വണ്ടിയിൽ ദേശീയ പതാക വയ്ക്കാറുണ്ടോ? എങ്കിൽ ജയിൽ വാസത്തിന് റെഡിയായിക്കോ! നിയമം അറിയില്ലേൽ പഠിക്കണം സാറേ
sഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം (Independence Day 2025) ആഘോഷിക്കുകയാണ് നമ്മുടെ രാജ്യം ഇന്ന്. ത്രിവർണ്ണ പതാക ഉയർത്തിയും, ദേശഭക്തി ഗാനങ്ങൾ ആലപിച്ചും, രക്തസാക്ഷികളെ അനുസ്മരിച്ചും നാം ഈയൊരു പ്രത്യേക ദിനം പതിവായി ആഘോഷിക്കാറുള്ളതാണ്. 1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും സ്വാതന്ത്ര്യദിനം രാജ്യമെമ്പാടും ആഘോഷിക്കുന്നത്. എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് പറയേണ്ടതില്ലല്ലോ. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പലരും തങ്ങളുടെ വാഹനങ്ങളിൽ ദേശീയ പതാക വയ്ക്കാറുണ്ട്.
പ്രത്യേകിച്ച് ബസിലും കാറുകളിലുമെല്ലാം ഈയൊരു ട്രെൻഡ് എല്ലാ സ്വാതന്ത്ര്യദിനത്തിലും നമ്മൾ കാണാറുള്ളതാണ്. ഇതൊരു കുറ്റകൃത്യമാണെന്ന് പറഞ്ഞാൽ നിങ്ങളാരെങ്കിലും വിശ്വസിക്കുമോ? സംഭവം സത്യമാണ്, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാത്തവർക്കായി പറഞ്ഞുതരാം.പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലുകളോടെ മറ്റൊരു സ്വാതന്ത്ര്യദിനം കൂടിയെത്തുമ്പോൾ ഇനിയെങ്കിലും ഈയൊരു തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം.

നാടിനോടുള്ള ആദരവ് പ്രകടമാക്കുന്നതിനായാണ് പലരും ഈ ദിവസം അടുക്കുമ്പോൾ തങ്ങളുടെ വാഹനങ്ങളിൽ ദേശീയ പതാക വെക്കാറുള്ളത്. പണ്ട് കുട്ടിക്കാലത്ത് സൈക്കിളിൽ പോലും നാമെല്ലാവരും ദേശീയപതാക വെച്ചുപിടിപ്പിച്ചിട്ടുണ്ടാവും. 2002 ലെ ഇന്ത്യൻ പതാക നിയമത്തിലെ ഖണ്ഡിക 3.44 പ്രകാരം മോട്ടോർ വാഹനങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം ഇനിപറയുന്ന വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർക്ക് വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കാം. ഇവരെ കൂടാതെ സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർമാർ, ലോക്‌സഭയുടെയും രാജ്യസഭയുടെയും ചെയർമാൻമാർ, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാർ തുടങ്ങിയവർക്കും വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കാൻ കഴിയും.

മറ്റാരും വാഹനങ്ങളിൽ നേരിട്ട് ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കരുതെന്ന് നിയമം അനുശാസിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനും കൈകളിൽ പതാക വഹിക്കാനും അനുവാദമുണ്ട്. എന്നാൽ വാഹനങ്ങളുടെ ഹുഡ്, റൂഫ്, വശങ്ങൾ, പിൻഭാഗം, കാറിന്റെ ഗ്ലാസ് ഭാഗങ്ങൾ, ട്രെയിൻ, ബോട്ട് മുതലായവയിൽ ദേശീയ പതാക സ്റ്റിക്കറായി പോലും ഉപയോഗിക്കരുതെന്ന് നിയമം പറയുന്നു.
ഇന്ത്യക്കാരനായതിൽ അഭിമാനം പ്രകടിപ്പിക്കുന്നതിനായി പലരും കാറുകളിലും മറ്റ് വാഹനങ്ങളിലുമെല്ലാം പലവിധത്തിൽ ദേശീയ പതാക ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുന്നതായിട്ടാണ് നിയമം ഇതിനെ കണക്കാക്കുന്നത്. നിങ്ങളുടെ വാഹനത്തിൽ ഈ രീതിയിൽ ദേശീയ പതാക ഉപയോഗിച്ചാൽ ജയിൽ വാസത്തിന് വരെ വകുപ്പുണ്ട്. ഇതൊരു കുറ്റകൃത്യമാണെന്ന കാര്യം ഇനിയെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാണ്.
ഇന്ത്യയുടെ ദേശീയ പതാക ഒരു പവിത്രമായ പ്രതീകമാണ്. ആയതിനാൽ ഇതിന്റെ കാര്യത്തിൽ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. നമ്മളെല്ലാവരും അവ കൃത്യമായി പാലിക്കുകയും ദേശീയ പതാക ഉപയോഗിക്കുകയും വേണം. അല്ലാത്തപക്ഷം, അത് നിയമലംഘനമാവുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം. അതിനാൽ വാഹനങ്ങളിൽ ഈ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണം.
എല്ലാ വർഷവും സർക്കാർ ഇതിനെക്കുറിച്ച് അവബോധം വളർത്തുന്നുണ്ട്. അതിനാൽ, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുകയും ദേശീയ പതാക ഉപയോഗിച്ച് വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കുകയും വേണം. ഈ രീതിയിൽ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കൽ വേണമോയെന്ന് ഇനിയും ആലോചിക്കണേ. ഇത്തവണ ഈ തെറ്റ് ആവർത്തിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇത് നീക്കം ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








