ആയിരം സ്കോർപിയോയ്ക്ക് ഒരു ക്രെറ്റ മതി, മഹീന്ദ്രയെയും ടാറ്റയെയും പിന്തള്ളി രണ്ടാമനായി ഹ്യുണ്ടായി
മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ഹ്യുണ്ടായി കുതിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരുന്നു. എന്നാൽ ടാറ്റയും മഹീന്ദ്രയും ഒന്നിനൊന്നിന് മെച്ചപ്പെട്ട മോഡലുകളുമായി കളംനിറഞ്ഞതോടെ ഹ്യുണ്ടായിയുടെ നില പതുങ്ങലിലായിരുന്നു. ഇടയ്ക്കൊന്ന് ടാറ്റ കയറിപ്പോയെങ്കിലും അധികം വൈകാതെ രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നാലെ മഹീന്ദ്ര ഓടിക്കയറിയതോടെ ഹ്യുണ്ടായി ഇനി തിരിച്ചുവരാൻ സാധിക്കില്ലെന്ന് പലരും വിധിയെഴുതുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ 2024 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടതോടെ ഹ്യുണ്ടായിയുടെ പവർ എല്ലാവർക്കും മനസിലായിട്ടുണ്ടാവും.
2025 സാമ്പത്തിക വർഷത്തിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 762,052 ലക്ഷം കാറുകളാണ് വിപണനം ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 7,77,876 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2.03 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും കണക്കുകളിൽ മഹീന്ദ്രയെയും ടാറ്റയെയും പിന്നിലാക്കാനായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് കരുത്തായി. ഒന്നാമതുള്ള മാരുതി 2025 സാമ്പത്തിക വർഷത്തിൽ 22,34,266 കാറുകളായിരുന്നു നിരത്തിലെത്തിച്ചത്.

മാരുതി സുസുക്കിക്ക് പിന്നിലാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളെന്ന സ്ഥാനം ഹ്യുണ്ടായി നിലനിർത്തിയത് എന്തായാലും ആശ്വാസകരമാണ്. 762,052 ലക്ഷം കാറുളുടെ മൊത്ത വിൽപ്പന നേടാനായെങ്കിലും കമ്പനിയുടെ ആഭ്യന്തര വിൽപ്പന 598,666 യൂണിറ്റുകളായി ചുരുങ്ങി. 2024 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ച 614,721 യൂണിറ്റുകളെ അപേക്ഷിച്ച് 2.61 ശതമാനം ഇടിവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കയറ്റുമതി മാറ്റമില്ലാതെ തുടർന്നത് ആശ്വാസകരമാണ്. 163,386 കാറുകളാണ് വിദേശ വിപണികളിലേക്ക് ഹ്യുണ്ടായി കയറ്റി അയച്ചിരിക്കുന്നത്. 2025 മാർച്ച് മാസത്തെ മാത്രം കണക്കെടുത്താൽ മൊത്തം 67,320 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡിനെ തേടിയെത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 65,601 യൂണിറ്റുകളെ അപേക്ഷിച്ച് 2.62 ശതമാനം വളർച്ച കൈവരിച്ചതും ശ്രദ്ധേയമാണ്.

ഇനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹ്യുണ്ടായി മറികടന്ന മഹീന്ദ്രയുടേയും ടാറ്റയുടെയും ഇന്ത്യയിലെ മാത്രം മൊത്ത വിൽപ്പന കണക്കുകൾ എങ്ങനെയാണെന്ന് നോക്കിയാലോ? 5,98,666 യൂണിറ്റുകൾ ഹ്യുണ്ടായി വിറ്റപ്പോൾ ടാറ്റ മോട്ടോർസിന് 5,53,585 യൂണിറ്റുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 5,51,487 യൂണിറ്റുകളുമാണ് കഴിഞ്ഞ ഒരു വർഷം നിരത്തിലെത്തിച്ചത്. ഹ്യുണ്ടായിയുടെ അഭിപ്രായത്തിൽ ആഭ്യന്തര വിൽപ്പനയുടെ 68.5 ശതമാനവും സംഭാവന ചെയ്‌തത് എസ്‌യുവികളാണ്.
എക്‌സ്‌റ്റർ, വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ തുടങ്ങിയ എസ്‌യുവികളാണ് നിലവിൽ ഹ്യുണ്ടായിയുടേതായി പുറത്തിറക്കുന്നത്. ഇക്കൂട്ടത്തിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് ഭരിക്കുന്ന ക്രെറ്റ തന്നെയാണ് ഒന്നാമൻ. ആയിരം സ്കോർപിയോയ്ക്ക് അല്ലെങ്കിൽ മഹീന്ദ്രയുടെ എസ്‌യുവികൾക്ക് ഒരു ക്രെറ്റ മതിയെന്ന് ചുമ്മാ തട്ടിവിടാം. അത്തരത്തിൽ അതിശയിപ്പിക്കുന്ന വിൽപ്പനയാണ് ക്രെറ്റ നേടിയെടുക്കുന്നത്.

പുതിയ വേരിയന്റുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി ഹ്യുണ്ടായി 2025 മോഡൽ ക്രെറ്റയെയും പോയമാസം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എസ്‌യുവിക്കായി SX പ്രീമിയം EX (O) എന്നീ രണ്ട് വേരിയന്റുകൾ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. SX പ്രീമിയം വേരിയന്റില്‍ ഇപ്പോള്‍ വെന്റിലേറ്റഡ് ഫ്രണ്ട്-റോ സീറ്റുകള്‍, 8-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ബോസ് 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നീ സവിശേഷതകളും ലഭിക്കും.
കൂടുതല്‍ പ്രീമിയം അപ്പീല്‍ നല്‍കിക്കൊണ്ട് ഹ്യുണ്ടായി ലെതര്‍ സീറ്റുകളും പിന്‍നിര യാത്രക്കാരുടെ ലെഗ്റൂമിനായി സ്‌കൂപ്പ്-ഔട്ട് സീറ്റ്ബാക്കുകളും പുതിയ 2025 മോഡൽ ക്രെറ്റയിൽ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിഡ്-സൈസ് എസ്‌യുവിയുടെ EX (O) വേരിയന്റില്‍ EX വേരിയന്റിലുള്ള നിലവിലെ ഫീച്ചറുകൾ നിലനിര്‍ത്തിക്കൊണ്ട് പനോരമിക് സണ്‍റൂഫും എല്‍ഇഡി റീഡിംഗ് ലാമ്പുകളും ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

2025 ഏപ്രിൽ മുതൽ മോഡൽ നിരയിലാകെ വില വർധനവും ഹ്യുണ്ടായി നടപ്പിലാക്കിയിട്ടുണ്ട്. വാഹന നിരയിലുടനീളം 3 ശതമാനം വരെ വില വർധനവാണുണ്ടാവുക. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ, വർധിച്ചു വരുന്ന കമ്മോഡിറ്റി വിലകൾ, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുത്ത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന കാര്യവും ഹ്യുണ്ടായി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








