എഞ്ചിൻ പഴയതാണേലും പെഫോമൻസ് പുതിയതായിരിക്കും; വെന്യുവിന്റെ ആ രഹസ്യവും വെളിപ്പെടുത്തി ഹ്യുണ്ടായി
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിനെ (Compact SUV Segment) ഇളക്കിമറിക്കാനായി എത്തുകയാണ് പുത്തൻ ഹ്യുണ്ടായി വെന്യു (New Gen Hyundai Venue). അഡാറ് ലുക്കും ഇതുവരെ കാണാത്തത്ര ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തുന്ന മോഡലിന്റെ ഔദ്യോഗിക അവതരണവും നവംബർ നാലിന് നടക്കും. ഇതിനോടകം പല കാര്യങ്ങളും വെളിപ്പെടുത്തിയ ന്യൂജെൻ പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങളുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പോൾ. ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ പഴയ വെന്യുവിലെ അതേ എഞ്ചിൻ തന്നെയാണ് പുതുതലമുറ ആവർത്തനത്തിലും ഹ്യുണ്ടായി (Hyundai) ഉപയോഗിച്ചിരിക്കുന്നത്.
എങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ പറയുന്നത് അനുസരിച്ച് 5 സീറ്റർ എസ്‌യുവിയുടെ എഞ്ചിനുകൾ മികച്ച റെസ്പോൺസിനും മികച്ച ഡ്രൈവബിലിറ്റിക്കും വേണ്ടി റീ-ട്യൂൺ ചെയ്‌തിരിക്കുന്നു എന്നാണ്. 1.2 ലിറ്റർ കാപ്പ MPi പെട്രോളാവും ബേസ് മോഡലുകളിൽ ഉണ്ടാവുക. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് GDi പെട്രോൾ എഞ്ചിനും ഹ്യുണ്ടായി വെന്യുവിലുണ്ടാവും. ശക്തമായ മിഡ്-റേഞ്ച് നൽകുന്ന ടർബോ യൂണിറ്റ് ഡ്രൈവിംഗ് പ്രേമികളെ വശത്താക്കും. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഐഡിൽ സ്റ്റോപ്പ്-ആൻഡ്-ഗോ സാങ്കേതികവിദ്യയുള്ള 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാവും ജോടിയാക്കുക.
ഡീസൽ വേണ്ടവരെ തൃപ്ത്തിപ്പെടുത്താനായി 1.5 ലിറ്റർ U2 CRDi എഞ്ചിനും ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിലുണ്ടാവും. മാനുവൽ ട്രാൻസ്മിഷനൊപ്പം ഇത്തവണ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യും. അങ്ങനെ ഡീസൽ ഓട്ടോമാറ്റിക് ലഭിക്കുന്ന സബ്-4 മീറ്റർ എസ്‌യുവിയായി ന്യൂജെൻ വെന്യു മാറും. ഇനി പെർഫോമൻസ് കണക്കുകളും ഒന്ന് വേഗത്തിൽ നോക്കിവെച്ചോളൂ.

1.2 ലിറ്റർ പെട്രോൾ 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്കും നിർമിക്കാൻ യോഗ്യമായിരിക്കും. അതേസമയം പുതുതലമുറയിലേക്ക് ചേക്കേറുന്ന ഹ്യുണ്ടായി വെന്യുവിലെ 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളും എസ്‌യുവിയുടെ ഭാഗമാവും.
സാന്റ്, മഡ്, സ്നോ എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും വാഹനത്തിലുണ്ടാവും. മറ്റൊരു പ്രധാന ആകർഷണം പാഡിൽ ഷിഫ്റ്ററുകളാണ്. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയന്റുകളിലാവും പുത്തൻ വെന്യു ലഭ്യമാവുക. HX എന്നാല്‍ ഹ്യുണ്ടായ് എക്‌സ്പീരിയന്‍സ് എന്നാണ് അര്‍ഥമാക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും പഴയതിലും കിടുവായിരിക്കും ആള് കേട്ടോ.
മൊത്തത്തിൽ 65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് പുതുതലമുറയെ പണിതിറക്കുന്നത്. അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും മോഡലിനുണ്ടാവും.
ഇതോടൊപ്പം 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, നാല് ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി എല്ലാ സീറ്റ് ബെൽറ്റുകൾക്കും റിമൈൻഡറുകള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ലെവൽ 2 ADAS എന്നിവയും വെന്യുവിന്റെ ഭാഗമാണ്. വാഹനങ്ങൾ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവർക്കായി ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഫങ്ഷനുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് എന്നിവയാവും ADAS ടെക്കിൽ വാഗ്ദാനം ചെയ്യുക.


Click it and Unblock the Notifications








