ക്രെറ്റയും വെന്യുവും വാങ്ങാൻ തിക്കുംതിരക്കും, റെക്കോർഡ് വിൽപ്പനയുമായി ഹ്യുണ്ടായി! വിറ്റത് 70,347 കാറുകൾ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ ആരാണെന്ന് ചോദിച്ചാൽ മുമ്പ് പലരും ഹ്യുണ്ടായി (Hyundai) എന്നാവും പറയുക. എന്നാൽ ഇടയ്ക്ക് ടാറ്റയും മഹീന്ദ്രയുമെല്ലാം പിന്നിലാക്കിയെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം ദക്ഷിണ കൊറിയൻ ബ്രാൻഡ് തങ്ങളുടെ വെള്ളിക്കിരീടം തിരിച്ചുപിടിച്ചിരുന്നു. 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തിവരുമ്പോൾ എതിരാളികളേക്കാൾ ഏറെ മുന്നിൽ ഓടിക്കയറിയിരിക്കുകയാണ് കമ്പനി. പോയ മാസം മൊത്തം 70,347 കാറുകൾ വിറ്റഴിച്ചുകൊണ്ടാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL). തങ്ങളുടെ കഴിവ് എന്താണെന്ന് എതിരാളികൾക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ച 64,201 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം വളർച്ചയാണ് ഹ്യുണ്ടായി രേഖപ്പെടുത്തിയിരിക്കുന്നതും. ഇതിൽ ആഭ്യന്തര വിൽപ്പനയിൽ 51,547 യൂണിറ്റുകളും കയറ്റുമതിക്കായുള്ള 18,800 യൂണിറ്റുകളും ഉൾപ്പെടുന്നു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ നേരിയ വർധനവുണ്ടായെങ്കിലും 2025 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വർധനവ് നേടിയെടുക്കാൻ ബ്രാൻഡിനായി.

ഇത് പുതിയ ജിഎസ്‌ടി 2.0 പരിഷ്ക്കാരങ്ങളും ഉത്സവ സീസണിലെ ആവശ്യകതയും സൃഷ്ടിച്ച ശക്തമായ ആക്കം പ്രതിഫലിപ്പിക്കുന്നു. വിദേശ വിപണിക്കായുള്ള കയറ്റുമതിയിൽ 44 ശതമാനം കുത്തനെയുള്ള വർച്ചയാണ് സംഭവിച്ചിരിക്കുന്നത്. അങ്ങനെ കഴിഞ്ഞ 33 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കിലെത്താൻ ഹ്യുണ്ടായിക്ക് സാധിച്ചു. സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡൽ ക്രെറ്റ മിഡ്-സൈസ് എസ്‌യുവിയാണ്.
ക്രെറ്റയുടെ 18,861 യൂണിറ്റുകളാണ് പോയമാസം വിപണനം ചെയ്‌തത്. ഇത് വാഹനത്തിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകളാണെന്നും ഹ്യുണ്ടായി പറയുന്നു. അങ്ങനെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന പദവി നിലനിർത്താനും ക്രെറ്റയ്ക്ക് സാധിച്ചു. 11,484 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയാണ് കരസ്ഥമാക്കിയത്.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പനയുടെ 72.4 ശതമാനം (37,313 യൂണിറ്റുകൾ) സംഭാവന ചെയ്തുകൊണ്ട് എസ്‌യുവികൾ വളർച്ചയുടെ ചാലകശക്തിയായി തുടർന്നു. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ഉയർന്ന മത്സരം നടന്നിട്ടും വെന്യുവിന് ഇത്രയും വലിയ നമ്പരുകൾ സ്വന്തമാക്കാനായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ്. അധികം വൈകാതെ തന്നെ മോഡലിന്റെ പുതിയ ആവർത്തനവും വിപണിയിലെത്താൻ പോവുകയാണ്.
വിപണിയിലെത്തി 10 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്രെറ്റയിലേക്ക് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളേയും ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ചിരുന്നു. കിങ്, കിങ് ലിമിറ്റഡ് എഡിഷൻ, കിങ് നൈറ്റ് എഡിഷനുകൾ എന്നിവയാണ് പുതുതായി എത്തിയിരിക്കുന്നത്. 17.88 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലുകളുടെ ഡെലിവറിയും തുടങ്ങിയതായാണ് വിവരം.

പുതിയ എഡിഷനുകൾ ക്രെറ്റ ശ്രേണിയുടെ മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്രെറ്റയുടെ മറ്റ് വകഭേദങ്ങളിലും ക്രെറ്റ N ലൈനിലും ഹ്യുണ്ടായി പുതിയ ഫീച്ചർ അപ്‌ഗ്രേഡുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒരു ഡാഷ്‌ക്യാം, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ഹ്യുണ്ടായി ചേർത്തിരിക്കുന്നത്. ഇതെല്ലാം ക്രെറ്റയുടെ വിൽപ്പന ഉയർത്താൻ സഹായകരമായിട്ടുണ്ടെന്ന് നിസംശയം പറയാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








