നോക്കിനിന്ന് ടാറ്റയും മഹീന്ദ്രയും... കഴിഞ്ഞ വർഷം ഹ്യുണ്ടായി വിറ്റത് 7.64 ലക്ഷം കാറുകൾ; മൈലേജായത് ക്രെറ്റ
വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കിയോട് (Maruti Suzuki) മത്സരിക്കാൻ ഒരാളുണ്ടെങ്കിൽ അത് നമ്മുടെ സ്വന്തം ഹ്യുണ്ടായിയാണ് (Hyundai). സാൻട്രോയിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇന്ന് കാശുണ്ടാക്കുന്നത് എസ്‌യുവി സെഗ്മെന്റിലൂടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വില കുറഞ്ഞ കാറുകൾ നോക്കി വാങ്ങുന്ന സ്വഭാവമെല്ലാം ഇന്ത്യക്കാർ പണ്ടേ ഉപേക്ഷിച്ചതിനാൽ വണ്ടിക്കമ്പനി മുതലാളിമാർക്ക് കോളടിച്ചിട്ടുണ്ട്. എന്തായാലും പോയ വർഷം ഹ്യുണ്ടായിക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന നേടിയ കലണ്ടർ വർഷമായിരുന്നു 2024.
തുടർച്ചയായി മൂന്ന് വർഷത്തെ റെക്കോർഡ് തകർത്തുകൊണ്ടാണ് 2024 കടന്നുപോയതെന്ന് ഹ്യുണ്ടായി പറയുന്നു. കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ മൊത്തം 7,64,119 കാറുകളാണ് വിറ്റഴിച്ചത്. ഇതിൽ 6,05,433 യൂണിറ്റുകൾ ഇന്ത്യയിൽ തന്നെ വിപണനം ചെയ്‌തപ്പോൾ ബാക്കിയുള്ളവ ഇവിടെ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണുണ്ടായതും.

2024 ഡിസംബർ മാസത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മൊത്തം 55,078 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. ഇതിൽ ഇന്ത്യയിൽ 42,208 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ 12,870 കാറുകൾ വിദേശത്തേക്ക് കയറ്റിയയക്കുകയും ചെയ്‌തു. 2023 ഡിസംബറിനെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ 1.3 ശതമാനം കുറവുണ്ടായപ്പോൾ കയറ്റുമതി രംഗത്ത് 6.1 ശതമാനത്തിന്റെ നഷ്‌ടക്കച്ചവടവുമുണ്ടായി.
എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ പോയ വർഷം റെക്കോർഡ് വിൽപ്പന നേടാനായത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ കാര്യമാണ്. എക്കാലത്തെയും മികച്ച വാർഷിക ആഭ്യന്തര വിൽപ്പന നേടി ക്രെറ്റയാണ് 2024-ൽ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വാഹനം. ആഭ്യന്തര വിപണിയിലെ വിൽപ്പനയുടെ 67.6 ശതമാനവും സംഭാവന ചെയ്‌തത് ഈ മിഡ്-സൈസ് എസ്‌യുവിയാണെന്ന് സാരം.

ക്രെറ്റയുടേയും അൽകസാറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇറങ്ങിയതും വിൽപ്പന കൂടാൻ സഹായിച്ചിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കമ്പനി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കും. ഹ്യുണ്ടായി അതിൻ്റെ ഹൈ-സിഎൻജി ഡ്യുവോ (ഡ്യുവൽ സിലിണ്ടർ സിഎൻജി) സാങ്കേതികവിദ്യ അവതരിപ്പിച്ച വർഷം കൂടിയായിരുന്നു കടന്നുപോയത്.
സിഎൻജി വാഹനങ്ങൾ ആഭ്യന്തര വിൽപ്പനയിൽ 13.1 ശതമാനം സംഭാവന നൽകിയെന്നും ഹ്യുണ്ടായി പറയുന്നു. 2023-ൽ സിഎൻജി വാഹനങ്ങളുടെ വിൽപ്പന വിഹിതം 10.40 ശതമാനമായിരുന്നു. നിലവിൽ എക്സ്റ്റർ മൈക്രോ എസ്‌യുവി, ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക്, ഓറ കോംപാക്‌ട് സെഡാൻ എന്നിവയിലാണ് കമ്പനി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നത്.

എന്തായാലും പോയ വർഷം വിൽപ്പനയുടെ കാര്യത്തിൽ പുതിയ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചത് ഹ്യുണ്ടായിക്ക് മൈലേജാവും. ക്രെറ്റയെ പോലെ തന്നെ പരിഷ്ക്കാരങ്ങൾ ലഭിച്ച അൽകസാർ കൂടി ക്ലിക്കായാൽ കമ്പനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. 6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് നിലവിൽ 14.99 ലക്ഷം രൂപ മുതൽ 21.55 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ജനുവരി മുതൽ വില വർധനവ് ബാധകമാവുമെന്നതിൽ ഈ വിലയിൽ മാറ്റവുമുണ്ടായേക്കാം കേട്ടോ. ഓരോ മോഡലിനും വില വർധനവ് വ്യത്യസ്‌ത തോതിലായിരിക്കും നടപ്പിലാക്കുക. എങ്കിലും പരമാവധി വർധനവ് 25,000 രൂപയ്ക്ക് മുകളിൽ പോവില്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. മെറ്റീരിയലുകളും ഘടകങ്ങളും ഉൾപ്പെടെ വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകളാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








