7.09 ലക്ഷത്തിന്റെ ഫാമിലി കാറിൽ ഫീച്ചറുകൾ കുത്തിനിറച്ച് ഹ്യുണ്ടായി, ഒപ്പം വെന്യുവും വെർണയും കളറായി!
ടാറ്റയും മഹീന്ദ്രയുമായുള്ള മത്സരം കൊഴുപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി (Hyundai). വിൽപ്പന കണക്കുകളിൽ കാര്യമായ വെല്ലുവിളിയാണ് രണ്ട് ഇന്ത്യൻ ബ്രാൻഡുകളിൽ നിന്നും നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപ്രിയമായ മൂന്ന് കാറുകളെ ഒരുമിച്ച് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി. വെർണ (Verna), വെന്യു (Venue), ഗ്രാൻഡ് i10 നിയോസ് (Grand i10 NIOS) എന്നിവയുടെ പുതിയ വേരിയന്റുകളാണ് പുതുവർഷം കളറാക്കാൻ എത്തിയിരിക്കുന്നത്. ഇതിന് പുറമെ മൂവരിലും പുതിയ ഫീച്ചറുകളും കൂട്ടിച്ചേർത്തതായി ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.
ആദ്യം ഹ്യുണ്ടായിയുടെ ടെക്കിയായ കോംപാക്‌ട് എസ്‌യുവിയുടെ പുത്തൻ മാറ്റങ്ങളിലേക്ക് വരാം. വെന്യു 1.2 ലിറ്റർ പെട്രോൾ SX എക്സിക്യൂട്ടീവ് മാനുവൽ എന്ന പുതുവേരിയന്റാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 10.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ വകഭേദം എല്ലാത്തരം ഫീച്ചറുകളും കുത്തിനിറച്ചാണ് എത്തിയിരിക്കുന്നതെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്‌മാർട്ട് കീ, ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ (FATC) തുടങ്ങിയ സവിശേഷതകളാണ് 1.2 ലിറ്റർ പെട്രോൾ SX എക്സിക്യൂട്ടീവ് മാനുവൽ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതിന്റെ അവതരണത്തോടൊപ്പം ഹ്യുണ്ടായി വെന്യുവിന്റെ മറ്റ് വേരിയന്റുകളിലും നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്താനും കമ്പനി തയാറായി.
കോംപാക്‌ട് എസ്‌യുവിയുടെ 1.2 ലിറ്റർ പെട്രോൾ നിരയിലെ S മാനുവൽ, S പ്ലസ് മാനുവൽ വേരിയന്റുകൾക്ക് ഇനി മുതൽ റിയർ ക്യാമറയും വയർലെസ് ചാർജറും കമ്പനി സമ്മാനിച്ചു. അതേസമയം വെന്യുവിന്റെ S(O) മാനുവൽ വേരിയൻ്റിൽ ഇപ്പോൾ പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള ഒരു സ്മാർട്ട് കീയും അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ നൈറ്റ് എഡിഷനിൽ വയർലെസ് ചാർജറും കമ്പനി ഒരുക്കിയിട്ടുണ്ട്. S(O)+ അഡ്വഞ്ചറിൽ പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വയർലെസ് ചാർജർ എന്നിവയുള്ള ഒരു സ്മാർട്ട് കീ ഫീച്ചറും ഇനി മുതൽ ലഭിക്കും.

ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ വെർണയ്ക്ക് 1.5 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ S (O) ഡിസിടി, 1.5 ലിറ്റർ പെട്രോൾ S iVT എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 13.62 ലക്ഷം, 15.27 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിന്റെ പുതിയ ടർബോ പെട്രോൾ മോഡൽ അടിപൊളി മോഡേൺ ഫീച്ചറുകൾ കോർത്തിണക്കിയാണ് വിപണിയിൽ എത്തുന്നത്.
അസെലക്‌ട്രിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ (FATC), വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഡൈനാമിക് ഗൈഡ് ലൈനോടുകൂടിയ റിയർ ക്യാമറ, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയെല്ലാമാണ് ഏറ്റവും പുതിയ ഹ്യുണ്ടായി വെർണ 1.5 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ S (O) ഡിസിടി വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
മറുവശത്ത് സി-സെഗ്മെന്റ് സെഡാന്റെ പുതിയ നോൺ ടർബോ പെട്രോൾ വേരിയന്റിൽ iVT ട്രാൻസ്മിഷൻ ഓപ്ഷൻ അവതരിപ്പിക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ 3 ഡ്രൈവ് മോഡുകൾ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതോടൊപ്പം നിലവിലുണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ S മാനുവൽ പതിപ്പിന് ബ്രാൻഡ് ഇലക്ട്രിക് സൺറൂഫും സമ്മാനിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ഗ്രാൻഡ് i10 നിയോസിലേക്ക് സ്പോർട്സ് (O) എന്ന പുതിയ വേരിയന്റാണ് ചേർത്തിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമായ മോഡലിനെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, സ്‌മാർട്ട് കീ പോലുള്ള ഫീച്ചറുകൾ കൊണ്ടാണ് കമ്പനി അലങ്കരിച്ചിരിക്കുന്നത്.

ഇതുകൂടാതെ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രോം ഡോർ ഹാൻഡിലുകൾ തുടങ്ങിയ ചില എക്സ്റ്റീരിയർ മോഡിഫിക്കേഷനുകളും 7.09 ലക്ഷം രൂപ വില വരുന്ന പുതിയ ഗ്രാൻഡ് i10 നിയോസ് സ്പോർട്സ് (O) വേരിയന്റിൽ വരുത്തിയിട്ടുണ്ട്. ഈ പുതിയ വേരിയൻ്റിന് പുറമേ ഹ്യുണ്ടായിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ കോർപ്പറേറ്റ് പതിപ്പിനെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ച് കമ്പനി നവീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








