ഹ്യുണ്ടായിയുടെ ഏത് വണ്ടി വേണേലും കൊണ്ടുപോരൂ, എഞ്ചിൻ, സസ്‌പെൻഷൻ, ബ്രേക്ക് അങ്ങനെ എല്ലാം ഫ്രീയായി പരിശോധിക്കാം
ഇന്ത്യയിൽ മാരുതി സുസുക്കി കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളായിരുന്നു ഹ്യുണ്ടായി (Hyundai). സാധാരണക്കാർക്കായി നിരവധി അനവധി മോഡലുകൾ പുറത്തിറക്കിയ കമ്പനി ഇന്ന് കൂടുതലും എസ്‌യുവികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സെയിൽസിലും സർവീസിലും മാരുതി പോലെ തന്നെ കുറ്റങ്ങളും കുറവുകളുമൊന്നും അധികം കേൾപ്പിക്കാത്തവർ കൂടിയാണ് ദക്ഷിണ കൊറിൻ വാഹന നിർമാതാക്കൾ. ഉപഭോക്താക്കൾക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്‌തു കൊടുക്കാനും ബ്രാൻഡിന് നല്ല മിടുക്കാണ്. അത്തരത്തിൽ രാജ്യവ്യാപകമായി ഒരു സർവീസ് ക്യാമ്പയിൻ (Service Campaign) കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി.
സ്മാർട്ട് കെയർ ക്ലിനിക് എന്ന പേരിലാണ് രാജ്യവ്യാപകമായി സർവീസ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 25 നും മെയ് ആറിനും ഇടയിൽ നടത്തുന്ന ഈ പരിപാടി ഇന്ത്യയിലെ എല്ലാ ഹ്യുണ്ടായി സർവീസ് സെന്ററുകളിലും സംഘടിപ്പിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് വർധിച്ച് വരുന്നതിനാൽ വേനൽക്കാലത്തേക്കായി തങ്ങളുടെ വാഹനങ്ങളെ ഒരുക്കാൻ ഹ്യുണ്ടായി കാർ ഉടമകൾക്ക് സാധിക്കും.

70 പോയിന്റുകളുള്ള വാഹന പരിശോധന തികച്ചും സൗജന്യമായിരിക്കും. ഇതിൽ വാഹനത്തിന്റെ എഞ്ചിൻ, സസ്‌പെൻഷൻ, ബ്രേക്കുകൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയെല്ലാം പരിശോധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നതും. ഇതിന് പുറമെ സ്മാർട്ട് കെയർ ക്ലിനിക് ക്യാമ്പയിന് കീഴിൽ പരിമിതമായ സമയത്തേക്ക് മറ്റ് സർവീസുകൾക്ക് ഡിസ്‌കൗണ്ടുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എക്സ്റ്റെൻഡഡ് വാറണ്ടി പാക്കേജുകളിൽ ഉപഭോക്താക്കൾക്ക് 30 ശതമാനം വരെയും, പതിവ് മെക്കാനിക്കൽ ലേബർ, വീൽ അലൈൻമെന്റ്, എയർ കണ്ടീഷനിംഗ് സർവീസ് എന്നിവയിൽ 15 ശതമാനം വരെയും കിഴിവുകൾ ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത മെക്കാനിക്കൽ, എസി പാർട്‌സുകൾക്ക് 10 ശതമാനം വരെയും ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. ഹ്യുണ്ടായിയുടെ റോഡ്‌സൈഡ് അസിസ്റ്റൻസ് പോളിസിയിൽ 10 ശതമാനം കിഴിവും ഉണ്ട്.

ഇന്റീരിയർ, എക്സ്റ്റീരിയർ ക്ലീനിംഗ് ഉൾപ്പെടെയുള്ള കോസ്‌മെറ്റിക് സർവീസുകളും ക്യാമ്പയിന് കീഴിൽ ലഭ്യമാണ്. കാറിന്റെ പെർഫോമൻസും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വാഹനങ്ങളുടെ മെയിന്റനെൻസ് എങ്ങനെ സഹായിക്കുമെന്ന് ആളുകളെ മനസിലാക്കാൻ സഹായിക്കുക എന്നതാണ് സ്മാർട്ട് കെയർ ക്ലിനിക് സർവീസ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.
മുമ്പും കമ്പനി ഇത്തരത്തിൽ സർവീസ് ക്യാമ്പയിനുകൾ അവതരിപ്പിച്ച് വിജയം നേടിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്കുകളിലും ഹ്യുണ്ടായിക്ക് വലിയ ലാഭം നേടാനായിട്ടുണ്ട്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 68.5 ശതമാനവും സംഭാവന ചെയ്യുന്നത് എസ്‌യുവി മോഡലുകളാണിപ്പോൾ. എക്‌സ്റ്റർ, വെന്യു, ക്രെറ്റ, അൽകാസർ, ട്യൂസോൺ, ഓൾ-ഇലക്ട്രിക് അയോണിക് 5 തുടങ്ങിയ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ബ്രാൻഡ് നിരയിലുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായിയുടെ കാറുകളിൽ 53.2 ശതമാനവും സൺറൂഫ് ഫീച്ചറോടുകൂടിയതായിരുന്നുവെന്നതും വലിയൊരു നേട്ടമാണ്. നിലവിൽ 14 മോഡലുകളിൽ 12 എണ്ണത്തിലും ഹ്യുണ്ടായി സൺറൂഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാനായേക്കില്ല. അത്ര പ്രായോഗികമായ സവിശേഷതയല്ലെങ്കിലും ഈയൊരു കാര്യം ജനകീയമാക്കിയതിൽ പ്രധാന പങ്ക് ഹ്യുണ്ടിയിക്കുള്ളതാണ്.
ഹ്യുണ്ടായിയുടെ നൂതന സുരക്ഷാ സാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ADAS എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി എത്തുന്ന കാറുകളുടെ വില്‍പ്പന ഇരട്ടിയായത് പുതിയ സാങ്കേതികവിദ്യയില്‍ താത്പര്യമുള്ള ഉപഭോക്തൃ അടിത്തറയെയാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങനെ മൊത്തത്തിൽ പോയ 365 ദിവസവും കമ്പനിയെ സംബന്ധിച്ച വലിയ നേട്ടങ്ങളാണുണ്ടായത്.


Click it and Unblock the Notifications








