5-സ്റ്റാർ സേഫ്റ്റി, അന്യായ റീസെയിൽ വാല്യു! എന്നിട്ടും പോയമാസം വിൽപ്പന ആയിരത്തിൽ താഴെ; കാർ ഏതാണെന്ന് മനസിലായോ
കാലങ്ങളായി ഇന്ത്യക്കാർക്ക് പരിചിതമായ ഹ്യുണ്ടായിയുടെ കാറാണ് വെർണ. പല തലമുറ മാറ്റങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ സി-സെഗ്മെന്റ് സെഡാന് കഴിഞ്ഞിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ വമ്പൻമാരോടെല്ലാം ഏറ്റമുട്ടാൻ എല്ലാത്തരം കഴിവുകളുമുള്ള മോഡൽ കൂടിയാണിത്. ക്രെറ്റ എസ്‌യുവിയുടെ സെഡാൻ പതിപ്പാണ് ഇപ്പോൾ വെർണയെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഒരേ വില നിലവാരത്തിൽ സമാനമായ ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനും എല്ലാമാണ് വെർണ നൽകുന്നത്. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യുവുള്ള മോഡൽ കൂടിയാണിത് എന്നതും ഞെട്ടിക്കുന്നതാണ്.
ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യുവുള്ള കാർ ഹ്യുണ്ടായി വെർണയാണെന്നാണ് സ്പിന്നി നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയത്. പക്ഷേ ഇത്രയും കിടിലനായിട്ടും വിൽപ്പനയുടെ കാര്യത്തിൽ മോഡലിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്നതാണ് സത്യം. 2024 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ ഹ്യുണ്ടായി പുറത്തുവിട്ടപ്പോഴും വെർണയുടെ നമ്പർ കണ്ട് പലരും ഞെട്ടിയിട്ടുണ്ടാവാം.

പോയമാസം മിഡ്-സൈസ് സെഡാന്റെ വെറും 826 യൂണിറ്റുകൾ മാത്രമേ ഹ്യുണ്ടായിക്ക് വിറ്റഴിക്കാനായിട്ടുള്ളൂ. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ1,420 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഏകദേശം 42 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി മുതൽ ഹ്യുണ്ടായി വെർണയുടെ വിൽപ്പന തുടർച്ചയായി ഇടിഞ്ഞുവരികയാണ്. ഫെബ്രുവരിയിൽ 1,207 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ, മാർച്ചിൽ വിൽപ്പന നേരിയ തോതിൽ വർധിച്ച് 1,364 യൂണിറ്റായി.
എന്നാൽ അതിനുശേഷം നഷ്‌ടം കാര്യമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ 1,005 യൂണിറ്റായും മെയ് മാസത്തിൽ 930 യൂണിറ്റായും ജൂണിൽ 813 യൂണിറ്റായും ജൂലൈയിൽ 826 യൂണിറ്റായും വെർണയുടെ വിൽപ്പന കുറഞ്ഞു, നേരിയ പുരോഗതി. അതായത്, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാറിന്റെ വിൽപ്പന ദുർബലമാണെന്നും എസ്‌യുവി വിഭാഗത്തിന്റെ വർധിച്ചുവരുന്ന ഡിമാൻഡ് ഈ സെഡാന്റെ ജനപ്രീതിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാണ്.

സെഡാനുകൾക്ക് പകരം ആളുകൾ ഇപ്പോൾ കൂടുതൽ സ്പേസും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉള്ള എസ്‌യുവികളാണ് ഇഷ്ടപ്പെടുന്നത് എന്നത് വ്യക്തമാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ഹ്യുണ്ടായി കാറാണ് വെർണ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മിഡ്-സൈസ് സെഡാന് ഇപ്പോൾ 11.07 ലക്ഷം രൂപ മുതൽ 17.55 ലക്ഷം രൂപ വരെയാണ് രാജ്യത്ത് എക്സ്ഷോറൂം വില വരുന്നത്.
EX, S, SX, SX (O) എന്നീ നാല് വേരിയൻ്റുകളിലാണ് ഹ്യുണ്ടായി വെർണ വിപണിയിൽ എത്തുന്നതും. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസ്യൂസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് കാറിന്റെ പുതുമോഡൽ പണിതിറക്കിയിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ എൽഇഡി ഡിആർഎൽ, ഫാസ്റ്റ്ബാക്ക് സ്റ്റൈൽ, കിടിലൻ അലോയ് വീലുകൾ, കണറ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണെന്ന് പറയാം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് വെൻ്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 8 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ലെവൽ-2 ADAS സിസ്റ്റം തുടങ്ങിയ മോഡേൺ ഫീച്ചറുകളാണ് ഹ്യുണ്ടായി വെർണയിൽ ഒരുക്കിയിട്ടുള്ളത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെർണ വാങ്ങാനാവുക. അതായത് ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ എഞ്ചിൻ തരങ്ങൾ അവതരിപ്പിച്ചിരിക്കുന്ന മോഡലാണിതെന്ന് ചുരുക്കം. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ വെർണയുടെ NA പെട്രോൾ യൂണിറ്റിന് 115 bhp പവറിൽ 144 Nm torque വരെ നൽകാനാവും.
അതേസമയം സെഡാന്റെ ഡീസൽ എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 250 Nm torque ഉത്പാദിപ്പിക്കാനും സാധിക്കും. ടർബോ എഞ്ചിൻ ഓപ്ഷൻ വാങ്ങുന്നവർക്ക് 160 bhp പവറിൽ 253 Nm torque വരെയാണ് ലഭിക്കുക. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടെ വൈവിധ്യമാർന്ന മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഹ്യുണ്ടായി വെർണ പ്രീമിയം സെഡാൻ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








