ഈ വർഷം ഇൻക്രിമെന്റ് കൂടുതൽ ചോദിച്ചോ, 5-സ്റ്റാർ സേഫ്റ്റിയുള്ള ഹ്യുണ്ടായി കാർ വാങ്ങണേൽ കാശ് ഇനി അധികം വേണം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സേഫ്റ്റി നോക്കി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെയാണുണ്ടായിരിക്കുന്നത്. ടാറ്റയും (Tata Motors) മഹീന്ദ്രയുമെല്ലാം (Mahindra) ക്രാഷ് ടെസ്റ്റിലെ കേമത്തം പറഞ്ഞ് കച്ചോടംപിടിച്ചപ്പോൾ ഇതിനൊന്നും കാര്യമായ പരിഗണന കൊടുക്കാതിരുന്നവരായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും (Hyundai). എന്നാൽ പുതിയ വെർണ (Verna) പുറത്തിറക്കിയപ്പോൾ ഇടിപ്പരീക്ഷയിൽ ഫുൾ-മാർക്കും വാങ്ങിയായിരുന്നു കൊണ്ടുവന്നത്. ഒപ്പം നല്ല കിടിലൻ ഡിസൈനും ഫീച്ചറുകളുടെ ആറാട്ടും കൂടിയായപ്പോൾ ആളുകൾ ഇരുകൈയും നീട്ടിയാണ് വാഹനത്തെ സ്വീകരിച്ചത്.
ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കിടിലൻ എസ്‌യുവികൾ അരങ്ങുവാഴുന്ന വില നിലവാരത്തിൽ വന്നതുകൊണ്ട് ചെറിയ ക്ഷീണം വിൽപ്പനയിൽ നിഴലിച്ചുവെങ്കിലും സെഡാനുകളെ പ്രേമിക്കുന്നവരുടെ ഇഷ്‌ട വാഹനമായി വെർണ ഇപ്പോഴും കച്ചോടം പിടിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ വെർണയുടെ വിലയിൽ വർധനവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ക്രെറ്റ, അൽകസാർ, ട്യൂസോൺ, ഓറ തുടങ്ങിയ മോഡലുകൾക്ക് പിന്നാലെയാണ് വെർണയ്ക്കും 7,000 രൂപ വില ഉയർത്തിയിരിക്കുന്നത്. എല്ലാ വേരിയന്റിലും യൂണിഫോം പരിഷ്ക്കാരമാണ് നടപ്പിലാക്കിയത്. ഇത് പ്രകാരം പുതിയ മിഡ്-സൈസ് സെഡാന് ഇപ്പോൾ 11.07 ലക്ഷം രൂപ മുതൽ 17.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതൊഴികെ കാറിൽ മറ്റ് മാറ്റങ്ങളോ നവീകരണങ്ങളോ ഒന്നും തന്നെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വരുത്തിയിട്ടില്ല.
ആമസോൺ ഗ്രേ, ടൈറ്റൻ ഗ്രേ, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, ടെല്ലൂറിയൻ ബ്രൗൺ, അറ്റ്ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിൽ ഏറ്റവും പുതിയ ഹ്യുണ്ടായി വെർണ സ്വന്തമാക്കാനാവും. ഗംഭീര യാത്രാ സുഖവും 5-സ്റ്റാർ സേഫ്റ്റിയുമാണ് ക്രെറ്റയിൽ നിന്നും പ്രീമിയം സെഡാനെ വേറിട്ടുനിർത്തുന്നത്.

EX, S, SX, SX (O) എന്നീ നാല് വേരിയൻ്റുകളിലാണ് ഹ്യുണ്ടായിയുടെ സി-സെഗ്മെന്റ് സെഡാൻ വിപണിയിൽ എത്തുന്നത്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസ്യൂസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ വെർണ പണികഴിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് മുകളിൽ ബോണറ്റിന് കുറുകെ നീളുന്ന മെലിഞ്ഞ എൽഇഡി സ്ട്രിപ്പാണ് മുൻവശത്തെ പ്രധാന ഹൈലൈറ്റ്.
ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള പിൻഭാഗത്തേക്ക് ചെരിഞ്ഞിറങ്ങുന്ന പിൻവശവും നല്ല ഡിസൈനിലുള്ള അലോയ് വീലുകളും വശക്കാഴ്ച്ചയെ വർണാഭമാക്കുമ്പോൾ പിന്നിലെ ടെയിൽ ലാമ്പുകൾക്കായി കൊടുത്തിരിക്കുന്ന എൽഇഡി ലൈറ്റ് ബാറാണ് അടിപൊളിയാക്കുന്നത്. അങ്ങനെ മൊത്തത്തിൽ ഒരു പ്രീമിയം കാർ സ്റ്റൈൽ പിടിക്കാൻ വെർണയ്ക്ക് സാധിച്ചിട്ടുണ്ട്. അകത്തേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് വെൻ്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 8 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ലെവൽ-2 ADAS സിസ്റ്റം എന്നിവയാണ് ഹ്യുണ്ടായി വെർണയിലെ പ്രധാന ഫീച്ചറുകൾ.
ജനപ്രിയനായ ക്രെറ്റ എസ്‌യുവിയിലെ അതേ എഞ്ചിൻ, പെർഫോമൻസ് ഓപ്ഷൻ തന്നെയാണ് വെർണ സമ്മാനിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഹൃദയവുമായാണ് ഹ്യുണ്ടായി വെർണ തുടർന്നും വാങ്ങാനാവുന്നത്. സെഡാന്റെ NA പെട്രോൾ യൂണിറ്റിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ വികസിപ്പിക്കാനാവും.
അതേസമയം കാറിലെ ഡീസൽ എഞ്ചിന് 115 bhp പവറിൽ 250 Nm torque നിർമിക്കാനും കഴിയുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ടർബോ വേരിയന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 160 bhp കരുത്തിൽ 253 Nm torque ആയിരിക്കും ലഭിക്കുക. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടെ വൈവിധ്യമാർന്ന മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഹ്യുണ്ടായി വെർണ പ്രീമിയം സെഡാൻ ലഭ്യമാണ്.


Click it and Unblock the Notifications








