മഹീന്ദ്ര തട്ടിപ്പറിച്ച രണ്ടാംസ്ഥാനം തിരികെപിടിച്ച് കാശുണ്ടാക്കണം, കാറുകൾ വൻവിലക്കുറവിൽ വിറ്റഴിക്കാൻ ഹ്യുണ്ടായി
മാരുതി സുസുക്കി കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറെ അടുപ്പമുള്ള വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. പണ്ട് സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ വന്ന് രാജ്യം വെട്ടിപ്പിടിച്ച കമ്പനി ഇന്ന് ക്രെറ്റയും വെന്യുവും പോലുള്ള സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലൂടെയാണ് പണംവാരുന്നത്. ഒപ്പം പഴയ പടക്കുതിരകളായ i10, i120 മോഡലുകളും സാധാരണക്കാർക്കായി നിലകൊള്ളുന്നുമുണ്ട്. ഗ്രാൻഡ് i10 നിയോസ്, i20, ഓറ, വെർണ, എക്സ്റ്റർ, വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ, ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 ഇവി തുടങ്ങിയ മോഡലുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ആവനാഴിയിൽ ഇപ്പോഴുള്ളത്.
കഴിഞ്ഞ മാസം ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാണ കമ്പനിയെന്ന പദവി ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയോട് അടിയറവ് പറഞ്ഞ ഹ്യുണ്ടായി നഷ്‌ടപ്പെട്ട പദവി തിരിച്ചെടുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. അതിനായി മാർച്ചിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ മോഡൽ നിരയിൽ 55,000 രൂപ വരെയുള്ള ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

'ഹ്യുണ്ടായി സൂപ്പർ ഡിലൈറ്റ് മാർച്ച്' സെയിൽ പ്രമോഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ അവതരിപ്പിച്ചത്. ,ഗ്രാൻഡ് i10 നിയോസ്, എക്‌സ്റ്റർ, i20, വെന്യു എന്നീ നാല് മോഡലുകൾക്കാണ് ഡിസ്കൌണ്ടും ഓഫറുകളും അണിനിരത്തിയിരിക്കുന്നത്. അതേസമയം ജനപ്രിയ മോഡലുകളായ ക്രെറ്റ, അൽകസാർ തുടങ്ങിയവയ്ക്ക് ഈ മാസം ആനുകൂല്യങ്ങളൊന്നും കിട്ടില്ല കേട്ടോ.
വാഹന ഉടമസ്ഥതയുടെ സന്തോഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന ഈ സെയിൽസ് ക്യാമ്പയിൻ വൻഹിറ്റാവുമെന്നാണ് പ്രതീക്ഷ. സൂപ്പർ ഡിലൈറ്റ് മാർച്ച് ക്യാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഹ്യുണ്ടായി വെന്യുവിന് 55,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനെത്തുന്നവർക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.

ഗ്രാൻഡ് i10 നിയോസ് വാങ്ങാനാണ് പദ്ധതിയെങ്കിൽ 53,000 രൂപ വരെ ഓഫർ ലഭിക്കും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മൈക്രോ എസ്‌യുവിയായ എക്സ്റ്റർ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് 35,000 രൂപ വരെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. സൂപ്പർ ഡിലൈറ്റ് മാർച്ച് ഓഫറുകൾ 2025 മാർച്ച് 31 വരെ ഇന്ത്യയിലെ എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലും ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത.
ക്യാഷ്, എക്സ്ചേഞ്ച്, കോർപ്പറേറ്റ് ബെനഫിറ്റുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങൾ. തെരഞ്ഞെടുക്കുന്ന ഓരോ വേരിയന്റിനെയും അനുസരിച്ച് ഓഫർ വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ. കമ്പനിയുടെ കോംപാക്‌ട് എസ്‌യുവി മോഡലായ വെന്യുവിന് 7.94 ലക്ഷം മുതൽ 13.53 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം ഹ്യുണ്ടായി എക്സ്റ്ററിന് 6 ലക്ഷം മുതൽ 10.51 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഹ്യുണ്ടായി i20 പ്രീമിയം ഹാച്ചിന് 7.04 ലക്ഷം മുതൽ 11.25 ലക്ഷം രൂപ വരെയാണ് രാജ്യത്തെ വില വരുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് 5.98 ലക്ഷം രൂപയിൽ ആരംഭിച്ച് 8.62 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.
നൂതന സാങ്കേതികവിദ്യ, ഉന്നതതല സുരക്ഷാ സവിശേഷതകൾ, തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഹ്യുണ്ടായി വാഹനങ്ങൾ മെച്ചപ്പെട്ട ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തുടനീളമുള്ള 1,417 സെയിൽസ് ടച്ച്‌പോയിന്റുകളും 1,611 സർവീസ് ടച്ച്‌പോയിന്റുകളും അടങ്ങുന്ന ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ വിശാലമായ സർവീസ്, ഡീലർഷിപ്പ് ശൃംഖല ഇക്കാര്യം ഉറപ്പുവരുത്തുന്നുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








