയുടെ റീട്ടെയിൽ വിൽപ്പന 42,661 യൂണിറ്റായിരുന്നുവെന്ന് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തു.

ജൂണിലെ റീട്ടെയിൽ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 8 ശതമാനത്തിന്റെ പ്രതിമാസ വർധനവ് നേടിയെടുക്കാനും ദക്ഷിണ കൊറിയക്കാർക്ക് സാധിച്ചിട്ടുണ്ട്. അതേസമയം മറുവശത്ത് ജൂലൈ മാസത്തെ മഹീന്ദ്രയുടെ റീട്ടെയിൽ വിൽപ്പന 41,476 യൂണിറ്റായിരുന്നു. 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ മൂന്ന് മാസങ്ങളിലും, മഹീന്ദ്ര ഹ്യുണ്ടായിയെക്കാൾ മുന്നിലായിരുന്നുവെങ്കിലും കഴിഞ്ഞ മാസം കാർ വിൽപ്പനയിൽ ഹ്യുണ്ടായി വിജയം കൈവരിക്കുകയായിരുന്നു.
ജൂലൈയിൽ ടാറ്റ മോട്ടോർസ് 39,795 യൂണിറ്റുകളുടെ വിൽപ്പനയുമായി നാലാം സ്ഥാനത്തെത്തി. ജൂണിലെ കച്ചോടവുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റയ്ക്ക് 12.6 ശതമാനത്തിന്റെ വളച്ചയുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുന്നതായി ഈ ഡാറ്റ സൂചിപ്പിക്കുന്നുണ്ട്. ജൂലൈയിൽ 1.28 ലക്ഷം കാറുകളാണ് ഒന്നാമതുള്ള മാരുതി സുസുക്കി വിറ്റഴിച്ചിരിക്കുന്നത്.

ജൂണിലെ റീട്ടെയിൽ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 8 ശതമാനത്തിന്റെ വർധനവാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ജൂണിൽ 38 ശതമാനം ആയിരുന്ന മാരുതിയുടെ വിപണി വിഹിതം ജൂലൈയിൽ 39.8 ശതമാനമായി മെച്ചപ്പെട്ടു. മഹീന്ദ്രയെ ഓവർടേക്ക് ചെയ്‌ത് രണ്ടാം സ്ഥാനത്തേക്ക് എത്താൻ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ടെങ്കിലും വാർഷിക വിൽപ്പന കണക്കുകളിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
2024 ജൂലൈയിൽ 49,013 കാറുകൾ വിറ്റഴിച്ച കമ്പനിക്ക് ഒരുവർഷത്തിനിപ്പുറം 42,661 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. ഇത് ഏകദേശം 10.28 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2025 ജൂലൈയിൽ കമ്പനിയുടെ മൊത്തം വിൽപ്പന 60,073 യൂണിറ്റായിരുന്നു. ഇതിൽ ഹ്യുണ്ടായിയുടെ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റിയയച്ച കാറുകളുടെ എണ്ണവും ഉൾപ്പെടുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് ആഗോള വിപണികളിലേക്ക് 16,100 യൂണിറ്റുകൾ കയറ്റി അയച്ചിരിക്കുന്ന്. കഴിഞ്ഞ വർഷം കയറ്റുമതി ചെയ്ത 15,550 യൂണിറ്റുകളെ അപേക്ഷിച്ച് കൊറിയൻ ബ്രാൻഡിന്റെ കയറ്റുമതി 3.54 ശതമാനം വർധിച്ചു. ഒപ്പം മുഖ്യശത്രുവിനെ മറികടക്കാനായ സന്തോഷം കൊറിയക്കാർക്കുണ്ട്. അധികം വൈകാതെ തന്നെ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ ന്യൂജെൻ മോഡൽ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ബ്രാൻഡ്.
ഉത്സവ സീസണിന്റെ ഭാഗമായി പുതിയ ഹ്യുണ്ടായി വെന്യുവിനെ നിരത്തുകളിൽ കാണാം. ഇതോടെ വിൽപ്പനയുടെ വേഗവും കൂടുമെന്നതിനാൽ കമ്പനിക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ല. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം ഇപ്പോഴും ക്രെറ്റ എസ്‌യുവിയാണ്. ബ്രാൻഡിന്റെ മൊത്തം വിൽപ്പനയുടെ 35 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഈ മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്.


Click it and Unblock the Notifications








