ഫോർച്യൂണറിന്റെ അന്തകനാവാൻ ഹ്യുണ്ടായിയുടെ വലിയ ഹൈബ്രിഡ് എസ്‌യുവി വരുന്നു, ഫുൾടാങ്കിൽ 1,015 KM ഓടിക്കാം
ഫോർഡ് എൻഡവർ (Ford Endeavour) ഇന്ത്യയിൽ നിന്നും കളംവിട്ടതോടെ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ കുതിക്കുകയാണ് ടൊയോട്ട ഫോർച്യൂണർ. ജീപ്പ് മെറിഡിയനും എംജി ഗ്ലോസ്റ്ററിനും സ്കോഡ കൊഡിയാക്കിനും ഇതുവരെ വിഭാഗത്തിൽ കാര്യമായ ചലനങ്ങളൊന്നും നേടിയെടുക്കാനായിട്ടുമില്ല. ഈ സന്ദർഭം വിനിയോഗിക്കാൻ തയാറെടുക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഫോർച്യൂണറിനെ ഒതുക്കാൻ വലിയ ഹൈബ്രിഡ് എസ്‌യുവിയെ തന്നെയാണ് കമ്പനി നിയോഗിക്കാൻ പോവുന്നത്. അതും ആഗോളവിപണികളിൽ തരംഗമായിട്ടുള്ള പാലിസേഡ് (Hyundai Palisade) എന്ന യമണ്ടൻ എസ്‌യുവിയാണ് ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.
ഏറെക്കാലമായി വണ്ടിഭ്രാന്തൻമാരെല്ലാം ഒരുപോലെ മോഹത്തോടെ കാത്തിരിക്കുന്ന എസ്‌യുവി കൂടിയാണ് പാലിസേഡ് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ ടൊയോട്ടയ്ക്ക് നെഞ്ചിടിപ്പ് കൂടിയേക്കും. രാജ്യത്തെ തങ്ങളുടെ വാഹന നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാലിസേഡ് ഉൾപ്പടെയുള്ള ചില കിടിലൻ മോഡലുകളാണ് ഹ്യുണ്ടായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മഹീന്ദ്രയോടും ടാറ്റയോടും നഷ്‌ടപ്പെട്ട രണ്ടാംസ്ഥാനം തിരികെ പിടിക്കാൻ ഇത് സഹായകരമായേക്കും.

2030 ഓടെ പുതിയ 26 കാറുകൾ ഇന്ത്യൻ വിപണിക്കായി ഒരുക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. അതിൽ ഒന്നായിരിക്കും പാലിസേഡ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ്‌യുവിയുടെ ഏറ്റവും പുതിയ തലമുറ ആവർത്തനമായിരിക്കും നമ്മുടെ നിരത്തുകളിലേക്കും എത്തുന്നതെന്നാണ് വിവരം. ഗംഭീരമായ ഡിസൈൻ മികവുള്ള ഒരു വലിയ എസ്‌യുവിയാണിതെന്ന് പ്രത്യേകം പറയാം കേട്ടോ. അതായത് റേഞ്ച് റോവറിന്റെ വലിപ്പവുമായി കിടപിടിക്കാൻ പാലിസേഡിനാവുമെന്ന് സാരം.
എൽഇഡി ഹെഡ്‌ലൈറ്റുകൾക്കും ടെയിൽലാമ്പുകൾക്കുമായുള്ള വെർട്ടിക്കൽ സ്ലാറ്റഡ് ക്രമീകരണം, വീതിയേറിയ ഗ്രിൽ, 21 ഇഞ്ച് 15-സ്‌പോക്ക് അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ്, ഡി-പില്ലറുകൾ, റൂഫ് റെയിലുകൾ എന്നിവയ്ക്കുള്ള സിൽവർ ഫിനിഷ് തുടങ്ങിയവയാണ് പുതിയ ഹ്യുണ്ടായി പാലിസേഡിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്റീരിയറിൽ 8 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മൂന്ന്നിര ലേഔട്ടാണ് മോഡലിനുള്ളത്.

മധ്യഭാഗത്ത് പരമാവധി സുഖസൗകര്യങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി ഓപ്ഷണലായി റീക്ലിങ്ങബിൾ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ഡിപ്ലോയബിൾ ഫുട്‌റെസ്റ്റുകളും വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഡാഷ്‌ബോർഡിനെ കളറാക്കുന്നത്. ഒപ്പം കിടിലൻ ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും കൂടിയാവുമ്പോൾ ലക്ഷ്വറി ഫീലാണ് കിട്ടുന്നത്.
പാലിസേഡിന്റെ സെന്റർ കൺസോളിൽ മീഡിയ സിസ്റ്റത്തിനും HVAC ഫംഗ്ഷനുകൾക്കുമായി ധാരാളം ഫിസിക്കൽ കൺട്രോളുകളും കാണാം. പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വലിയ ആംറെസ്റ്റ്, നല്ല സ്റ്റോറേജ് സ്പേസുകൾ, വയർലെസ് ചാർജിംഗ് സ്ലോട്ട്, സെന്റർ കൺസോളിൽ ഒരു ഫിംഗർപ്രിന്റ് സെൻസർ, പോലുള്ള അത്യാധുനിക സവിശേഷതകളും ഹ്യുണ്ടായിയുടെ വലിയ എസ്‌യുവിയുടെ ഭാഗമാവും.

റിയർ പാർക്കിംഗ് ക്യാമറ ക്ലീനിംഗ് സിസ്റ്റം, ഡിജിറ്റൽ കീ, 360-ഡിഗ്രി ക്യാമറ, ഹീറ്റിംഗും കൂളിംഗും ഉള്ള പവർ സീറ്റുകൾ, 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനം, ADAS സ്യൂട്ട്, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം തുടങ്ങിയവയാണ് പാലിസേഡിലുള്ള മറ്റ് ഫീച്ചറുകൾ. 2.5 ലിറ്റർ 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെൻ ഹൈബ്രിഡ് പവർട്രെയിനാണ് പാലിസേഡ് അവതരിപ്പിക്കുന്നത്.
ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന വാഹനത്തിന് 334 bhp കരുത്തിൽ പരമാവധി 460 Nm torque വരെ നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. പാലിസേഡ് ഹൈബ്രിഡിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഓപ്ഷണലായി ഓൾവീൽ ഡ്രൈവ് സംവിധാനവും ഹ്യുണ്ടായി നൽകിയേക്കും. യമണ്ടൻ എസ്‌യുവിയാണെങ്കിലും ലിറ്ററിന് 14.1 കിലോമീറ്റർ മൈലേജും നൽകാനായേക്കും.

അതായത് ഫുൾ-ടാങ്ക് പെട്രോളിൽ 1,015 കിലോമീറ്റർ ദൂരം വരെ പാലിസേഡിന് സഞ്ചരിക്കാനാവുമെന്ന് സാരം. എസ്‌യുവിക്ക് ഇക്കോ, സ്‌പോർട്, മൈ ഡ്രൈവ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും മഡ്, സ്നോ, സാൻഡ് എന്നീ മൂന്ന് ടെറൈൻ മോഡുകളും ലഭിക്കുന്നുണ്ട്. പ്രാദേശികമായി നിർമിക്കാൻ ഉദ്ദേശിക്കുന്നതിനാൽ പാലിസേഡിന് ഏകദേശം 50 ലക്ഷം രൂപയോളം ആയിരിക്കാം എക്സ്ഷോറൂം വില വരിക. എന്നാൽ വണ്ടി 2028 ഓടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ നിലവിലെ പദ്ധതി.


Click it and Unblock the Notifications








